റഹ്മാനെ പോലുള്ളവരോട് പിടിച്ച് നില്‍ക്കാന്‍ മമ്മൂട്ടി കഠിനാധ്വാനം ചെയ്തു; 70 വയസിലും അതിന് മാറ്റമില്ല, കുറിപ്പ്
മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പുതിയ സിനിമ പുഴു വിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പ്രേക്ഷകരെ പോലും അമ്പരിപ്പിക്കുന്ന ചില നിമിഷങ്ങളാണ് സിനിമയിലുണ്ടായിരുന്നത്. മമ്മൂട്ടിയ്ക്ക് എഴുപത് വയസ്സ് പൂര്‍ത്തിയായെങ്കിലും ഇപ്പോഴും സിനിമയോടുള്ള അദ്ദേഹത്തിന്റെ ആവേശവും അഭിനിവേശവും വര്‍ദ്ധിച്ചിട്ടേയുള്ളൂ എന്ന് പറയുകയാണ് എഴുത്തുകാരന്‍ സന്ദീപ് ദാസ്. പുഴു പോലൊരു സിനിമയില്‍ ഭാഗമാകന്‍ അദ്ദേഹത്തിന് കഴിയുന്നതിനെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച എഴുത്തിലൂടെ പറയുന്നു.

'പത്മരാജന്റെ കൂടെവിടെ എന്ന സിനിമ റിലീസായ കാലമാണ്. ഒരുദിവസം രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന മമ്മൂട്ടിയെ ഞാന്‍ കണ്ടു. എനിക്ക് ചെറിയ അത്ഭുതം തോന്നി. ഷൂട്ടിങ്ങ് ലൊക്കേഷനില്‍ അര്‍ദ്ധരാത്രി വരെ അഭിനയിച്ച ആളാണ് അതിരാവിലെ വിയര്‍പ്പൊഴുക്കുന്നത്. നിങ്ങള്‍ക്കൊന്ന് വിശ്രമിച്ചു കൂടേ എന്ന് ഞാന്‍ മമ്മൂട്ടിയോട് ചോദിച്ചു. മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു- 'ഞാനെങ്ങനെ വിശ്രമിക്കും? റഹ്മാനെപ്പോലുള്ള പുതിയ പിള്ളേര്‍ സിനിമയില്‍ വന്നിട്ടുണ്ട്. അവരോട് മത്സരിച്ച് നില്‍ക്കണമെങ്കില്‍ നമ്മള്‍ കഠിനാദ്ധ്വാനം ചെയ്തല്ലേ മതിയാകൂ..!

സംവിധായകനായ സത്യന്‍ അന്തിക്കാട് പങ്കുവെച്ച അനുഭവമാണിത്. 'കൂടെവിടെ' പുറത്തിറങ്ങിയിട്ട് നിരവധി പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടിയ്ക്ക് എഴുപത് വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. പക്ഷേ സിനിമയോടുള്ള മമ്മൂട്ടിയുടെ ആവേശവും അഭിനിവേശവും വര്‍ദ്ധിച്ചിട്ടേയുള്ളൂ. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അവിശ്വസനീയമാണിത്! ഞാന്‍ ഈ വരികള്‍ എഴുതുമ്പോള്‍ 'പുഴു' എന്ന സിനിമയുടെ ടീസറിന് ഒരു മില്യണിലേറെ വ്യൂസ് വന്നിട്ടുണ്ട്. മമ്മൂട്ടി എന്ന നടനാണ് കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നത്; താരമല്ല. പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിന്റെ കാര്യത്തില്‍ മലയാള സിനിമ വളരെയേറെ മെച്ചപ്പെട്ടു കഴിഞ്ഞു. ജാതീയത, സ്ത്രീവിരുദ്ധത, ടോക്‌സിക് പാരന്റിങ്ങ്, പീഡോഫീലിയ തുടങ്ങിയ അപകടങ്ങളെ കൃത്യമായി അഡ്രസ് ചെയ്യുന്ന സിനിമകള്‍ ഇപ്പോള്‍ ഉണ്ടാവുന്നുണ്ട്. അതുപോലൊരു സൃഷ്ടിയാണ് 'പുഴു' എന്നത് ടീസറില്‍ നിന്ന് തന്നെ വ്യക്തമാണ്.

അത്തരം പ്രോജക്റ്റുകളുടെ ഭാഗമാകാന്‍ മമ്മൂട്ടിയ്ക്ക് കഴിയുന്നതെങ്ങനെ? നടന്‍, വ്യക്തി എന്നീ നിലകളില്‍ നിരന്തരം സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന ഒരാള്‍ക്ക് മാത്രമേ അതിന് സാധിക്കൂ. തനിക്ക് സിനിമയോട് ആര്‍ത്തിയാണെന്ന് മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്. നല്ലൊരു കഥ ആരുടെയെങ്കിലും കൈവശമുണ്ട് എന്ന വിവരം അറിഞ്ഞാല്‍ താന്‍ അത് തട്ടിപ്പറിച്ച് കൊണ്ടു പോകും എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സീനിയര്‍ ഫിലിം മേക്കേഴ്‌സിനോടും പുതുമുഖ സംവിധായകരോടും മമ്മൂട്ടി അവസരം ചോദിക്കാറുണ്ട്. മമ്മൂട്ടിയെ കുറിച്ച് നടന്‍ മനോജ് കെ ജയന്‍ പറഞ്ഞത് ഇങ്ങനെ- 'സീരിയലുകളിലൂടെയായിരുന്നു എന്റെ തുടക്കം.

മമ്മൂക്കയെ ആദ്യം കണ്ടപ്പോള്‍ അദ്ദേഹം എന്നെ തിരിച്ചറിയില്ല എന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ മമ്മൂക്ക ഇങ്ങോട്ട് വന്ന് എന്നോട് സംസാരിച്ചു. സീരിയലിലെ പ്രകടനം നന്നായിരുന്നു എന്ന് പറഞ്ഞു..!' ഈ നാട്ടില്‍ പുറത്തിറങ്ങുന്ന ഒരുവിധം എല്ലാ സിനിമകളും സീരിയലുകളും കാണുന്ന ആളാണ് മമ്മൂട്ടി. അതിന് വ്യക്തമായ ലക്ഷ്യമുണ്ട്. പുതിയ അഭിനേതാക്കളോട് മത്സരിക്കണം. നല്ല എഴുത്തുകാരും ടെക്‌നീഷ്യന്‍മാരും ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ അവരുമായി സഹകരിക്കണം. സമൂഹത്തിലും കലയിലും വരുന്ന മാറ്റങ്ങള്‍ തിരിച്ചറിയണം. കരിക്കിലെ അനു അനിയന്റെ പ്രകടനത്തെ സോഷ്യല്‍ മീഡിയ വാനോളം പുകഴ്ത്തിയിരുന്നു. ആ പെര്‍ഫോമന്‍സ് മമ്മൂട്ടി ഇതിനോടകം കണ്ടിട്ടുണ്ടാവും. യാതൊരു സംശയവും വേണ്ട!

കൃത്യമായ മത്സരബുദ്ധിയോടെ മുന്നോട്ട് പോകുമ്പോഴും പുതിയ ഒരാളെ സിനിമയിലേക്ക് കൈപിടിച്ചു കയറ്റാന്‍ മമ്മൂട്ടി മടിക്കാറില്ല. മമ്മൂട്ടി മുഖേന സിനിമയിലെത്തിയ ആളുകളുടെ എണ്ണമെടുത്താല്‍ അതിന് അവസാനമുണ്ടാവില്ല. മത്സരവും മനുഷ്യ സ്‌നേഹവും ഒരേസമയം വെച്ചുപുലര്‍ത്തുന്ന അത്യപൂര്‍വ്വതയുടെ പേരാണ് മമ്മൂട്ടി! അഭിനയത്തിന്റെ കാര്യം വരുമ്പോള്‍ തന്റെ ഇമേജ് മമ്മൂട്ടിയ്‌ക്കൊരു പ്രശ്‌നമല്ല. ലൈംഗികത്തൊഴിലാളിയായ സ്ത്രീയില്‍ നിന്ന് കരണത്ത് അടി വാങ്ങുന്ന മമ്മൂട്ടി കഥാപാത്രത്തെ പേരന്‍പില്‍ കാണാം. ഇന്ത്യന്‍ സിനിമയിലെ ഒരു സൂപ്പര്‍ താരവും അത്തരമൊരു സീന്‍ ചെയ്യാനിടയില്ല.
Recommended Video

വിധേയനും പാലേരിമാണിക്യവും ഏറ്റെടുത്ത മമ്മൂട്ടിയുടെ യാത്ര പുഴുവില്‍ എത്തി നില്‍ക്കുന്നു. ടീസര്‍ ഒരു സൂചനയാണെങ്കില്‍ മമ്മൂട്ടിയുടെ ഗംഭീര നെഗറ്റീവ് കഥാപാത്രമാണ് നമുക്ക് കിട്ടാന്‍ പോകുന്നത്. ഞാന്‍ തീര്‍ച്ചയായും ആവേശഭരിതനാണ്! സിനിമ റിലീസാകാന്‍ കാത്തിരിക്കുകയാണ്. പുരുഷ ക്രിക്കറ്റിലെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നേടിയ സമയത്ത് യുവ് രാജ് സിങ്ങ് പറഞ്ഞ ഒരു പ്രസ്താവനയുണ്ട്. അത് മമ്മൂട്ടിയ്ക്കും ബാധകമാണെന്ന് തോന്നുന്നു- ''ഒരു കൊച്ചുകുട്ടി തന്റെ കളിപ്പാട്ടക്കാറുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അച്ഛന്‍ വന്ന് കളി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷേ കുട്ടി കളി തുടര്‍ന്നു. ഈ കാറിലെ പെട്രോള്‍ ഒരിക്കലും തീരുന്നില്ല എന്നായിരുന്നു കുട്ടിയുടെ ന്യായം.' ആ കുട്ടിയുടെ മനസ്സാണ് മമ്മൂട്ടിയെ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമുള്ളത്..!


Click it and Unblock the Notifications











