ലക്ഷങ്ങളുടെ എണ്ണത്തില്‍ ആരു മുന്നില്‍?
ലക്ഷങ്ങളുടെ എണ്ണത്തില്‍ ആരു മുന്നില്‍?
മലയാളത്തില്‍ നിന്ന് തമിഴിലെത്തി ഒന്നാം നിരയില്‍ താരറാണിമാരായി വാഴുന്ന അസിനും നയന്‍താരയും കടുത്ത മത്സരത്തിലാണ്. ഇരുവരും ഇനി മലയാളത്തിലേക്ക് മടങ്ങിവരാന്‍ പോലും സാധ്യതയില്ല. തമിഴിലെ തിരക്കുകള്‍ താരതമ്യേന കുറഞ്ഞ പ്രതിഫലം ലഭിക്കുന്ന മലയാളത്തിന് പരിഗണന നല്‍കാന്‍ അവരെ അനുവദിക്കുന്നില്ല.
താനാണ് മുന്നില്‍ എന്ന് തെളിയിക്കാനുള്ള ഒരു ബദ്ധപ്പാട് ഒന്നാം നിര നടിമാരായ ഇരുവര്‍ക്കുമുണ്ട്. വിക്രം, സൂര്യ, വിജയ് തുടങ്ങിയ യുവതാരങ്ങളുടെ നായികയായ അസിന്‍ താന്‍ തന്നെയാണ് നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുകയാണെങ്കില്‍ സൂപ്പര്‍താരം രജനീകാന്തിന്റെ നായികയാവുകയും ഗ്ലാമര്‍റാണിയെന്ന് പേരെടുക്കുകയും ചെയ്ത തനിക്കാണ് ആ സ്ഥാനം അവകാശപ്പെട്ടതെന്ന് നയന്‍താരക്കും വാദിക്കാം. ആരു മുന്നില്‍ എന്ന് പറയാനാവാത്ത വിധം നിറഞ്ഞുനില്‍ക്കുന്നതാണ് ഇരുവരുടെയും താരപ്രഭ. പ്രതിഫലത്തിന്റെ കാര്യത്തിലുമുണ്ട് ഇരുവരും തമ്മില്‍ ഈ മത്സരം.
നേരത്തെ 20 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന ഇരുനടിമാരും ഇപ്പോള്‍ പുതിയ ചിത്രങ്ങള്‍ക്ക് ആവശ്യപ്പെടുന്നത് 40 ലക്ഷം രൂപയാണത്രെ. പ്രതിഫലപ്രശ്നത്തിന്റെ പേരിലാണ് കമലഹാസന്റെ ചിത്രത്തില്‍ നിന്നും നയന്‍താര പിന്‍മാറിയതെന്നും കേള്‍ക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ മറ്റൊരു നടിയും ഇത്ര ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെട്ടിട്ടില്ല.
മലയാളത്തിലേക്ക് ഇവര്‍ ഇനി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതെങ്ങനെ? ഒരു മലയാളചിത്രത്തില്‍ നായികക്ക് പരമാവധി കിട്ടുന്നത് അഞ്ചോ ആറോ ലക്ഷം രൂപയാണ്. അതിന്റെ ആറോ ഏഴോ ഇരട്ടി പ്രതിഫലം ലഭിക്കുന്ന തമിഴ് സിനിമ വിട്ട് മലയാളത്തിലേക്ക് ഇവര്‍ തിരിച്ചെത്തുമെന്ന് കരുതാനേ വയ്യ.


Click it and Unblock the Notifications