twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലഹാസന് ചുമത്തിയ പിഴ നിര്‍മാതാവ് നല്‍കി

    By Staff
    |

    കമലഹാസന് ചുമത്തിയ പിഴ നിര്‍മാതാവ് നല്‍കി

    ഒടുവില്‍ ആ പിഴ കമലഹാസന്റെ പുതിയ ചിത്രത്തിന്റെ നിര്‍മാതാവ് ഒടുക്കി. ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയാണെങ്കില്‍ വിതരണത്തിന് എന്തെങ്കിലും തടസമുണ്ടാവുമോയെന്ന ആശങ്ക അതോടെയില്ലാതായി. കമലഹാസനും സിനിമാ പ്രവര്‍ത്തക സംഘടനയും തമ്മിലുള്ളശീതസമരത്തിനിടയില്‍ കൈ വിട്ടൊരു കളിയ്ക്ക് തയ്യാറാവാതെ രണ്ട് ലക്ഷം രൂപ സ്വന്തം പോക്കറ്റില്‍ നിന്നെടുത്തുകൊടുത്ത് തന്റെ ഭാവി ഭദ്രമാക്കിയിരിക്കുകയാണ് നിര്‍മാതാവ് തേനപ്പന്‍.

    ടെലിവിഷന്‍ ചാനലിന് അഭിമുഖം നല്‍കിയതിന്റെ പേരില്‍ സിനിമാ പ്രവര്‍ത്തക സംഘടന ചുമത്തിയ രണ്ടു ലക്ഷം രൂപ പിഴയാണ് കമലഹാസന്റെ പുതിയ ചിത്രമായ പഞ്ചതന്ത്രത്തിന്റെ നിര്‍മാതാവ് തേനപ്പന്‍ ഒടുക്കിയത്. നേരത്തെ അഞ്ച് ലക്ഷം രൂപയായി നിശ്ചയിച്ചിരുന്ന പിഴ പിന്നീട് രണ്ട് ലക്ഷമായി കുറച്ചിരുന്നു.

    സിനിമാ പ്രവര്‍ത്തകര്‍ ടെലിവിഷന് അഭിമുഖം നല്‍കരുതെന്ന സംഘടനയുടെ വിലക്ക് ലംഘിച്ചതിന്റെ പേരിലാണ് കമലഹാസന് പിഴ ചുമത്തിയത്. കമലഹാസന്‍ പിഴ ഒടുക്കിയില്ലെന്ന് മാത്രമല്ല, ടെലിവിഷന് അഭിമുഖം നല്‍കാനുള്ള തന്റെ സ്വാതന്ത്യ്രത്തെ ആര്‍ക്കും തടയാനാവില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

    അതോടെ കമലഹാസനുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് സംഘടന തീരുമാനിച്ചു. പുതിയ ചിത്രമായ പഞ്ചതന്ത്രത്തിന്റെ ചിത്രീകരണം സംഘനയുടെ നിസ്സഹകരണം മൂലം തടസപ്പെടുമെന്ന് വന്നപ്പോഴും കമല്‍ വെടിനിര്‍ത്തലിന് തയ്യാറായില്ല. തമിഴ്നാട്ടില്‍ ചിത്രീകരണം നടത്താനായില്ലെങ്കില്‍ അന്യസംസ്ഥാനങ്ങളിലോ വിദേശത്തോ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്ന് കമല്‍ വ്യക്തമാക്കി. ഫിബ്രവരി 15ന് ചിത്രത്തിന്റെ പൂജ നടത്തുകയും ചെയ്തു.

    ചിത്രം പൂര്‍ത്തിയാക്കിയിട്ടും തിയേറ്റര്‍ ഉടമകള്‍ വരെ അംഗങ്ങളായ സംഘടന ചിത്രത്തിന്റെ വിതരണം തടഞ്ഞാല്‍ കമലിന് തന്റെ വാശി ജയിച്ചെന്ന് ഊറ്റംകൊള്ളാമെങ്കിലും കുത്തുപാളയെടുക്കുന്നത് നിര്‍മാതാവ് തേനപ്പനായിരിക്കും. അത് മുന്‍കൂട്ടികണ്ടാണ് തേനപ്പന്‍ സംഘടനയുടെ മുന്നില്‍ സാഷ്ടാംഗം വീണിരിക്കുന്നത്. നിര്‍മാതാവ് പിഴയടച്ചതു മൂലം കമലഹാസനും സംഘടനയ്ക്കും ഒരു പോലെ മുഖം രക്ഷിക്കാനായി.

    അതേ സമയം സംഘടനയില്‍ കമലഹാസന്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണമുണ്ട്. പുതിയ ചിത്രത്തിന്റെ പൂജാ വേളയില്‍ വന്‍ താരനിര തന്നെ എത്തിയിരുന്നു. സംഘടനയിലെ പിളര്‍പ്പിന്റെ സൂചനയാണിതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X