യുവതാരങ്ങള്‍ക്ക് ഡേറ്റില്ല; ആരാധകരെയുള്‍പ്പെടുത്തി കുചേലനില്‍ ഗാനരംഗം
കുചേലനിലെ ഗാനരംഗത്ത് അഭിനയിക്കാനുള്ള ക്ഷണം യുവതാരങ്ങളായ വിജയ്, അജിത്, സൂര്യ എന്നിവര്‍ നിരസിച്ചു. തുടര്‍ന്ന് രജനിയുടെ ആരാധകരെ ഉള്‍പ്പെടുത്തി ഗാനരംഗം അതിഗംഭീരമായി ചിത്രീകരിച്ചു.
ഷാരൂഖ് ചിത്രമായ ഓം ശാന്തി ഓമിലെ ഗാനം പോലെ താരനിബിഢമായ ഒരു ഗാനരംഗം ചിത്രീകരിക്കാമെന്നുവച്ചാണ് സംവിധായകന്‍ പി വാസുവും രജനിയും അജിത്, സൂര്യ, വിജയ് എന്നിവരെ സമീപിച്ചത്.
ഇത്തരത്തിലൊരു ഗാനം കുചേലന് വേണ്ടി ഒരുക്കുന്നുണ്ടെന്നും അതില്‍ അജിത്, സൂര്യ, വിജയ് എന്നിവര്‍ അഭിനയിക്കുമെന്നും പി വാസു നേരത്തേ ഒരു വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഡേറ്റില്ലാത്തിനാലാണ് തങ്ങള്‍ കുചേലനില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതെന്നാണ് താരങ്ങള്‍പറയുന്നത്. ഒരു മിനിറ്റു പോലും മാറ്റം വരുത്താന്‍ കഴിയാത്ത രീതിയില്‍ ടൈറ്റ് ഷെഡ്യൂളുകളുമായാണത്രേ ഇവര്‍ മുന്നോട്ടു പോകുന്നത്.
എന്നാല്‍ തങ്ങളുടെ അനുവാദം വാങ്ങാതെ തങ്ങളും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന കാര്യം പരസ്യമാക്കിയത് മൂന്നുപേര്‍ക്കും രസിച്ചിട്ടില്ലെന്നും അതിനാലാണ് അവര്‍ ഈ ഓഫര്‍ നിരസിച്ചതെന്നും ശ്രുതിയുണ്ട്. പിന്നീട് രജനിയുടെ തന്നെ നിര്‍ദ്ദേശപ്രകാരം വാസു ഇത്തരമൊരു ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നുവത്രേ.
താരങ്ങള്‍ മൂന്നുപേരും പങ്കെടുത്തില്ലെങ്കിലും സിനിമ സിനിമ എന്നു തുടങ്ങുന്ന ഗാനം ശാന്തി തിയേറ്ററില്‍ രജനിയുടെ 4000 ആരാധകരെ ഉള്‍പ്പെടുത്തി ചിത്രീകരിച്ചുകഴിഞ്ഞു. രജനിയുടെ കട്ട് ഔട്ടുകളില്‍ ആരാധകര്‍ മാല ചാര്‍ത്തുന്നതും പാലഭിഷേകം നടത്തുന്നതുമുള്‍പ്പെടെയുള്ള രംഗങ്ങള്‍ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗാനം ചിത്രീകരിച്ചുകഴിഞ്ഞതിന് ശേഷം കുചേലനില്‍ അഭിനയിക്കാന്‍ ഡേറ്റ് തരാത്തുതുമായി ബന്ധപ്പെട്ട് ആരോടും തനിക്ക് എതിര്‍പ്പും പിണക്കവുമില്ലെന്ന് വാസു വെളിപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. മാത്രമല്ല ചിത്രീകരണസമയത്ത് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുന്നത് രജനിക്ക് ഇഷ്ടമില്ലെന്നും എന്തായാലും താന്‍ വിചാരിച്ചതിലുമേറെ ഭംഗിയായി ഗാനം ചിത്രീകരിച്ചുകഴിഞ്ഞുവെന്നും വാസു പറഞ്ഞു.


Click it and Unblock the Notifications