അസിന്‍ വിക്രം ചിത്രത്തില്‍ നായിക
അസിന്‍ വിക്രം ചിത്രത്തില്‍ നായിക
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന അന്യനു ശേഷം വിക്രം അഭിനയിക്കുന്ന ചിത്രമാണ് മജ. തമിഴിലെ മുന്‍നിരയില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞ മലയാളി നടി അസിനാണ് ഈ ചിത്രത്തിലെ നായിക.
സൂപ്പര്‍ഹിറ്റായ മലയാളചിത്രം തൊമ്മനും മക്കളും ആണ് തമിഴില്‍ മജ ആയി റീമേക്ക് ചെയ്യുന്നത്. മലയാളത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച വേഷമാണ് മജയില്‍ വിക്രം അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ലയയുടെ വേഷമാണ് അസിന്‍ തമിഴില്‍ അവതരിപ്പിക്കുന്നത്.
മുംബൈ എക്സ്പ്രസ്സിലൂടെ കോമഡി കഥാപാത്രം തനിക്ക് ചേരുമെന്ന് തെളിയിച്ച പശുപതിയാണ് മലയാളചിത്രത്തില്‍ ലാല്‍ ചെയ്ത വേഷം അവതരിപ്പിക്കുന്നത്. വിക്രമിന്റെ മൂത്തസഹോദരന്റെ വേഷമാണിത്. തൊമ്മനായി അഭിനയിച്ച രാജന്‍ പി. ദേവിന്റെ വേഷം മണിവര്‍ണനാണ്.
തൊമ്മനും മക്കളും സംവിധാനം ചെയ്ത ഷാഫിയാണ് തമിഴ് ചിത്രവുമൊരുക്കുന്നത്. ഷാഫിയുടെ ആദ്യതമിഴ് ചിത്രമായിരിക്കും ഇത്. സിദ്ദിക്ക്, വിനയന്‍, ശശിശങ്കര്‍ എന്നിവരും നേരത്തെ തങ്ങളുടെ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുമായി തമിഴിലെത്തിയിരുന്നു. അന്യന്‍ റീലീസ് ചെയ്തതിന് ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ജൂണ്‍ 10നാണ് അന്യന്‍ റിലീസ് ചെയ്യുന്നത്.
മലയാളത്തില്‍ നിന്ന് റീമേക്ക് ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലാണ് വിക്രം അഭിനയിക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ കാശിയില്‍ മികച്ച പ്രകടനാണ് വിക്രം കാഴ്ച വച്ചിരുന്നത്.
വിജയ്യുടെയും സൂര്യയുടെയും നായികയായി അഭിനയിക്കുന്ന അസിന്‍ വിക്രമിനോടൊപ്പവും അഭിനയിക്കുന്നതിലൂടെ തമിഴിലെ യുവതാരങ്ങളുടെ നായികയെന്ന പേരെടുക്കുകയാണ്. തെലുങ്കിലെ വിജയങ്ങള്‍ക്കു ശേഷമാണ് അസിന്‍ തമിഴ് നടിമാരുടെ ഒന്നാം നിരയിലെത്തിയിരിക്കുന്നത്.


Click it and Unblock the Notifications