രജനിക്ക് നായിക ഐശ്വര്യയോ റാണിയോ?
രജനിക്ക് നായിക ഐശ്വര്യയോ റാണിയോ?
രജനീകാന്തിന്റെ പുതിയ ചിത്രമായ ജഗ്ഗുഭായ്യില്‍ ബോളിവുഡ് താരം നായികയായേക്കും. ഐശ്വര്യാറായിയുടെയും റാണി മുക്കര്‍ജിയുടെയും പേരുകളാണ് നായികയുടെ സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നത്.
രജനിയുടെ ഒടുവിലത്തെ ചിത്രമായ ബാബയില്‍ ബോളിവുഡ് നടി മനീഷ കൊയ്രാളയായിരുന്നു നായിക. കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന ജഗ്ഗുഭായ്യില്‍ ബോളിവുഡിലെ മുന്‍നിരനടിയെ നായികയാക്കി ചിത്രത്തിന് താരശോഭ കൂട്ടുകയാണ് ലക്ഷ്യം.
ഐശ്വര്യാറായിയും റാണി മുക്കര്‍ജിയും തമിഴില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ഇരുവര്‍ എന്ന തമിഴ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് ഐശ്വര്യ സിനിമയില്‍ തുടക്കം കുറിച്ചത്. ജീന്‍സ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്നീ തമിഴ് ചിത്രങ്ങളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍ മമ്മൂട്ടിയുടെ നായികയായാണ് ഐശ്വര്യ അഭിനയിച്ചത്.
കമലഹാസന്‍ സംവിധാനം ചെയ്യുകയും കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്ത ഹേ റാം ആണ് റാണി മുക്കര്‍ജി അഭിനയിച്ച തമിഴ് ചിത്രം. കമലഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ബംഗാളി ഭാര്യയായാണ് റാണി ഈ ചിത്രത്തില്‍ അഭിനയിച്ചത്.
ജഗ്ഗുഭായിയില്‍ ഒരു തമിഴ് നടിയും ഉണ്ടായിരിക്കുമെന്ന് അറിയുന്നു. ജ്യോതികയാവാനാണ് സാധ്യത. മീന ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ പറഞ്ഞുകേട്ടിരുന്നെങ്കിലും ബോളിവുഡ് നടി നായികയാവുന്നതോടെ മീനക്ക് സാധ്യതയില്ലാതാവുമെന്നാണ് അറിയുന്നത്.
രജനീകാന്തിന്റെ ജ്യേഷ്ഠന്‍ സത്യനാരായണ ഗെയ്ക്വാദാണ് ജഗ്ഗുഭായ് നിര്‍മിക്കുന്നത്. പടയപ്പക്ക് ശേഷം കെ. എസ്. രവികുമാറും രജനിയും ഒന്നിക്കുന്ന ചിത്രമാണിത്.


Click it and Unblock the Notifications