കമലിനും നയന്‍ നായിക
കമലിനും നയന്‍ നായിക
രജനീകാന്തിന്റെ നായികയായി ചന്ദ്രമുഖിയില്‍ തിളങ്ങിയ നയന്‍താര ആ ചിത്രത്തോടെ തമിഴിലെ നടിമാരുടെ ഒന്നാം നിരയിലേക്ക് ഉയര്‍ന്നു. രജനീകാന്ത് ചിത്രത്തിനു ശേഷം കമലഹാസനൊപ്പവും നയന്‍താര വേഷമിടുന്നു. കമലിന്റെ നായികയാവുന്നതോടെ നയന്‍താരയുടെ തമിഴിലെ താരമൂല്യം വീണ്ടുമുയരും.
സൂപ്പര്‍ഹിറ്റായ മുംബൈ എക്സ്പ്രസ്സിനു ശേഷം കമലഹാസന്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര നായികയാവുന്നത്. മലയാളിയായ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് വേട്ടയാട് വിളയാട് എന്നാണ്. മിന്നലെ, കാക്ക കാക്ക എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രമാണിത്.
ചിത്രത്തിലെ രണ്ട് നായികമാരിലൊരാളാണ് നയന്‍താര. ജ്യോതികയാണ് മറ്റൊരു നായിക. ചന്ദ്രമുഖിയിലും നയന്‍താരയും ജ്യോതികയുമായിരുന്നു നായികമാര്‍. ചന്ദ്രമുഖിയില്‍ നയന്‍താര രജനീകാന്തിന്റെ നായികയായപ്പോള്‍ പ്രഭുവിന്റെ നായികയാണ് ജ്യോതിക അഭിനയിച്ചത്.
മുംബൈ എക്സ്പ്രസ്സില്‍ മരണക്കിണറില്‍ ബൈക്കോടിക്കുന്ന ബധിരനായി അഭിനയിച്ച കമലഹാസന്‍ പുതിയ ചിത്രത്തില്‍ ഒരു കൊലപാതകിയെ അന്വേഷിക്കുന്ന പൊലീസ് ഓഫീസറായാണ് പ്രത്യക്ഷപ്പെടുന്നത്. മുമ്പും പൊലീസ് വേഷങ്ങള്‍ കമല്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തില്‍ കമലിന് വ്യത്യസ്തമായ ഒരു പൊലീസ് കഥാപാത്രമാണ്.
ഹാരിസ് ജയരാജാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ന്യൂയോര്‍ക്കും ഹൈദരാബാദുമാണ്. ചിത്രത്തിന്റെ ആദ്യഭാഗം ന്യൂയോര്‍ക്കിലുമാണ് രണ്ടാം ഭാഗം ചെന്നൈയിലുമാണ് നടക്കുന്നത്. തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലാണ് ക്ലൈമാക്സ് ചിത്രീകരിക്കുന്നത്.
സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായി പേരെടുത്ത മലയാളിയായ ഗൗതം മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന പ്രൊജക്ട് ഒഴിവാക്കിയാണ് പുതിയ ചിത്രം തുടങ്ങുന്നത്. സൂര്യയെ നായകനാക്കി ചെന്നൈയില്‍ ഒരു മഴൈക്കാലം എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ പ്രൊജക്ട് മുടങ്ങിപ്പോയതിനെ തുടര്‍ന്നാണ് കമലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നത്.


Click it and Unblock the Notifications