»   » മഞ്ജു വാര്യര്‍ വീണ്ടും ചിലങ്കയണിയുന്നു

മഞ്ജു വാര്യര്‍ വീണ്ടും ചിലങ്കയണിയുന്നു

Posted By:
Subscribe to Filmibeat Malayalam
 Manju Warrier
യുവജനോല്‍സവവേദിയില്‍ നിന്നും കലാതിലകം ചൂടി മലയാളസിനിമയുടെ അഭിനയതിലകമായിമാറിയ മഞ്ജു വാര്യര്‍ വീണ്ടും ചിലങ്കയണിയുകയാണ്. മത്സരത്തിനുവേണ്ടിയോ സ്‌റ്റേജ് പെര്‍ഫോമന്‍സിനുവേണ്ടിയോ അല്ല നൃത്തപഠനത്തിനുവേണ്ടിയാണ്.

കുച്ചിപ്പുഡിയുടെ പര്യായമായ ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ ശിഷ്യ ഗീത പത്മകുമാറാണ് മഞ്ജുവിന്റെ ഗുരുവേഷത്തില്‍. എറണാകുളത്തുവെച്ചാണ് മഞ്ജു നൃത്തഅഭ്യസനത്തിന്റെ തുടര്‍പാഠങ്ങള്‍ക്ക് ഒരുങ്ങുന്നത്. തൃശൂര്‍ കോട്ടപ്പുറത്ത് ഗീത പത്മകുമാറിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പാദം സ്‌ക്കൂള്‍ ഓഫ് കുച്ചിപുഡി എന്ന ഡാന്‍സ് സ്‌ക്കൂളിന്റെ ഉദ്ഘാടന ചടങ്ങിലെ വിശിഷ്ടാതിഥിയും മഞ്ജുവാര്യര്‍ തന്നെ.

ശോഭയ്ക്കും ശോഭനയ്ക്കും ശേഷം മലയാളസിനിമയില്‍ തിളങ്ങിയിരുന്ന മഞ്ജുവിന്റെ അഭിനയമികവിന് കൂട്ടിരിക്കാന്‍ കഥാപാത്രങ്ങള്‍ ഏറെയുണ്ട്. സല്ലാപത്തിലൂടെ അരങ്ങേറ്റം കുറിച്ച മഞ്ജു കുറഞ്ഞകാലം കൊണ്ടാണ് മലയാളത്തിന്റെ അഭിമാനമായിമാറിയത്.

സ്ത്രീ കഥാപാത്രങ്ങളുടെ പ്രസക്തി എന്താണ് എന്ന് അടയാളപ്പെടുത്തിയ വേഷങ്ങള്‍ പ്രേക്ഷക മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നവയാണ്. കന്മദം, ആറാംതമ്പുരാന്‍, പത്രം, തൂവല്‍കൊട്ടാരം, പ്രണയവര്‍ണ്ണങ്ങള്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, സമ്മര്‍ ഇന്‍ ബത്‌ലഹേം തുടങ്ങി ഓരോ സിനിമയും മഞ്ജുവിന്റെ കീരീടത്തിലെ തൂവലുകളാണ്.

ഏറ്റവും തിരക്കുള്ള നടിയായിരിക്കുമ്പോഴാണ് പ്രഥമസിനിമയിലെ നായകനായ ദിലീപിന്റെ ജീവിതത്തിലെ നായികയായി മഞ്ജു സ്വകാര്യജീവിതത്തിലേക്ക് മടങ്ങിയത്. മഞ്ജുവിന്റെ വിവാഹജീവിതം മലയാളസിനിമയ്ക്കു സമ്മാനിച്ചത് വലിയ നഷ്ടം തന്നെയായിരുന്നു.

പലതവണ പ്രതീക്ഷകള്‍ ഉണര്‍ത്തികൊണ്ട് മഞ്ജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് കേട്ടെങ്കിലും അതുണ്ടായില്ല, ഇനി ഒട്ടും പ്രതീക്ഷിക്കാനും വയ്യ. എന്നാല്‍ കൈവിട്ടുതുടങ്ങിയ നൃത്തത്തെ തിരിച്ചു പിടിക്കാനുള്ള ഈ കലാകാരിയുടെ ശ്രമങ്ങള്‍ പുതിയ പ്രതീക്ഷകള്‍ മ്മാനിക്കുന്നുണ്ട്.

നൃത്തവേദിയില്‍ ഇനിയുള്ള കാലം മഞ്ജുവാര്യരെ പ്രതീക്ഷിക്കാം. വീടിനുള്ളില്‍ ഒതുങ്ങി പോയ ഈ അതുല്യ കലാകാരിയ്ക്ക് തന്റെ ക്രിയേറ്റിവിറ്റിയെ പുറത്തെടുക്കാന്‍ നൃത്തത്തിലൂടെ സാധിക്കും. മകള്‍ മീനാക്ഷി കുഞ്ഞുനാളിലെ നൃത്തം അഭ്യസിക്കുന്നുണ്ട്..

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam