twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബെഞ്ചില്‍ നിന്ന് താഴെ വീണാണ് സാജന്‍ അന്തരിച്ചത്; അത്ഭുതദ്വീപില്‍ അഭിനയിച്ച കൊച്ചു മനുഷ്യരെ കുറിച്ച് വിനയന്‍

    |

    വിനയന്റെ സംവിധാനത്തില്‍ 2005 ല്‍ റിലീസിനെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അത്ഭുതദ്വീപ്. ഗിന്നസ് പക്രു, പൃഥ്വിരാജ് തുടങ്ങിയവര്‍ നായകന്മാരായിട്ടെത്തിയ ചിത്രത്തില്‍ പൊക്കം കുറഞ്ഞ നിരവധി പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്. സിനിമയിലൂടെ ശ്രദ്ധേയനായ സാജന്‍ സാഗരയുടെ ഓര്‍മ്മ ദിനമാണിന്ന്. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പരിശീലനത്തിനിടയില്‍ ബെഞ്ചില്‍ നിന്ന് താഴെ വീണാണ് സാജന്‍ അന്തരിച്ചത്. താന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തി കൊടുത്ത സാജനെ കുറിച്ചും അത്ഭുതദീപിനെ കുറിച്ചും സംസാരിച്ച് എത്തിയിരിക്കുകയാണ് വിനയനിപ്പോള്‍.

    സാജന്‍ സാഗര അന്തരിച്ചിട്ട് ഇന്നു 16 വര്‍ഷം

    ''വലിയ കൊച്ചു മനുഷ്യരെ സ്മരിക്കുമ്പോള്‍.. 'അത്ഭുതദ്വീപ്' എന്ന സിനിമയില്‍ കൊട്ടാരം ചമയക്കാരനായി ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്ത സാജന്‍ സാഗര അന്തരിച്ചിട്ട് ഇന്നു 16 വര്‍ഷം തികയുകയാണ്. 2005 സെപ്തംബര്‍ 19 നാണ് 29-ാം വയസ്സില്‍ കേരളത്തിലേക്കും ഏറ്റവു പൊക്കം കുറഞ്ഞ മനുഷ്യനായ സാജന്‍ വിട പറഞ്ഞത്. 2005 ഏപ്രില്‍ ഒന്നിന് അത്ഭുതദ്വീപ് റിലീസ് ചെയ്തതോടെ ആരും ശ്രദ്ധിക്കാതെ അവഗണിച്ചു പോന്നിരുന്ന ഒരു ചെറിയ വിഭാഗം മനുഷ്യര്‍ പെട്ടെന്നു നമ്മുടെ സമൂഹത്തില്‍ സെലബ്രിറ്റികളും താരങ്ങളുമായി മാറുകയായിരുന്നു. ആ ചിത്രത്തോടെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഇന്നത്തെ നമ്മുടെ ഗിന്നസ് പക്രു മാത്രമല്ല, ഒട്ടേറെ കുഞ്ഞു മനുഷ്യര്‍ ചാനല്‍ പ്രോഗ്രാമുകളിലും മിമിക്രികളിലും ഒക്കെ പങ്കെടുത്ത് പണം സമ്പാദിക്കുകയും, തങ്ങളും മറ്റു സിനിമാ നടന്മാരെയോ കലാകാരന്മാരെയോ പോലെ പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന ആളുകളാണെന്ന ആത്മവിശ്വാസത്തിലെത്തുകയും ചെയ്തു.

    ആ സിനിമയിലെ ഏറ്റവും ചെറിയ മനുഷ്യന്‍


    അവര്‍ക്കു കിട്ടിയ ആ പോസിറ്റീവ് എനര്‍ജിയും സന്തോഷവുമാണ് എന്നുമെന്നെ സംതൃപ്തനാക്കുന്നത്. അത്ഭുതദ്വീപിന്റെ ചിത്രീകരണ സമയത്ത് ആ സിനിമയിലെ ഏറ്റവും ചെറിയ മനുഷ്യന്‍ സാജന്‍ സാഗര തൻ്റെ മനോഹരമായ ചിരി ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞ ഒരു വാക്കുണ്ട്. ഞങ്ങളൊക്ക ദൈവത്തിന്റെ ഒരു തമാശയല്ലേ സാര്‍. പക്ഷേ ദൈവം ഒരു നിമിഷം ഒന്നു മാറി ചിന്തിച്ചിരുന്നു എങ്കില്‍ നമ്മുടെ പ്യഥ്വിരാജിന്റെ പൊക്കം എനിക്കും, എന്റെ പൊക്കം പ്യഥ്വിരാജിനും വന്നേനെ. ഇതു പറഞ്ഞു വീണ്ടും പൊട്ടിച്ചിരിച്ച സാജന്റെ വാക്കുകളില്‍ പൊക്കം കുറഞ്ഞതിന്റെ വേദന നിഴലിക്കുന്നതു ഞാന്‍ കണ്ടു. അംഗവൈകല്യം ഒന്നുമില്ലാതെ ഈ ഭൂമിയില്‍ ജനിച്ചു ജീവിക്കാന്‍ കഴിയുന്നതു തന്നെ മഹാഭാഗ്യമാണെന്നു ചിന്തിപ്പിക്കാന്‍ ഉതകുന്ന വാക്കുകളായിരുന്നു അത്.

    സിനിമകളിലേക്ക് സജീവമായ കാലം

    അത്ഭുതദ്വീപ് ഇങ്ങിയ ശേഷം സാജന് ധാരാളം സ്റ്റേജ് പ്രോഗ്രാമുകള്‍ കിട്ടി. വലിയ തിരക്കായി. ഒരു പരിപാടിയുടെ റിഹേഴ്‌സല്‍ നടക്കുമ്പോള്‍ ബെഞ്ചില്‍ നിന്നും താഴെ വീണ ആ വലിയ കലാകാരനായ കുഞ്ഞു മനുഷ്യന്റെ ജീവിതം അവിടെ തീരുകയായിരുന്നു. ഈ ഫോട്ടോയില്‍ സാജന്റെ പുറകില്‍ നില്‍ക്കുന്നത് അത്ഭുതദ്വീപില്‍ രാജഗുരു ആയി അഭിനയിച്ച മറ്റൊരു അനുപമ കലാകാരന്‍ വെട്ടൂര്‍ പുരുഷന്‍ ചേട്ടനാണ്. 2017 ല്‍ അദ്ദേഹം അന്തരിച്ചു. എന്റെ തൊട്ടു പുറകില്‍ നില്‍ക്കുന്നത് മറ്റൊരു രാജാവായി അഭിനയിച്ച പിറവം സാജനാണ്. അദ്ദേഹവും 2014 ല്‍ നമ്മളോടു വിടപറഞ്ഞു. പുറകില്‍ നില്‍ക്കുന്ന വേറൊരാളിന്റെ പേര് എനിക്കറിയില്ല.

    നായകന്‍ ഗിന്നസ് പക്രു

    പിന്നെ കൂടെയുള്ളത് നമ്മുടെ ജഗജാലകില്ലാടി ആയ നായകന്‍ ഗിന്നസ് പക്രുവാണ്. എല്ലാവരും നിഷ്‌കളങ്കമായി സ്‌നേഹിക്കാന്‍ മാത്രമറിയുന്ന പാവങ്ങളാണ്. അത്ഭുതദ്വീപ് കഴിഞ്ഞ് രണ്ടു വര്‍ഷത്തിനു ശേഷം മലയാള സിനിമാ തമ്പുരാക്കന്‍മാര്‍ ഇനി വിനയന്‍ സിനിമയേ ചെയ്യണ്ട എന്ന തീട്ടൂരം പുറപ്പെടുവിച്ചു വിലക്കിയപ്പോള്‍ ഈ പൊക്കം കുറഞ്ഞവര്‍ പലരും എന്റെ നമ്പര്‍ സംഘടിപ്പിച്ചെടുത്ത് എന്നെ വിളിച്ചിരുന്നു. പൊക്കം കൂടിയ നടന്‍മാര്‍ ആരും അന്നു വിളിക്കാത്തതിനു കാരണം അവരുടെ അവസരം പോയാലോ എന്നോര്‍ത്തായിരുന്നു എങ്കില്‍. അതിനേക്കാള്‍ വലുത് തങ്ങള്‍ക്കവസരം തന്നയാളിനോട് സ്‌നേഹം കാണിക്കുന്നതാണ് എന്നു ചിന്തിച്ച കൊച്ചു ശരീരവും വലിയ മനസ്സും ഉള്ളവരാണിവര്‍.

    യക്ഷിയും ഞാനും പിറന്നത്

    ചിലര്‍ കരഞ്ഞു കൊണ്ട് ചോദിച്ചിട്ടുണ്ട്. സാറിന് ഇനി സിനിമ ചെയ്യാനേ പറ്റില്ലേ..? എല്ലാ വിലക്കുകളും ലംഘിച്ചു കൊണ്ട് ഉടനേതന്നെ സിനിമ ചെയ്യും എന്ന് ഞാനവരേ ആശ്വസിപ്പിച്ചു. അതായിരുന്നു 'യക്ഷിയും ഞാനും' അതില്‍ കോഴിക്കോട്ടുകാരന്‍ കൊച്ചു മനുഷ്യന്‍ ബാലകൃഷ്ണന്‍ അഭിനയിച്ചു. ഭിന്നശേഷിക്കാരായ കഥാപാത്രങ്ങളേ നായകരാക്കി മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ആറേഴു സിനിമകള്‍ ഞാന്‍ ചെയ്തിരുന്നു. അതെല്ലാം ജനങ്ങള്‍ സ്വീകരിച്ച വിജയ ചിത്രങ്ങളുമായിരുന്നു. ഈ കൊച്ചു മനുഷ്യരെ അനുസ്മരിച്ചെഴുതിയ കുറിപ്പ് കുറച്ചു നീണ്ടു പോയി. സാജന്‍ സാഗരയുടെ ഈ ഓര്‍മ്മദിനത്തില്‍ ആ വലിയ കലാകാരന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. എന്നുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ വിനയന്‍ പറയുന്നത്.

    മലയാളം കണ്ട മികച്ച പരീക്ഷണം

    മലയാളം കണ്ട മികച്ച പരീക്ഷണം. വിഎഫ്എക്‌സ് കുറച്ചു കൂടി മികച്ചതാക്കി, സംഭാഷണം കരുത്തുറ്റത്തത് ആക്കിയിരുന്നെങ്കില്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ പോകേണ്ടി ഇരുന്ന സിനിമ ആയിരുന്നു. അതുപോലെ മലയാള സിനിമ കണ്ട ഏറ്റവും വലിയ ചെറിയ സിനിമ അതാണ് വിനയന്റെ അദ്ഭുതദ്വീപ് എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. പാളി പോവാത്ത മേക്കിങ്. ഇത്രയധികം ചെറിയ മനുഷ്യരെ ചേര്‍ത്ത് പിടിച്ച് വലിയ ക്യാന്‍വാസില്‍ അതും ഹോളിവുഡ് ലെവലില്‍ ഒരുക്കാന്‍ വിനയന് മാത്രമേ സാധിക്കൂ എന്നത് പച്ചയായ 'സത്യം' എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.

    Recommended Video

    സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍
    വെള്ളിനക്ഷത്ര'ങ്ങള്‍


    ആരോരുമറിയാതെ പോയ കുഞ്ഞു 'വെള്ളിനക്ഷത്ര'ങ്ങള്‍ ആണ് ഈ സിനിമയിലെ 'സൂപ്പര്‍ സ്റ്റാറുകള്‍'. എനിക്ക് കുള്ളന്മാര്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇഷ്ടം ചെറിയ മനുഷ്യര്‍ എന്ന് വിളിക്കാനാണ്. അതുകൊണ്ടാണ് ഞാന്‍ അവരെ ചെറിയ മനുഷ്യര്‍ എന്ന് അഭിസംബോധന ചെയ്തത്. ഒരുപാട് കലാകാരന്മാരെ വെളിച്ചത്ത് കൊണ്ട് വരാന്‍ വിനയന്‍ സാറിന് കഴിഞ്ഞിട്ടുണ്ട്. ചില സമയങ്ങളില്‍ അവര്‍ തിരിഞ്ഞു കൊത്തിയിട്ടുമുണ്ട്. സാജന്‍ സാഗാരയൊക്കെ ഒരു സംഭവമായിരുന്നു. ആ ചിരിയൊച്ച ഇപ്പോഴും മുഴങ്ങുന്നില്ലേ? എന്നും ആരാധകര്‍ പറയുന്നു.

    Read more about: vinayan വിനയന്‍
    English summary
    Director Vinayan Recalled Athbhutha Dweepu Fame Late Actor Sajan Sagara
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X