കമലഹാസന് അഞ്ച് ലക്ഷം രൂപ പിഴ
കമലഹാസന് അഞ്ച് ലക്ഷം രൂപ പിഴ
ടെലിവിഷന്‍ ചാനലിന് അഭിമുഖം അനുവദിച്ചതിന്റെ പേരില്‍ തമിഴ് സിനിമാ ലോകം കമലഹാസനെതിരെ തിരിയുന്നു. അഞ്ച് ലക്ഷം രൂപ പിഴയിട്ടതിന് പുറമെ കമലഹാസന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തോട് വിവിധ മേഖലയിലുള്ളവര്‍ നിസ്സഹകരിക്കുകയാണ്.
നിര്‍മാതാക്കള്‍ മുതല്‍ തിയറ്റര്‍ ഉടമകള്‍ വരെ ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ പെട്ടവരുടെ സംയുക്ത സംഘടനയാണ് ടെലിവിഷന്‍ ചാനലുകളുടെ ഇരച്ചുകയറ്റത്തില്‍ നിന്നും തമിഴ് സിനിമാ വ്യവസായത്തെ രക്ഷിക്കാന്‍ ചില നിബന്ധനകള്‍ കൊണ്ടുവന്നത്. ചലച്ചിത്ര പ്രവര്‍ത്തകര്‍ ടിവി ചാനലുകള്‍ക്ക് അഭിമുഖം നല്‍കരുതെന്നത് ഈ നിബന്ധനകളില്‍ പെടുന്നു. കഴിഞ്ഞ പൊങ്കല്‍ കാലത്ത് ഇത് ലംഘിച്ച് ഒരു ടെലിവിഷന്‍ ചാനലില്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ കമലഹാസന്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഘടന കമലഹാസന് ശിക്ഷ നല്‍കാന്‍ തീരുമാനിച്ചത്.
സംഘടനയുടെ തീരുമാനത്തെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നും നിബന്ധനകളൊന്നും താന്‍ ഗൗനിക്കുകയില്ലെന്നുമാണ് കമലഹാസന്റെ നിലപാട്. എന്നാല്‍ തമിഴ് സിനിമാ രംഗത്തെ ഈ അതികായന്റെ തന്നിഷ്ടം അനുവദിച്ചുകൊടുക്കില്ലെന്നു തന്നെയാണ് സംഘടനയുടെ വാശി.
തന്റെ പുതിയ ചിത്രമായ പഞ്ചതന്ത്രത്തിന് സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള വിവിധ ചലച്ചിത്ര പ്രവര്‍ത്തകര്‍ നിസ്സഹരിച്ചു തുടങ്ങിയതോടെയാണ് കമലിന് തന്റെ നിലപാടിലെ അപകടമെന്തെന്ന് മനസിലായത്. പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കാന്‍ കമല്‍ എ. ആര്‍. റഹ്മാനെ സമീപിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. ബോളിവുഡില്‍ നിന്ന് ഹോളിവുഡ് വരെ എത്തിനില്‍ക്കുന്ന എ. ആര്‍. റഹ്മാന് തമിഴ് സിനിമാരംഗത്തെ സംഘടനയുടെ വിലക്ക് ലംഘിച്ചാല്‍ കാര്യമായൊന്നും സംഭവിക്കാനില്ലെങ്കിലും അദ്ദേഹം കമലിനോട് കൈമലര്‍ത്തി കാണിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഇളയരാജയെ സമീപിച്ചെങ്കിലും കമലിന് അനുകൂലമായ പ്രതികരണം ലഭിച്ചില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് മാറ്റിവെച്ചിരിക്കുകയാണ്.
സംവിധായകരായ രാജീവ് മേനോന്‍, ചരണ്‍, നടിമാരായ സിമ്രാന്‍, മോണല്‍ എന്നിവരും ടെലിവിഷന്‍ ചാനലുകള്‍ക്ക് അഭിമുഖം അനുവദിച്ചിരുന്നെങ്കിലും അവര്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അവരെ നടപടിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. എന്നാല്‍ അത്തരമൊരു വിശദീകരണം നല്‍കാന്‍ കമല്‍ ഇതേ വരെ തയ്യാറായിട്ടില്ല. ഫിബ്രവരി എട്ടിന് ചേരുന്ന സംഘടനയുടെ യോഗത്തില്‍ കമല്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ പഞ്ചതന്ത്രത്തിന്റെ ചിത്രീകരണം മുടങ്ങാനാണ് സാധ്യത.


Click it and Unblock the Notifications