മണിരത്നവും കമലഹാസനും ഒന്നിക്കുന്നു...!
മണിരത്നവും കമലഹാസനും ഒന്നിക്കുന്നു...!
മുംബൈ: തെന്നിന്ത്യന്‍ സിനിമയിലെ മുടിചൂടാമന്നന്മാരായ മണിരത്നവും കമലഹാസനും വീണ്ടും ഒന്നിക്കുന്നു. സംവിധാനവും അഭിനയവുമായി മിക്ക തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സ്ഥാനം ഉറപ്പിച്ച കമലഹാസന്‍... പുതുമയാര്‍ന്ന പ്രമേയങ്ങള്‍ കോര്‍ത്തിണക്കി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കുന്ന മണിരത്നം... ഇരുവരുടെയും ഒത്തുചേരല്‍ ഉത്സാഹത്തോടെയാണ് സിനിമാരംഗം എതിരേറ്റത്.
മുംബൈയിലെ ഒരു യുവ സിനിമാ വിതരണ-പ്രദര്‍ശന വ്യവസായിയുടെ വാക്കുകളില്‍ ഇത് സ്പഷ്ടം: കമല്‍ സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണെങ്കില്‍ പോലും ബോക്സോഫീസ് ഇളകും. പിന്നെ കമലഹാസനും മണരത്നവും ചേര്‍ന്നാലുള്ള അവസ്ഥ പറയേണ്ടല്ലോ.
തങ്ങള്‍ ഒന്നിക്കുകയാണെന്ന കാര്യം കമലും മണിയും വ്യക്തമാക്കിക്കഴിഞ്ഞു. ഒരുമിച്ചൊരു ചിത്രം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. എന്നാല്‍ തിരക്കഥയും മറ്റും ഇനിയും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ. ഞങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടപ്പെട്ട ഒരു കഥ മണി തേടുന്നുണ്ട്. ഇതിന് സമയമെടുക്കും. ഞാന്‍ ഇപ്പോള്‍ ഹിന്ദി-തമിഴ് ചിത്രമായ അഭയിന്റെ സെറ്റിലാണ്. അതിനു ശേഷം ഒരു തമിഴ് കോമഡി ചിത്രവും ചെയ്യാനുണ്ട്. ഇതിനിടക്ക് മണിയും ഒരു തമിഴ് ചിത്രം ചെയ്തു തീര്‍ക്കും. അതിനുശേഷമായിരിക്കും ഞങ്ങളൊരുമിച്ചുള്ള ചിത്രം - കമല്‍ പറഞ്ഞു.
കമലിന്റെ അഭയ് മെയ് മാസത്തോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അലൈ പായുതേക്കു ശേഷം മാധവനെ വച്ച് ഒരു തമിഴ് ചിത്രം കൂടി മണിരത്നത്തിന് പൂര്‍ത്തിയാക്കാനുണ്ട്.
ചിത്രത്തിലൂടെയല്ലെങ്കിലും കമലും മണിയും നേരത്തെ തന്നെ ഒരുമിച്ചതാണ് - കമലിന്റെ ജ്യേഷ്ഠന്റെ മകളും നടിയുമായ സുഹാസിനിയെ മണിരത്നം വിവാഹം ചെയ്തതിലൂടെ. തെന്നിന്ത്യയിലെ പ്രശസ്തമായ ഈ സിനിമാകുടുംബത്തില്‍ നിന്ന് വരുന്ന കുടുംബചിത്രത്തിന് നമുക്ക് ആകാംഷയോടെ കാത്തിരിക്കാം...


Click it and Unblock the Notifications