രജനീകാന്തിന്റെ പുതിയ ചിത്രം ബാബ
രജനീകാന്തിന്റെ പുതിയ ചിത്രം ബാബ
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രജനീകാന്ത് പുതിയ ചിത്രവുമായെത്തുന്നു. സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബാബ എന്നാണ് പേരിട്ടിരിക്കുന്നത്. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളയ വീര, അണ്ണാമലൈ, ബാഷ എന്നിവയുടെ സംവിധായകനാണ് സുരേഷ് കൃഷ്ണ. പടയപ്പയ്ക്കു ശേഷം രജനി അഭിനയിക്കുന്ന ചിത്രമാണിത്.
ബാബയുടെ കഥ രജനീകാന്തിന്റേതു തന്നെ. ഒരു സംഭവകഥയെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.
ഐശ്വര്യാറായിയെയാണ് ചിത്രത്തില്‍ നായികയായി തീരുമാനിച്ചിരിക്കുന്നത്. രജനീകാന്ത് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ തനിക്ക് അതീവമായ ആഗ്രഹമുണ്ടായിരുന്നുവെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ഐശ്വര്യാറായി പറഞ്ഞിരുന്നു.
എ.ആര്‍. റഹ്മാനാണ് സംഗീത സംവിധാനം. ലോട്ടസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ രജനീകാന്ത് തന്നെ ചിത്രം നിര്‍മിക്കുന്നു.
നേരത്തെ രജനീകാന്തിന്റെ പുതിയ ചിത്രത്തെ കുറിച്ച് പല വാര്‍ത്തകളുമുണ്ടായിരുന്നു. ഷങ്കര്‍ ആണ് രജനീകാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതെന്നും അദ്ദേഹം തിരക്കഥയുടെ പണി ആരംഭിച്ചുകഴിഞ്ഞെന്നും വാര്‍ത്ത പരന്നതിന് പിന്നാലെ പടയപ്പയുടെ കെ. എസ്. രവികുമാര്‍ പുതിയ രജനി ചിത്രം ചെയ്യുന്നുവെന്നും വാര്‍ത്തയുണ്ടായി. രജനിയുടെ ഇമേജിനൊപ്പിച്ചുളള കഥ ലഭിക്കാത്തതു കൊണ്ടാണ് പുതിയ രജനി ചിത്രം നീണ്ടുപോവുന്നതെന്നും വാര്‍ത്തയുണ്ടായി. എന്തായാലും രജനിയുടെ ആരാധകരുടെ മനസില്‍ കുളിര് കോരിയിടുന്നതാണ് പുതിയ വാര്‍ത്ത. ബാബയ്ക്കായി അവര്‍ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications