കലാഭവന്‍ മണി വീണ്ടും തമിഴില്‍
കലാഭവന്‍ മണി വീണ്ടും തമിഴില്‍
ജെമിനിയിലെ വില്ലന്‍ വേഷത്തിലൂടെ തമിഴില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കലാഭവന്‍ മണി ശ്രദ്ധേയമായ മറ്റൊരു വേഷത്തിലൂടെ വീണ്ടും തമിഴിലെത്തുന്നു. വില്ലന്‍ വേഷത്തില്‍ നിന്ന് മാറി നായകരിലൊരാളായാണ് മണി അടുത്ത തമിഴ് ചിത്രത്തില്‍ അഭിനയിയ്ക്കുന്നത്.
ബന്താ പരമശിവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രഭുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അബാസ്, ലിവിംഗ്സ്റണ്‍ തുല്യപ്രാധാന്യമുള്ള വേഷങ്ങളില്‍ അഭിനയിയ്ക്കുന്നുണ്ട്.
ടി. പി. ഗജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രംഭ, മോണിക്ക, അഭിനയശ്രീ എന്നിവരാണ് നായികമാര്‍. ടി. പി. ഗജേന്ദ്രനും മണിവര്‍ണന്‍, പി. വാസു, കെ. എസ്. രവികുമാര്‍ എന്നീ പ്രമുഖ സംവിധായകരും ചിത്രത്തില്‍ അഭിനയിയ്ക്കുന്നുണ്ട്.
നര്‍മത്തിന്റെ അകമ്പടിയോടെയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിയ്ക്കുന്നത്. അടുത്ത സുഹൃത്തുക്കായ പരമന്റെയും ശിവന്റെയും ജീവിതത്തില്‍ പ്രണയത്തെയും വിവാഹത്തെയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ചിരിയില്‍ പൊതിഞ്ഞ് അവതരിപ്പിയ്ക്കുന്നു.
ചെന്നൈയില്‍ ചിത്രീകരണം ആരംഭിച്ച ബന്ദാ പരമ ശിവത്തില്‍ വിനു ചക്രവര്‍ത്തി, ചാര്‍ളി, ത്യാഗു, ബബിത എന്നിവരും അഭിനയിയ്ക്കുന്നു.


Click it and Unblock the Notifications