»   » ഫോര്‍ട്ട് കൊച്ചിക്കാരന്‍ ഹൈദറും അബുവില്‍ ഭദ്രം

ഫോര്‍ട്ട് കൊച്ചിക്കാരന്‍ ഹൈദറും അബുവില്‍ ഭദ്രം

Posted By:
Subscribe to Filmibeat Malayalam

ഒരു നല്ല സംവിധായകന്‍ നല്ല തിരക്കഥാകൃത്തും അഭിനേതാവും എഡിറ്ററും കൂടിയാവണമെന്ന് പറയാറുണ്ട്. അതിനൊരു ഉദാഹരണമാണ് ആഷിക് അബു.

കല, കച്ചവടം, ട്രെന്‍ഡ്, വിനോദം, വിഷയ വൈവിധ്യം ഇങ്ങനെ വ്യത്യസ്ത അഭിരുചികളുടെ സമ്മിശ്രമായ മേളനം കൊണ്ട് ചെയ്ത സിനിമകളെല്ലാം ശ്രദ്ധേയമാക്കിയ ആഷിഖ് അബു ഹൈദറായി അന്നയും റസൂലിലും പ്രത്യക്ഷപ്പെടുമ്പോള്‍ ആ വേഷപകര്‍ച്ചയില്‍ ഒട്ടും അതിഭാവുകത്വമില്ല എന്ന് മാത്രമല്ല മിതത്വം പാലിച്ച ഒരു അഭിനേതാവിന്റെ പിറവി കാണുകയും ചെയ്യുന്നു.

അഭിനയം പറഞ്ഞു കൊടുക്കുന്നതില്‍ നല്ല പ്രാവീണ്യമുള്ള ഒട്ടേറെ സംവിധായകര്‍ നമുക്കുണ്ട്. ഫാസിലിനെപോലെ പുതിയ തലമുറയിലെ വൈശാഖിനെപോലെ പലരും. ആക്ഷനും കട്ടിനുമിടയില്‍ അഭിനയിച്ചു ഫലിപ്പിക്കുന്ന സംവിധായകനടന്‍മാര്‍ വളരെ അപൂര്‍വ്വമാണ്.

ആഷിഖ് അബു തന്റെ ഹൈദര്‍ എന്ന സാധാരണക്കാരനായ ജങ്കര്‍ തൊഴിലാളിയെ എളുപ്പത്തില്‍ വഴങ്ങുന്ന ഒന്നാണെന്ന് തെളിയിച്ചുകൊണ്ട് അഭിനയസാദ്ധ്യത വിളംബരം ചെയ്യുന്ന മുഖവും ശരീരവും പ്രേക്ഷകസമക്ഷം സമര്‍പ്പിച്ചിരിക്കയാണ് രാജീവ് രവി ചിത്രത്തിലൂടെ.

സിനിമ എന്ന മീഡിയത്തിന്റെ ശക്തിയും സൌന്ദര്യവും സ്വാധീനവും കൃത്യമായി മനസ്സിലാക്കിയ ആഷിഖ് അബു പിന്നിട്ട ചിത്രങ്ങളിലൂടെ മലയാളത്തിലെ പ്രമുഖസംവിധായകരുടെ ഇടയില്‍ ഇതിനകം സ്ഥാനം പിടിച്ചു കഴിഞ്ഞു.

ഡാഡികൂള്‍ എന്ന ചിത്രം വീണ്ടും വീണ്ടും കാണുമ്പോഴും പ്രസരിപ്പ് തോന്നുന്ന എന്തോ അടക്കം ചെയ്തതായി തോന്നുമ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ചെറിയ ഒരു ഉള്ളടക്കത്തെ മനോഹരമായി ഫ്രെയിം ചെയ്തു വെച്ച അനുഭവം നല്കുന്നു. 22 ഫീമെയില്‍ കോട്ടയം ശക്തമായ ചില അടയാളപ്പെടുത്തലാകുമ്പോള്‍ ടാ തടിയാ വിനോദത്തിന്റെ രസകരമായ വിലയിരുത്തലിന് അടിവരയിടുന്നു.

പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് സൂക്ഷമമായി സിനിമയെ വിലയിരുത്തുന്ന ആഷിഖ് അബു ഉത്തരവാദിത്വമുള്ള ഒരു സംവിധായകനായി മാറുകയാണ്. പ്രേക്ഷകരോടും നിര്‍മ്മാതാവിനോടും മലയാളസിനിമയോടും തന്നെ. ന്യൂ ജനറേഷന്റെ ദുഷ്‌പേരുകള്‍ തന്നില്‍ നിക്ഷേപിക്കപ്പെടുമ്പോഴും അതിനെ കൃത്യമായി മാറ്റി നിര്‍ത്തികൊണ്ട് എല്ലാ അര്‍ത്ഥത്തിലും നല്ല സിനിമയിലേക്കുതന്നെ ശ്രദ്ധാലുവാകുന്നു. ഇതാ ഇപ്പോള്‍ ഇരുത്തം വന്ന നടനുമാണെന്ന് തെളിയിച്ചിരിക്കുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam