»   » ഗ്യാരണ്ടിയില്ലാതാവുന്ന താരങ്ങള്‍

ഗ്യാരണ്ടിയില്ലാതാവുന്ന താരങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ഏറ്റവും ഗ്യാരണ്ടിയുള്ള വിജയശില്പികള്‍? ഇന്നോളം പ്രകടമായി ആര്‍ക്കും പറയാന്‍ സാധിക്കാത്ത കാര്യം. എന്നാല്‍ ചെറുതും വലുതുമായ താരങ്ങള്‍, സ്ത്രീ നായകത്വമുള്ള കഥാപാത്രങ്ങള്‍, ബാലതാരങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ തുടങ്ങിയവയൊക്കെ പ്രതീക്ഷിക്കാത്തവിധം വിജയം കണ്ടിട്ടുണ്ട്. എന്നിരുന്നാലും നിരന്തരം നമ്മള്‍ വിജയശില്പികളായി അംഗീകരിച്ചും ആദരിച്ചും വരുന്നത് സൂപ്പര്‍താരങ്ങളെ മാത്രമാണ്.

അപൂര്‍വ്വമായി സംവിധായകരേയും എഴുത്തുകാരേയും നമ്മള്‍ സിംഹാസനത്തിലേറ്റാറുമുണ്ട്. വര്‍ഷങ്ങളായി സിനിമയില്‍ അതിസാഹസികമായി നില നിന്നതിലൂടെയാണ് സൂപ്പറുകള്‍ ഈ അംഗീകാരങ്ങള്‍ക്ക് അര്‍ഹത നേടിയത് എന്നത് സത്യമാണ്. വഴിയില്‍ കൊഴിഞ്ഞുപോയ പ്രതാപം നഷ്ടപ്പെട്ട എത്രയോ താര കാഴ്ചകള്‍ നമ്മള്‍ പിന്നിട്ടുണ്ട്.

ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും ചെയ്യുന്ന താരങ്ങളെ നമ്മള്‍ ആഹ്ലാദത്തോടെ ഇങ്ങനെയൊരാളുണ്ടല്ലോ എന്നു തിരിച്ചറിയുന്നുമുണ്ട്. നഖക്ഷതങ്ങളിലൂടെ നായകനായി വന്ന വിനീത് ഒരു വാഗ്ദാനമാണ്. അരികെ എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ വിനീതിനെ സിനിമ വേണ്ടവിധം തിരിച്ചറിയുന്നില്ല.

നല്ല നടന്‍, നര്‍ത്തകന്‍, വിജയസിനിമകള്‍ക്കു നായകത്വം വഹിച്ചയാള്‍ തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലും വേഷമിട്ടയാള്‍, എന്നിട്ടും മലയാളത്തില്‍ വിനീതിന് മിനിമം ഗ്യാരണ്ടിയില്ല. മലയാള സിനിമയില്‍ വിനീത് 25 വര്‍ഷം പിന്നിട്ടു എന്ന കാര്യം കൂടി ഓര്‍ക്കണം. ക്യോം എന്ന ഹിന്ദി ചിത്രത്തിന്റെ ഹിജഡവേഷവും വിനീതിന്റെ മികച്ച കഥാപാത്രമാണ്. വിദേശ മേളകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം പക്ഷേ ഇവിടെ മല്‍സരിക്കാനെത്തിയില്ല എന്നതും വിനീതിന് തിരിച്ചടിയായി.

ചില അംഗീകാരങ്ങളാണ് ചിലരെ തിരിച്ചുവരവിന് ശക്തരാക്കുന്നത്. ബിജുമേനോന് മേരിക്കുണ്ടൊരു കുഞ്ഞാട് നല്കിയ ബ്രേക്ക് പോലെ ബാബുരാജിന് സാള്‍ട്ട്ആന്റ്‌പെപ്പര്‍ നല്കിയ ട്വിസ്റ്റ് പോലെ, ചില ടേണിംങ് പോയിന്റുകള്‍ പുതിയ ഗാഥകള്‍ തീര്‍ക്കും. വിനീതിന്റെ കരിയറില്‍ ആ ഒരു ഘട്ടമാണ് ശരിക്കും അരികെയ്ക്കും ക്യൂനിനും ശേഷം വരേണ്ടിയിരുന്നത്.

അവസരങ്ങള്‍ അന്വേഷിച്ചു പോവാതിരിക്കുകയും വിവാദങ്ങള്‍ക്കോ ഗോസിപ്പുകള്‍ക്കോ ഇടം കൊടുക്കാതിരിക്കുകയും ചെയ്യുന്നു എന്നതുകൊണ്ട് മാത്രം വിനീത് സിനിമയില്‍ സജീവമാകാതിരിക്കുന്നു എന്നു പറയേണ്ടി വരുന്നു. മികച്ച കഥാപാത്രങ്ങള്‍ വിജയിപ്പിക്കാനുള്ള അനുഭവസമ്പത്തും കഴിവും വിനീതിനുണ്ട്.

അഭിനയിക്കാന്‍ അവസരം കുറയുന്നുവെന്നതിന്റെ പേരില്‍ വിനീത് മൂലയില്‍ പൊടി പിടിച്ചു കിടക്കുന്നില്ല. ഭരതനാട്യത്തില്‍ പോസ്റ്റ് ഗ്രാജ്വേററ് ചെയ്ത് വളരെ സജീവമായി തന്നെ നിലയുറപ്പിച്ച് നില്‍പുണ്ട്. കഥകളിയുമായി ബന്ധപ്പെട്ട കഥാപാത്രമാണ് ഏറ്റവും പുതിയ സിനിമയില്‍.കഥകളും കഥാപാത്രങ്ങളും താരങ്ങളും അണിയറക്കാരും മാറി മാറിവരും നിശബ്ദരായിരിക്കുന്ന ചില മിന്നും താരങ്ങള്‍ ഇവിടെ ഇരിപ്പുണ്ട് എന്ന് ഈ മാറ്റങ്ങള്‍ക്കിടയിലും സിനിമ തിരിച്ചറിയേണ്ടതുണ്ട്. യഥാര്‍ത്ഥ കലാകാരനെ തുരുമ്പെടുക്കാന്‍ അനുവദിക്കരുത്‌

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam