തമിഴില്‍ മലയാള നടന്‍മാര്‍ സജീവം
തമിഴില്‍ മലയാള നടന്‍മാര്‍ സജീവം
തമിഴില്‍ നടിമാരുടെ മുന്‍നിരക്കു നിറം പകരുന്നത് മലയാള താരങ്ങളുടെ നിറഞ്ഞ സാന്നിധ്യമാണ്. ഒപ്പം മലയാള നടന്‍മാരും തമിഴില്‍ സജീവമാവുന്നു. ഒരു ഡസനോളം മലയാള നടന്‍മാരാണ് ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്നത്.
പൃഥ്വിരാജ്, സുനില്‍ എന്നീ യുവതാരങ്ങള്‍ തമിഴിന്റെ പ്രിയം പിടിച്ചുപറ്റുന്ന പുതിയ നായകരായി മാറിക്കഴിഞ്ഞുവെങ്കില്‍ പത്തോളം നടന്‍മാര്‍ വില്ലന്‍ വേഷങ്ങളിലും മറ്റു പ്രധാന വേഷങ്ങളിലും തമിഴില്‍ സജീവമാണ്. ബിജു മേനോന്‍, കലാഭവന്‍ മണി, രാജന്‍ പി. ദേവ്, ദേവന്‍, മധു വാര്യര്‍, ലാല്‍, തിലകന്‍, ക്യാപ്റ്റന്‍ രാജു, മനോജ് കെ. ജയന്‍ എന്നിവരാണ് ഇപ്പോള്‍ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചുവരുന്നത്.
ബിജു മേനോന് തമിഴില്‍ നായകവേഷങ്ങള്‍ തന്നെ ലഭിക്കുന്നുണ്ടെങ്കില്‍ കലാഭവന്‍ മണി, ദേവന്‍, രാജന്‍ പി. ദേവ്, തിലകന്‍, ബാബു ആന്റണി, ലാല്‍ എന്നിവര്‍ക്ക് വില്ലന്‍ വേഷങ്ങളാണ് ലഭിക്കുന്നത്.
മലയാളത്തിലെ യുവതാരങ്ങളായ സുനിലിനെയും പൃഥ്വിരാജിനെയും തേടി തമിഴില്‍ നിന്ന് ഒന്നിനു പിറകെ ഒന്നായി അവസരങ്ങളെത്തുകയാണ്. പൃഥ്വിരാജ് പുതുതായി ഡേറ്റ് നല്‍കിയിരിക്കുന്നത് മൂന്ന് ചിത്രങ്ങള്‍ക്കാണ്. ജ്യോതിക നായികയാവുന്ന ചിത്രവും ഇതില്‍പ്പെടും.
തമിഴില്‍ നരേന്‍ എന്ന പേര് സ്വീകരിച്ച സുനില്‍ ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റി കഴിഞ്ഞു. ഒരു പിടി ചിത്രങ്ങള്‍ സുനിലിന് ഇപ്പോള്‍ തമിഴില്‍ ലഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications