കാബൂളിവാല മീശൈമാധവനാവുന്നു
കാബൂളിവാല മീശൈമാധവനാവുന്നു
മലയാളത്തിലെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രം കൂടി തമിഴില്‍ റീമേക്ക് ചെയ്യുന്നു. സിദ്ദിക്ക്ലാലിന്റെ ഹിറ്റ്ചിത്രങ്ങളിലൊന്നായ കാബൂളിവാലയാണ് തമിഴില്‍ ഹിറ്റൊരുക്കുക എന്ന ലക്ഷ്യത്തോടെ റീമേക്ക് ചെയ്യുന്നത്.
കാബൂളിവാല തമിഴിലെത്തുമ്പോള്‍ പേരും മാറ്റും. മീശൈ മാധവന്‍ എന്നാണ് തമിഴ് റീമേക്കിന്റെ പേര്. എസ്. രാമുവാണ് മീശൈ മാധവന്‍ സംവിധാനം ചെയ്യുന്നത്.
മീശൈ മാധവനില്‍ നായകവേഷം ചെയ്യുന്നത് പുതുമുഖം രമണയാണ്. കാബൂളിവാലയില്‍ വിനീത് അവതരിപ്പിച്ച വേഷമാണ് രമണ മീശൈ മാധവനില്‍ അവതരിപ്പിക്കുന്നത്. കുട്ടിരാധിക, രാജീവ്, മണിവര്‍ണന്‍, അനന്തരാജ്, ത്യാഗം ഇളവരശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
കാബൂളിവാലയില്‍ ജഗതിയും ഇന്നസെന്റും അവതരിപ്പിച്ച കഥാപാത്രങ്ങളായ കന്നാസും കടലാസും പ്രേക്ഷകര്‍ക്ക് നിറഞ്ഞ ചിരി സമ്മാനിച്ച വേഷങ്ങളാണ്. സിദ്ദിക്ക് ലാലിന്റെ നാലാമത്തെ ചിത്രമായിരുന്നു കാബൂളിവാല.
ഇരട്ടസംവിധായകരായ സിദ്ദിക്ക്ലാല്‍ വേര്‍പിരിഞ്ഞതിന് ശേഷം സിദ്ദിക്ക് സ്വതന്ത്രമായി ഒരുക്കിയ ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍ എന്നീ ചിത്രങ്ങള്‍ തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. രണ്ട് ചിത്രങ്ങളും തമിഴില്‍ വന്‍വിജയം നേടി. സിദ്ദിക്ക് തന്നെയാണ് തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തത്. എന്നാല്‍ കാബൂളിവാല മറ്റൊരു സംവിധായകനാണ് തമിഴില്‍ ഒരുക്കുന്നത്.


Click it and Unblock the Notifications