മമ്മൂട്ടിയുടെ ബിഗ് ബി ഇനി മാണിക്ക് ബാഷ

കണ്ണഞ്ചിപ്പിയ്‌ക്കുന്ന ഷോട്ടുകളും ആക്ഷന്‍ രംഗങ്ങളും കൊണ്ട് സമ്പന്നമായ ബിഗ് ബി മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. നവാഗത സംവിധായകനായ അമല്‍ നീരദിന്റെ പ്രഥമ സംരംഭമായിരുന്ന ചിത്രം ഹോളിവുഡിലെ ഫോര്‍ ബ്രദേഴ്‌സ് എന്ന സിനിമയുടെ റീമേയ്‌ക്കായിരുന്നു.
മമ്മൂട്ടിയ്‌ക്ക് തമിഴകത്തുള്ള സ്വീകാര്യതയും ചിത്രത്തിലെ തമിഴ് താരങ്ങളുടെ സാന്നിധ്യവുമാണ് ബിഗ് ബിയെ മൊഴി മാറ്റി തമിഴില്‍ പുറത്തിറക്കാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. പശുപതി, ബാല, മംമ്‌ത എന്നിങ്ങനെ കോളിവുഡില്‍ പ്രശസ്‌തരായ ഒരു പിടി താരങ്ങള്‍ ബിഗ് ബിയില്‍ അഭിനയിച്ചിരുന്നു.
ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും ബോക്‌സ് ഓഫീസില്‍ വമ്പന്‍ വിജയം കൊയ്യാന്‍ ബിഗ് ബിയ്‌ക്ക് കഴിഞ്ഞിരുന്നില്ല. കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേയ്‌ക്ക് എത്തിയ്‌ക്കാന്‍ കഴിയാത്തതായിരുന്നു ബിഗ് ബിയുടെ കളക്ഷനെ ബാധിച്ചത്. എന്നാലിപ്പോള്‍ സാമാന്യം വമ്പന്‍ പ്രതിഫലം നേടിക്കൊടുത്തു കൊണ്ടാണ് ബിഗ് ബി കോളിവുഡിലേക്ക് യാത്രയായിരിക്കുന്നത്.
തമിഴില്‍ മമ്മൂട്ടിയുടെ ഇമേജ് ചിത്രത്തിന് ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ വിതരണക്കാര്‍. അതു കൊണ്ട് തന്നെയാണ് രജനിയുടെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നായ ബാഷയിലെ 'മാണിക് ബാഷ' എന്ന കഥാപാത്രത്തിന്റെ പേര് ബിഗ് ബിയ്‌ക്ക് നല്‌കാന്‍ അവര്‍ തയാറായത്.


Click it and Unblock the Notifications