twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്യന്‍ എത്തുന്നു

    By Staff
    |

    അന്യന്‍ എത്തുന്നു

    തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷങ്കര്‍-വിക്രം ചിത്രം അന്യന്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമെന്ന നിലയിലും ഷങ്കര്‍-വിക്രം കോമ്പിനേഷന്റെ പേരിലും വാര്‍ത്താപ്രാധാന്യം നേടിയ അന്യന്‍ ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്.

    വിക്രത്തിന്റെ വളരെ വ്യത്യസ്ത വേഷങ്ങളാണ് ഈ ചിത്രത്തില്‍ കാണാനാവുക. മൂന്ന് കഥാപാത്രങ്ങളിലൂടെ മുപ്പതോളം വ്യത്യസ്ത രൂപഭാവങ്ങളുമായാണ് വിക്രം അന്യനില്‍ പ്രത്യക്ഷപ്പെടുന്നത്. ഷങ്കറും വിക്രമും ആദ്യമായി ഒന്നിക്കുന്ന അന്യന് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന സാങ്കേതിക പൂര്‍ണതയുണ്ടെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

    സമൂഹത്തിലെ അനീതിക്കും തിന്മയ്ക്കുമെതിരെ പ്രതികരിക്കുകയും നീതിക്കായി പലപ്പോഴും പോരാട്ടത്തിന്റെ പാതയിലേക്ക് നീങ്ങുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് അന്യന്‍ പറയുന്നത്. അംബി എന്ന് അറിയപ്പെടുന്ന രാമാനുജം വക്കീലിന്റെ നീതിക്കായുള്ള പോരാട്ടത്തിനിടയില്‍ ഈ കഥാപാത്രം വ്യത്യസ്തമായ രൂപഭാവങ്ങള്‍ സ്വീകരിക്കുന്നു. അസാധാരണമായ സംഘട്ടനരംഗങ്ങളും ഗാനങ്ങളുമുള്ള ഈ ചിത്രം ആദ്യന്തം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒരു എന്റര്‍ടെയ്നര്‍ എന്ന നിലയിലാണ് ഒരുക്കിയിരിക്കുന്നത്.

    ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഷങ്കര്‍ ഇങ്ങനെ പറയുന്നു: വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തെ സാമ്പത്തികസ്ഥിതിയും ജീവിതശൈലിയും വൃത്തിയും കണ്ട് നാം അത്ഭുതപ്പെടാറുണ്ട്. എന്തുകൊണ്ടാണു നമ്മുടെ രാജ്യം അതുപോലെ വളരാത്തതെന്ന് ചിന്തിക്കാറുണ്ട്. അതു പോലുള്ള ചിന്ത തന്നെയാണ് അന്യന്റെ കഥയിലേക്ക് എത്തിച്ചത്.

    26 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച ഈ ചിത്രം തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ്. ഒരു പക്ഷേ ദേവദാസ് കഴിഞ്ഞാല്‍ ഇന്ത്യയിലുണ്ടായ ഏറ്റവും ചെലവേറിയ ചിത്രം. അതിശയിപ്പിക്കുന്ന ഗ്രാഫിക്സുകളിലൂടെയും സാങ്കേതികമേന്മയിലൂടെയും ചിത്രം ഒരു സംഭവമാക്കാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമമാണ് ചിത്രം ഇത്രയേറെ ചെലവേറിയതാകാന്‍ കാരണമായത്.

    കോടികള്‍ ചെലവഴിച്ചാണ് അന്യനിലെ ഗാനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു ഗാനരംഗത്തിനായി തെങ്കാശിയിലെ 350 വീടുകള്‍ മനോഹരമായി പെയിന്റ് ചെയ്ത് ഒരുക്കി. മലേഷ്യന്‍ വിമാനത്താവളത്തിലാണ് ഒരു ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്.

    ബോളിവുഡിലെ ഐറ്റം നമ്പര്‍ താരം യാനഗുപ്തയുടെ ഗാനരംഗം ചിത്രത്തിന്റെ സവിശേഷകളിലൊന്നാണ്. യാനഗുപ്തയോടൊപ്പം ഇരുപതോളം മോഡലുകള്‍ പ്രത്യക്ഷപ്പെടുന്ന ഗാനരംഗം മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്.

    സദയാണ് ചിത്രത്തിലെ നായിക. പ്രകാശ്രാജ് വില്ലന്‍ വേഷം അവതരിപ്പിക്കുന്ന ചിത്രത്തില്‍ നെടുമുടി വേണു ചിത്രത്തില്‍ പാര്‍ഥസാരഥി എന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളനടന്‍മാരായ കലാഭവന്‍ മണി, കൊച്ചിന്‍ഹനീഫ എന്നിവര്‍ക്കും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമുണ്ട്.

    ഹാരിസ് ജയരജാജ് സംഗീതം പകരുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇമ്പമാര്‍ന്നതാണ്. ഗാനങ്ങള്‍ ഓരോന്നും വ്യത്യസ്തമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ആലപിക്കുന്നത് ജാസി ഗിഫ്റ്റാണ്. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, വസുന്ധരാദാസ് എന്നിവരും പാടിയിരിക്കുന്നു. ഓസ്കാര്‍ ഫിലിംസിന്റെ ബാനറില്‍ വി. രവിചന്ദ്രനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X