കമലഹാസനും രജനീകാന്തും ഒന്നിക്കുന്നു
കമലഹാസനും രജനീകാന്തും ഒന്നിക്കുന്നു
തമിഴ് സിനിമയിലെ മുടിചൂടാമന്നന്മാരായ കമലഹാസനും രജനീകാന്തും ഒന്നിക്കുന്നു. ഇരുപതുവര്‍ഷമായി സമാന്തരരേഖയില്‍ക്കൂടി മാത്രം കടന്നുപോയിരുന്ന ഈ വന്‍താരങ്ങളുടെ ഒന്നിച്ചുചേരല്‍ ഏറെ പ്രതീക്ഷയോടെയാണ് തമിഴ് സിനിമാ ലോകം ഉറ്റു നോക്കുന്നത്.
കമലഹാസനും ജയറാമും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച തെനാലിയുടെ വിജയാഘോഷവേളയിലാണ് രജനിയും കമലഹാസനും ഒന്നിച്ചഭിനയിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. പണ്ട് തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച കാര്യം കമലഹാസന്‍ ചൂണ്ടിക്കാണിച്ചതാണ് ഇരുവരുടെയും സംഗമത്തിന് വീണ്ടും വഴിയൊരുക്കിയത്.
ഒരിക്കല്‍ക്കൂടി ഒന്നിക്കാന്‍ തയ്യാറാണെന്ന കമലഹാസന്റെ പ്രസ്താവനയെ സന്തോഷത്തോടെയാണ് രജനി എതിരേറ്റത്. കമലിന്റെ ആഗ്രഹപ്രകാരം ഒന്നിച്ചഭിനയിക്കാന്‍ തയ്യാറാണെന്ന് രജനിയും വ്യക്തമാക്കി. സിനിമയില്‍ എന്നും തന്റെ ഗുരുവായിരുന്നു കമലഹാസന്‍ എന്ന കാര്യം രജനി ചൂണ്ടിക്കാട്ടി. കമലഹാസന്‍ ചിത്രങ്ങളില്‍ വില്ലനായി വന്നപ്പോഴും പിന്നീട് താരപദവി നേടിയപ്പോഴും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം പൂര്‍ണമനസ്സാലെ സ്വീകരിച്ചിട്ടേയുള്ളൂ എന്ന് രജനി ചൂണ്ടിക്കാട്ടി.
രണ്ട് താരങ്ങളും ഒന്നിക്കാന്‍ സമ്മതം മൂളിയതോടെ ഇവര്‍ക്കായി ഒരു ചിത്രം ഒരുക്കാനുള്ള ഓട്ടത്തിലാണ് തമിഴ്സിനിമയിലെ അണിയറപ്രവര്‍ത്തകര്‍. ചിത്രം നിര്‍മ്മിക്കാനായി ഇപ്പോള്‍ തന്നെ ഒരു വന്‍നിര തയ്യാറായിരിക്കുകയാണത്രെ. രണ്ടു സൂപ്പര്‍താരങ്ങള്‍ ഉണ്ടെങ്കില്‍ കോടികള്‍ തന്നെ മുടക്കാന്‍ മടിയില്ല എന്നാണത്രെ നിര്‍മ്മാതാക്കളുടെ ഭാവം.


Click it and Unblock the Notifications