രേണുകയുടെ ആദ്യ തമിഴ് ചിത്രമൊരുങ്ങി
രേണുകയുടെ ആദ്യ തമിഴ് ചിത്രമൊരുങ്ങി
തമിഴിലെ വളര്‍ന്നുവരുന്ന യുവതാരം ജയം രവിയുടെ നായികയായി മലയാളി നടി രേണുകാ മേനോന്‍ വേഷമിടുന്ന ദാസ് പ്രദര്‍ശനത്തിനൊരുങ്ങി. രേണുകാ മേനോന്റെ ആദ്യതമിഴ്ചിത്രമാണിത്.
പല ടിവി സീരിയലുകള്‍ക്കും സംഭാഷണം രചിച്ചിട്ടുള്ള ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയം രവി ഒരു ഫുട്ബോള്‍ താരമായാണ് പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ റീമേക്ക് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചിട്ടുള്ള രവിയുടെ ആദ്യത്തെ സ്വതന്ത്ര തമിഴ് ചിത്രമാണ് ദാസ്. ക്ഷുഭിതനായ യുവാവായി രവി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിന് ആദ്യം റാസ്കല്‍ എന്നാണ് പേരിട്ടിരുന്നത്. പിന്നീട് ഈ പേര് മാറ്റി രവിയുടെ കഥാപാത്രത്തിന്റെ പേര് ചിത്രത്തിനു നല്‍കി.
തമിഴില്‍ ഭാഗ്യപരീക്ഷണം നടത്തുന്ന രേണുകയോടൊപ്പം അഴകി ഫെയിം മോണിക്കയും ഈ ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഉപനായികയാണ് മോണിക്ക. രവിയോടൊപ്പമുള്ള രഹസ്യയുടെ നൃത്തരംഗം ചിത്രത്തിന് ആകര്‍ഷണമാകുന്നുണ്ട്.
മലയാളത്തില്‍ നമ്മള്‍, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, ഫ്രീഡം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രേണുക തന്റെ ആദ്യതമിഴ് ചിത്രത്തില്‍ അല്പസ്വല്പം ഗ്ലാമറസായൊക്കെ പ്രത്യക്ഷപ്പെടാന്‍ തയ്യാറായിട്ടുണ്ട്. തെലുങ്കില്‍ ശ്രദ്ധ പിടിച്ചുപറ്റിയതിനു ശേഷമാണ് രേണുക തമിഴിലെത്തുന്നത്. രേണുകയുടെ രണ്ടാമത്തെ തമിഴ് ചിത്രമായ ഫിബ്രവരി 14 ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കും.


Click it and Unblock the Notifications