twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചണ്ടിയറിന് ശനിദശ

    By Staff
    |

    ചണ്ടിയറിന് ശനിദശ

    ഷൂട്ടിംഗ് തുടങ്ങുംമുമ്പേ ഏറെ കൊട്ടിഘോഷിക്കപ്പെട്ട കമലഹാസന്റെ ചണ്ടിയര്‍ എന്ന സിനിമയെച്ചൊല്ലി തമിഴ്നാട്ടില്‍ വിവാദക്കൊടുങ്കാറ്റ്. ദളിത് രാഷ്ട്രീയപ്പാര്‍ട്ടികളാണ് ചണ്ടിയറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

    ചണ്ടിയര്‍ എന്ന പദം കൊണ്ട് തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളിലുള്ള തേവര്‍ സമുദായത്തിനെയാണ് കമലഹാസന്‍ മനസ്സില്‍ കാണുന്നത്. ദളിതരുമായി സ്ഥിരം ഏറ്റുമുട്ടുന്ന ദളിതരേക്കാള്‍ ഉയര്‍ന്ന സമുദായമാണ് തേവര്‍ സമുദായം. ചണ്ടിയര്‍ പുറത്തുവന്നാല്‍ വീണ്ടും ദളിത്-തേവര്‍ യുദ്ധം മൂര്‍ച്ഛിച്ചേക്കുമെന്ന് ദളിത്പാര്‍ട്ടികള്‍ ഭയപ്പെടുന്നു.

    ദളിതരുടെ പാര്‍ട്ടിയായ പുതിയ തമിഴകത്തിന്റെ നേതാവ് ഡോ. എസ്. കൃഷ്ണസ്വാമി പറയുന്നത് കേള്‍ക്കുക: ചണ്ടിയര്‍ എന്നാല്‍ റൗഡി, സാമൂഹ്യവിരുദ്ധന്‍ എന്നൊക്കെയാണ് അര്‍ത്ഥം. തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലെ സമുദായകലാപങ്ങള്‍ക്ക് കാരണം ചണ്ടിയര്‍മാരാണ്. ഇപ്പോള്‍ കമലാഹാസന്‍ ചണ്ടിയര്‍മാരെ ആദര്‍ശധീരന്മാരാക്കാന്‍ ശ്രമിയ്ക്കുകയാണ്. ഒരു റൗഡിയെ ഹീറോയാക്കി മാറ്റാന്‍ ശ്രമിയ്ക്കുകയാണ് കമല്‍. പക്ഷെ ഈ സിനിമയുടെ ഫലം എന്തായിരിക്കും? വീണ്ടും ഇത്തരം സമുദായ കലാപങ്ങള്‍ക്ക് ചിത്രം ഇടവരുത്തും.

    തേവര്‍ സമുദായത്തിനെ ആദര്‍ശധീരന്മാരാക്കി പലരും ഇതിന് മുമ്പും സിനിമയെടുത്തിട്ടുണ്ട്. കമലഹാസന്‍ തന്നെ നിര്‍മ്മിച്ച തേവര്‍ മകന്‍ ഇതിന് ഒരു ഉദാഹരണമാണ്. തമിഴ്തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച, കളക്ഷന്‍ റിക്കാര്‍ഡ് ഭേദിച്ച തേവര്‍ മകനിലെ ഒരു ഗാനത്തെക്കുറിച്ചുള്ള ഡോ. കൃഷ്ണസ്വാമിയുടെ വിമര്‍ശനം ഇതാണ്.

    ഗാനത്തിന്റെ വരി ഇതാണ്:

    തേവര്‍ കാലടി മണ്ണേ
    പൊട്ട് പാരടി പെണ്ണേ
    ഈ വരിയുടെ അര്‍ത്ഥം ഇതാണ് : (തേവരുടെ കാലടിക്കീഴിലെ മണ്ണ് കൊണ്ട് പൊട്ടു തൊടെടീ പെണ്ണേ...). തേവരുടെ കാലടി പതിഞ്ഞ മണ്ണ് അത്രയും പവിത്രമാണെന്നാണ് പാട്ടിന്റെ സൂചന. ഈപാട്ട് തേവര്‍മാര്‍ ദളിതരെ അടിച്ചമര്‍ത്താന്‍ വ്യാപകമായി ഉപോയിഗിച്ചിരുന്നതായും ഡോ. കൃഷ്ണസ്വാമി പറയുന്നു.

    ചണ്ടിയര്‍ എന്ന സിനിമയുടെ പേരിനൊപ്പം ഉപയോഗിച്ചിട്ടുള്ള വാളും തമിഴ്നാട്ടില്‍ വീണ്ടും ആയുധസംസ്കാരം കൊണ്ടുവരുമെന്നും കൃഷ്ണസ്വാമി കുറ്റപ്പെടുത്തുന്നു. സിനിമയുടെ പേര് മാറ്റണമെന്നതാണ് ദളിത് പാര്‍ട്ടികള്‍ ഉയര്‍ത്തുന്ന ഒരു ആവശ്യം.

    എന്നാല്‍ ചണ്ടിയറിന്റെ ഷൂട്ടിംഗുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കമലഹാസന്റെ തീരുമാനം. ഇപ്പോള്‍ കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ് കമല്‍. തിരിച്ചുവന്നാലുടന്‍ ചണ്ടിയര്‍ ഷൂട്ടിംഗ് ആരംഭിയ്ക്കുമെന്ന് കരുതുന്നു. കഥയെക്കുറിച്ചറിയാതെ ആരും ചെളിവാരിയെറിയരുത് എന്നാണ് കമലഹാസന്റെ പ്രതികരണം.

    മലയാളികള്‍ക്ക് പരിചിതയായ നടി അഭിരാമിയാണ് ഈ ചിത്രത്തിലെ നായിക.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X