twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംയുക്താവര്‍മ്മ: ഓണത്തിന്റെ താരം

    By Staff
    |

    സംയുക്താവര്‍മ്മ: ഓണത്തിന്റെ താരം

    ഓണത്തിനെത്തിയ നാലു ചിത്രങ്ങളിലെ മികച്ച താരം ആരാണ്..?

    സ്നേഹത്തിലും സഹനത്തിലും പോരാട്ടത്തിലും മുമ്പനായ മമ്മൂട്ടിയുടെ അറയ്ക്കല്‍ മാധവനുണ്ണി ഒരു വശത്ത്. അഞ്ചു പെങ്ങന്മാര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും അവസാനം ഒരു മാനസികരോഗിയായ പെണ്ണിനെ ഭാര്യയായി സ്വീകരിക്കേണ്ടി വരികയും ചെയ്ത ജയറാമിന്റെ ദീപു മറുവശത്ത്.

    ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കിടയിലും ആഞ്ഞടിക്കുന്ന കാറ്റില്‍ മധുരം കണ്ടെത്തുന്ന വിഷ്ണുവിനെ അവതരിപ്പിച്ച ബിജുമേനോനും അഭിമാനിക്കാന്‍ വകയുണ്ട്. ഇവയ്ക്കെല്ലാം പുറമെ കൂര്‍മബുദ്ധിയും കൈക്കരുത്തും കൊണ്ട് രാജ്യത്തിന്റെ ശത്രുക്കളെ തുരത്തുന്ന വാണിയുടെ ആദിത്യവര്‍മ്മ ഐ.പി.എസ്സുമുണ്ട്.

    എന്നാല്‍ ഇവരേക്കാളൊക്കെ ഒരുപടി മുന്നില്‍ നില്‍ക്കുന്ന മറ്റൊരു പ്രതിഭയാണ് ഈ ഓണത്തിന്റെ താരം. മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തല്‍ എന്നീ രണ്ടു ചിത്രങ്ങളില്‍ രണ്ടു വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച സംയുക്താവര്‍മ്മ. മലയാളികള്‍ക്ക് പ്രിയങ്കരിയായ ഈ കലാകാരി ഇരുചിത്രങ്ങളിലും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളും എന്തുകൊണ്ടാേേ ഒരു പോലെയായി - പ്രിയ.

    ജീവിതത്തിന്റെ ദശാസന്ധിയില്‍ ജയില്‍വാസമനുഷ്ഠിക്കേണ്ടിവരികയും പുത്രനെ നഷ്ടപ്പെടുകയും പിന്നീട് എല്ലാം തകര്‍ത്ത് ആഞ്ഞടിക്കുന്ന കാറ്റില്‍ അഭയം തേടുകയും ചെയ്യുന്ന പ്രിയംവദയായാണ് മധുരനൊമ്പരക്കാറ്റില്‍ സംയുക്ത എത്തുന്നത്. ഹരികുമാറിന്റെ സ്വയംവരപ്പന്തലിലോ..? മറഞ്ഞ ബോധത്തിലും സ്വയംവരത്തിനെത്താന്‍ വിധിക്കപ്പെടുന്ന പ്രിയദര്‍ശിനിയായും.

    കരഞ്ഞു കരഞ്ഞു കണ്ണീരു വറ്റി ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്ന നൊമ്പരക്കാറ്റിലെ പ്രിയംവദ സംയുക്തയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ്. ലെനിന്‍ രാജേന്ദ്രന്റെ മഴയിലെ ഭദ്രക്കു ശേഷം സംയുക്തക്ക് ലഭിച്ച ശക്തമായ കഥാപാത്രം. പ്രിയംവദയുടെ നോവുകള്‍ ആവിഷ്കരിക്കാന്‍ സംയുക്ത ഏറെ കഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. സംയുക്തയുടെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കൂ:

    മനസ്സിനെ ശരിക്കും നോവിക്കുന്ന കഥാപാത്രമാണ് മധുരനൊമ്പരക്കാറ്റിലെ പ്രിയംവദ. ജീവിതത്തില്‍ ഒരു പാട് ദുരിതങ്ങളും തിരിച്ചടികളും ഏറ്റുവാങ്ങേണ്ടിവരുന്ന ഒരു ഹതഭാഗ്യ. ശരിക്കും പറഞ്ഞാല്‍ കരഞ്ഞുകരഞ്ഞ് കണ്ണീരു വരില്ലെന്നായി. ഗ്ലിസറിന്‍ തോറ്റപ്പോള്‍ ചുണ്ടയ്ക്കാപ്പൂവ് തുടങ്ങി പലതും പരീക്ഷിച്ചു. എങ്ങനെയെങ്കിലും കരഞ്ഞാല്‍ പിന്നെ നിര്‍ത്താനാവില്ല. അറക്കപ്പൊടി കയറി മുടിയും കുറേശ്ശെ പൊഴിയാന്‍ തുടങ്ങി. എല്ലാം കൊണ്ടും ഒരുപാട് കഷ്ടപ്പെട്ടു. അതെ, ആ കഷ്ടപ്പാടിന്റെ പൂര്‍ണതയാണ് പ്രിയംവദ.

    നൊമ്പരക്കാറ്റിലെ പ്രിയയോളം വരില്ലെങ്കിലും സ്വയംവരപ്പന്തലിന്റെ കഥാഗതി മാറ്റുന്ന കഥാപാത്രമാണ് പ്രിയദര്‍ശിനി. പെങ്ങന്മാരും ഭര്‍ത്താക്കന്മാരും അവരുടെ മക്കളും ചേര്‍ന്ന കുടുംബം സ്വര്‍ഗമായി കരുതിയിരുന്ന ദീപുവിന്റെ ജീവിതസഖിയായി എത്തുകയാണ് മാനസികവൈകല്യം ബാധിച്ച പ്രിയദര്‍ശിനി. നിഷ്കളങ്കതയും കുട്ടിത്തവും തുളുമ്പുന്ന മുഖവുമായെത്തുന്ന പ്രിയ.

    അതെ, മഞ്ജു വാര്യര്‍ക്ക് ശേഷം പ്രതിഭയുള്ള നായികമാര്‍ മലയാളത്തില്‍ വേരറ്റു പോയോ എന്ന സന്ദേഹത്തിന് ഉത്തരം നല്‍കുകയാണ് സംയുക്താവര്‍മ്മ. തുടരെതുടരെയിറങ്ങിയ മൂന്നു ചിത്രങ്ങളില്‍ ഈ കലാകാരി പ്രകടിപ്പിച്ച മികച്ച അഭിനയം തന്നെ ഇതിന് സാക്ഷ്യം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X