ജ്യോതികയ്ക്ക് വിലക്ക്
ജ്യോതികയ്ക്ക് വിലക്ക്
താരങ്ങളും നിര്‍മാതാക്കളും തമ്മിലുള്ള വഴക്ക് മലയാളത്തിലെന്നതു പോലെ തമിഴിലും സാധാരണമായിട്ടുണ്ട്. മലയാളത്തിലെ താരങ്ങള്‍ക്കെതിരെ ഫിലിം ചേംബര്‍ വിലക്കും മറ്റുമേര്‍പ്പെടുത്തുന്നതിന് സമാനമായ നടപടികള്‍ തമിഴിലെ നിര്‍മാതാക്കളുടെ സംഘടനയും സ്വീകരിക്കുന്നു.
ജ്യോതികയാണ് തമിഴിലെ നിര്‍മാതാക്കളുടെ സംഘടനയുടെ വിലക്കിന് ഒടുവില്‍ വിധേയമായത്. ജ്യോതികയെ പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നുമാണ് നിര്‍മാതാക്കളുടെ സംഘടന വിലക്കിയത്. കെ. പി. ഫിലിംസിന്റെ ബാലു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജ്യോതികയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
കെ. പി. ഫിലിംസ് നിര്‍മിക്കുന്ന നന്‍പാ നന്‍പാ എന്ന ചിത്രത്തില്‍ നായികയാവുന്നതിന് രണ്ട് വര്‍ഷം മുമ്പ് ജ്യോതികയെ എട്ട് ലക്ഷം രൂപയ്ക്ക് കരാര്‍ ചെയ്തിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി. ഇപ്പോള്‍ മണികണ്ഠാ എന്ന പേരില്‍ ഈ ചിത്രം വീണ്ടും തുടങ്ങാന്‍ തീരുമാനിക്കുകയും ഷൂട്ടിംഗിനായി ജ്യോതികയോട് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമേ അഭിനയിക്കാനാവൂവെന്നാണ് ജ്യോതിക ബാലുവിനെ അറിയിച്ചത്.
ബാലുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടനയുടെ മുന്നില്‍ ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജ്യോതികയ്ക്ക് നോട്ടീസയച്ചുവെങ്കിലും ജ്യോതിക അതിന് തയ്യാറായില്ല. ജ്യോതികയുടെ നിസ്സഹകരണത്തില്‍ പ്രതിഷേധിച്ചാണ് പുതിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കാന്‍ സംഘടന തീരുമാനിച്ചത്.


Click it and Unblock the Notifications











