ടിവിയിലെ അഭിമുഖവും ഒരു വിവാദം
ടിവിയിലെ അഭിമുഖവും ഒരു വിവാദം
ചലച്ചിത്ര താരങ്ങള്‍ ടിവി ചാനലുകാര്‍ക്ക് അഭിമുഖം നല്‍കാമോയെന്നതിനെക്കുറിച്ച് തമിഴ് സിനിമാ ലോകത്ത് ചൂടേറിയ വിവാദം. സിനിമാ താരങ്ങളും നിര്‍മാതാക്കളും സംവിധായകരും കൂട്ടായിചേര്‍ന്നെടുത്ത തീരുമാനത്തെ ലംഘിച്ച് കമലഹാസനും സിമ്രാനും നല്‍കിയ അഭിമുഖം നല്‍കിയത് തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
പുതുവത്സരദിനത്തിലാണ് രണ്ട് വ്യത്യസ്ത ടിവി ചാനലുകളില്‍ കമലഹാസന്റെയും സിമ്രാന്റെയും അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്തത്. സിമ്രാന്‍ സഹോദരി മോണലിനോടൊത്താണ് അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടത്.
ഈ വര്‍ഷം മുതല്‍ ചലച്ചിത്ര താരങ്ങള്‍ ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കരുതെന്നാണ് സിനിമാ താരങ്ങളും നിര്‍മാതാക്കളും സംവിധായകരും ചേര്‍ന്നെടുത്ത തീരുമാനം. അതേ സമയം ചലച്ചിത്ര താരങ്ങള്‍ ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കുന്നത് സിനിമാ രംഗത്തെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന ഒരു അഭിപ്രായവും തമിഴ് സിനിമാ രംഗത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഡിഎംകെ നേതാവ് കരുണാനിധി ഇത്തരമൊരു അഭിപ്രായം പുറപ്പെടുവിച്ചതോടെ ഡിഎംകെ അനുകൂലികളായ പല സിനിമക്കാരും ചാനലുകളില്‍ അഭിമുഖം നല്‍കുന്നതില്‍ തെറ്റില്ലെന്ന് ശക്തമായി വാദിച്ചുതുടങ്ങിയിരിക്കുന്നു.
ടിവി ചാനലുകളിലെ പല പരിപാടികളും സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ടെലിവിഷനെതിരായ ചില തീരുമാനങ്ങളെടുത്തത്. ഇതിന്റെ ഭാഗമായാണ് ചലച്ചിത്ര താരങ്ങളുടെ അഭിമുഖം ഇനി മുതല്‍ ടെലിവിഷനില്‍ ഉണ്ടാവാന്‍ പാടില്ലെന്ന നിബന്ധനയുണ്ടായത്. കമലഹാസനെ പോലൊരു ഉന്നതനായ നടന്‍ ആ നിബന്ധന ലംഘിച്ചതോടെ ഈ തീരുമാനം വിവാദത്തിന് വഴിതെളിക്കുകയും ചെയ്തു.
നിബന്ധന ആര് ലംഘിച്ചാലും നടപടിയുണ്ടാവണമെന്നാണ് ഒരു കൂട്ടര്‍ വാദിക്കുന്നത്. അതേ സമയം ഈ നിബന്ധന തുടരേണ്ടതുണ്ടോ എന്നാണ് മറുകൂട്ടരുടെ വാദം.


Click it and Unblock the Notifications