സന്ദിയാറിന്റെ ചിത്രീകരണം മുടങ്ങി
സന്ദിയാറിന്റെ ചിത്രീകരണം മുടങ്ങി
ചെന്നൈ: പുതിയ തമിഴകം എന്ന ദളിത് പാര്‍ട്ടിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കമലഹാസന്റെ പുതിയ ചിത്രമായ സന്ദിയാറിന്റെ ചിത്രീകരണം മുടങ്ങി.
ചിത്രം തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ വര്‍ഗീയ ലഹളയ്ക്ക് കാരണമാവുമെന്ന് ആരോപിച്ച് പുതിയ തമിഴകം എതിര്‍പ്പുയര്‍ത്തിയതിനെ തുടര്‍ന്നാണ് കമല്‍ തത്കാലത്തേക്ക് സന്ദിയാറിന്റെ ചിത്രീകരണം വേണ്ടെന്നുവച്ചത്. ചിത്രീകരണം തടയുമെന്ന് പുതിയ തമിഴകം മുന്നറിയിപ്പ് നല്‍കിയിരുന്നു.
തേനി ജില്ലയിലെ ചിന്നമന്നൂരിലും ബോഡിനയഗാന്നൂരിലും സിനിമയുടെ ചിത്രീകരണത്തിനായി ഒരുക്കങ്ങള്‍ നടത്തിയിരുന്നു. കൂറ്റന്‍ സെറ്റുകളാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയത്. ജൂണ്‍ ഒമ്പത് മുതല്‍ ചിത്രീകരണം തുടങ്ങാനായിരുന്നു പദ്ധതി.
ഒരു പഴയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നതെന്ന് കമലഹാസന്‍ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് പഴയ ഒരു ജാതി കലാപ സംഭവത്തെ അടിസ്ഥാനമാക്കിയുളള ചിത്രം നിര്‍മിക്കുകയാണെങ്കില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുമെന്ന് ആരോപിച്ച് പുതിയ തമിഴകം രംഗത്തെത്തുകയായിരുന്നു.അതേ സമയം ചിത്രത്തിന്റെ ഷൂട്ടിംഗിന് സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ് തേവര്‍ സംഘടനയായ മൂവേന്ദര്‍ മുന്നേറ്റ കഴകം മുന്നോട്ടുവന്നിട്ടുണ്ട്.
ഏതാനും ദിവസം മുമ്പാണ് ചിത്രീകരണം ഉപേക്ഷിച്ച് കമലഹാസന്‍ ചെന്നൈയിലേക്ക് തിരിച്ചെത്തിയത്. തന്റെ ചിത്രം ജാതി പക വളര്‍ത്തുമെന്ന ആരോപണം ശരിയല്ലെന്ന് കമലഹാസന്‍ പറഞ്ഞു.
താന്‍ എല്ലാ ജാതിക്കും എതിരാണ്. ജാതി വിദ്വേഷം വളര്‍ത്തുന്ന ചിത്രം നിര്‍മിക്കാന്‍ താനൊരുങ്ങില്ല. തന്റെ സിനിമയെ രാഷ്ട്രീയവത്കരിക്കരുത്. താനൊരു രാഷ്ട്രീയക്കാരനല്ല-കമലഹാസന്‍ പറഞ്ഞു.
മുഖ്യമന്ത്രി ജയലളിതയെ കണ്ട് ചിത്രത്തിന്റെ കഥ വിശദീകരിക്കുമെന്നും ചിത്രീകരണത്തിന് സംരക്ഷണം ആവശ്യപ്പെടുമെന്നും കമലഹാസന്‍ പറഞ്ഞു.
ഈ ആവശ്യത്തിന് ജയലളിതയെ കാണാനായി കമലഹാസന്‍ നേരത്തേയും ശ്രമിച്ചിരുന്നു. എന്നാല്‍ ജയലളിത കമലഹാസനെ കാണാന്‍ വിസമ്മതിച്ചു. ഇപ്പോള്‍ തന്നെ ജയലളിത അധകൃത വിരുദ്ധയാണെന്നാണ് പരക്കെ സംസാരം. ചലച്ചിത്രത്തിന്റെ ചിത്രീകരണത്തിനായി സംരക്ഷണം നല്‍കാനുള്ള അഭ്യര്‍ത്ഥന സ്വീകരിയ്ക്കാനായി കമലഹാസനെ കാണുന്നതുപോലും ജനങ്ങള്‍ക്കിടയിലെ ഈ ധാരണയ്ക്ക് ആക്കം കൂടുമെന്നാണ് ജയലളിത കരുതുന്നത്. ഇതാണ് ജയലളിത കമലഹാസനെ കാണാന്‍ വിസമ്മതിയ്ക്കാന്‍ കാരണം.


Click it and Unblock the Notifications