ഷാജി കൈലാസിന്റെ രണ്ട് തമിഴ് ചിത്രങ്ങള്‍
ഷാജി കൈലാസിന്റെ രണ്ട് തമിഴ് ചിത്രങ്ങള്‍
വാഞ്ചിനാഥന്റെ വന്‍വിജയത്തിന് ശേഷം ഷാജി കൈലാസ് തമിഴില്‍ പുതിയ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു. അജിത്തും അര്‍ജുനും നായകരാവുന്ന രണ്ട് ചിത്രങ്ങളാണ് ഷാജി കൈലാസ് തമിഴില്‍ ഒരുക്കുന്നത്.
വാഞ്ചിനാഥനു ശേഷം അശോക എന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങിയ ഷാജി കൈലാസ് അത് ഇടയ്ക്കുവെച്ച് ഉപേക്ഷിക്കുകയായിരുന്നു. പുതിയ തമിഴ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഷാജി മോഹന്‍ലാല്‍ ചിത്രമായ താണ്ഡവം തുടങ്ങുന്നത്.
അജിത്ത് നായകനാവുന്ന ചിത്രത്തിന് തിരുടാ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു കള്ളനായാണ് അജിത്ത് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഭരണകര്‍ത്താക്കളെ അമ്പരപ്പിക്കുന്ന സാധാരണക്കാരനായ കള്ളന്‍ അജിത്തിന്റെ ഒരു വ്യത്യസ്ത വേഷമായിരിക്കും. നര്‍മവും ആക്ഷനും നിറഞ്ഞ ചിത്രമാണ് ഇത്.
പ്രിയദര്‍ശന്റെ ചന്ദ്രലേഖയിലൂടെ അരങ്ങേറിയ മുംബൈമോഡല്‍ ടിഷയാണ് തിരുടായിലെ നായിക. മുംതാസ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മലയാള താരങ്ങളായ ലാലു അലക്സ്, സായികുമാര്‍, വിജയ്കുമാര്‍, തെലുങ്ക് നടനായ ശ്രഹരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
എസ്. എന്‍. സ്വാമി കഥയും തിരക്കഥയും രചിക്കുന്ന തിരുടായ്ക്ക് സംഭാഷണമെഴുതുന്നത് ഒരു പ്രശസ്ത തമിഴ് തിരക്കഥാകൃത്താണ്. ഛായാഗ്രഹണം സഞ്ജീവ് ശങ്കര്‍. കാജാ മൊയ്തീനാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications