ബാബയില്‍ രമ്യാ കൃഷ്ണന്‍
ബാബയില്‍ രമ്യാ കൃഷ്ണന്‍
രജനികാന്തിന്റെ പുതിയ ചിത്രമായ ബാബയെ പേര് പോലെ തന്നെ നിഗൂഢത പൊതിഞ്ഞുനില്‍ക്കുന്നു. ചിത്രത്തിന്റെ കഥ ഇതു വരെ പുറത്തുവിടാത്ത രജനി ചിത്രീകരണത്തിനിടയില്‍ പല മാറ്റങ്ങളും വരുത്തുകയും ചെയ്തു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ രമ്യാ കൃഷ്ണനെ ഉള്‍പ്പെടുത്തിയതും വില്ലന്‍ റോളിലായിരുന്ന പ്രകാശ്രാജ് ഔട്ടായതും ബാബയുടെ പുതിയ വിശേഷങ്ങളാണ്.
പടയപ്പയില്‍ ജയലളിതയുമായി സാദൃശ്യമുള്ള നീലാംബരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രമ്യാ കൃഷ്ണന്‍ ഏറെ ശ്രദ്ധേയയായിരുന്നു. രജനികാന്തിന്റെ കഥാപാത്രത്തോളം രമ്യാ കൃഷ്ണന്റെ വില്ലത്തി വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ രജനിയുടെ പുതിയ ചിത്രത്തില്‍ തന്നെ വിളിക്കാത്തതിന്റെ പരിഭവം രമ്യാ കൃഷ്ണന്‍ പ്രകടിപ്പിച്ചതിന് പിന്നാലെ രമ്യയ്ക്കായി ബാബയില്‍ ഒരു കഥാപാത്രം തന്നെ രൂപം കൊണ്ടിരിക്കുകയാണ്.
ക്രിക്കറ്റ് ടീമിലേതു പോലെയാണ് രജനി ചിത്രത്തിലെ കാസ്റിംഗും. രമ്യ വന്നപ്പോള്‍ പ്രകാശ് രാജ് ഔട്ട്. പ്രകാശിന്റെ വില്ലന്‍ വേഷവും അപ്രത്യക്ഷമായി. അതും ചിത്രീകരണം നടക്കുന്നതിനിടയിലാണ് ഈ കഥാമാറ്റവും മറ്റും. വില്ലന്‍ വേഷം അവതരിപ്പിക്കാനുദ്ദേശിച്ചിരുന്ന പ്രകാശ് രാജ് ഔട്ടായ സ്ഥിതിയ്ക്ക് ബാബയിലും രമ്യാ കൃഷ്ണന് നെഗറ്റീവ് വേഷമാവുമെന്നാണ് കരുതുന്നത്.
അതിനിടെ പുതിയ ചിത്രത്തിലും രജനി ജയലളിതയ്ക്കെതിരെ കൂരമ്പുകള്‍ തൊടുക്കുന്നുണ്ടെന്നാണറിയുന്നത്. രജനികാന്ത് തന്റെ സുഹൃത്താണെന്ന് ജയലളിത പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജയയെ രജനി സുഹൃത്തായി കണ്ടുതുടങ്ങിയിട്ടില്ലെന്നു തോന്നുന്നു. അമ്മയ്ക്കെതിരെ സംഭാഷണത്തിന്റെ ചാട്ടുളികളാണത്രെ ബാബയില്‍ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications