ശ്രീകാന്തിനെ നായകനാക്കി ഫാസില്‍ ചിത്രം
ശ്രീകാന്തിനെ നായകനാക്കി ഫാസില്‍ ചിത്രം
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കയ്യെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത് എന്നീ ചിത്രങ്ങളുടെ പരാജയം ഫാസിലിന് വന്‍തിരിച്ചടിയാണ് നല്‍കിയത്. അതുകൊണ്ടുതന്നെ മലയാളത്തില്‍ ഇനിയൊരു ചിത്രം ചെയ്യുമ്പോള്‍ വളരെ ആലോചിച്ചുമാത്രമേ ഫാസില്‍ മുന്നോട്ടുനീങ്ങുകയുള്ളൂ. പരാജയങ്ങളുടെ കയ്പാണ് തത്കാലം തമിഴിലേക്ക് നീങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
പൂവേ പൂ ചൂട വാ, വര്‍ഷം 16, കാതലുക്കു മര്യാദൈ, കണ്ണുകളില്‍ നിലാവ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഫാസിലിന്റെ തമിഴിലെ പുതിയ സംരംഭത്തില്‍ ശ്രീകാന്താണ് നായകനാവുന്നത്. ലക്ഷ്മി മൂവീസിന്റെ ബാനറിലാണ് ചിത്രമൊരുക്കുന്നത്.
റൊമാന്റിക് വേഷങ്ങള്‍ ചെയ്ത് ശ്രദ്ധേയനായ ശ്രീകാന്തിന് ആക്ഷന്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റം തിരിച്ചടിയായിരുന്നു. ശ്രീകാന്ത് ആക്ഷന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ബോസ്, ജൂത് എന്നീ ചിത്രങ്ങള്‍ പരാജയമായിരുന്നു. ഒരു തിരിച്ചുവരവ് ലക്ഷ്യമാക്കി ഫാസില്‍ ചിത്രത്തില്‍ ശ്രീകാന്ത് വീണ്ടും റൊമാന്റിക് നായകന്റെ വേഷമണിയുകയാണ്.
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. നേരത്തെ മാധവനെയാണ് ഈ ചിത്രത്തില്‍ നായകനാക്കാന്‍ ഫാസില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റി.


Click it and Unblock the Notifications