സുനില്‍ ഭാവനയുമായി തമിഴിലേക്ക്
സുനില്‍ ഭാവനയുമായി തമിഴിലേക്ക്
മലയാളത്തിലെ നടീനടന്‍മാര്‍ ഒരു തമിഴ് ചിത്രത്തില്‍ നായികനായകന്‍മാരാകുന്നത് ആദ്യമായാണ്. മലയാള നടന്‍മാര്‍ നായകരായ തമിഴ് ചിത്രങ്ങളില്‍ അന്യഭാഷാ നടിമാര്‍ നായികമാരാവുമ്പോള്‍ തമിഴ് നായകന്മാരുടെ ചിത്രങ്ങളിലാണ് മലയാളത്തില്‍ നിന്നുള്ള നടിമാര്‍ അഭിനയിച്ചിട്ടുള്ളത്.
പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രത്തില്‍ മലയാള നടി ഗോപികയാണ് നായികയായതെങ്കിലും ആ ചിത്രത്തില്‍ നായകന്‍ ശ്രീകാന്തായിരുന്നു. പൃഥ്വിരാജിന് വില്ലന്‍ വേഷമായിരുന്നു. ഏതായാലും മലയാളത്തില്‍ നിന്നുള്ള നടീനടന്മാരെ നായികാനായകന്മാരാക്കി ഒരു പരീക്ഷണം തമിഴില്‍ അരങ്ങേറുകയാണ്.
ചിത്തിരം പേശുതടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുനിലും ഭാവനയുമാണ് നായികാനായകന്‍മാരാകുന്നത്. ഇരുവരുടെയും തമിഴിലെ ആദ്യചിത്രമാണിത്. മലയാളത്തില്‍ ഫോര്‍ ദി പീപ്പിള്‍, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ പ്രകടനമാണ് സുനിലിന് തമിഴിലേക്കുള്ള വഴി തുറന്നുകൊടുത്തത്.
മീരാ ജാസ്മിന്‍, നയന്‍താര, അസിന്‍, ഗോപിക, നവ്യാനായര്‍ തുടങ്ങിയ മലയാളനടിമാരെയൊക്കെ തമിഴ് ഇരുകൈയും നീട്ടി സ്വീകരിച്ചപ്പോള്‍ ഭാവനക്കു എന്തുകൊണ്ടോ തമിഴിലേക്കുള്ള പ്രവേശനം എളുപ്പമായില്ല. ഭാവനയ്ക്ക് നേരത്തെ ദൂത് എന്നൊരു തമിഴ് ചിത്രത്തില്‍ നായികയാവാന്‍ അവസരം ലഭിച്ചതാണെങ്കിലും ചിത്രീകരണം ഇടക്കുവച്ചു നിലച്ചതിനാല്‍ ആ പ്രൊജക്ട് ഉപേക്ഷിച്ചിരുന്നു. ഏതായാലും ചിത്തിരം പേശുതടിയിലൂടെ ഒടുവില്‍ ഭാവനയ്ക്കും തമിഴിലെത്താനുള്ള ഭാഗ്യം കിട്ടിയിരിക്കുന്നു.
ആക്ഷന്‍ ചിത്രമാണ് ചിത്തിരം പേശുതടി. ഫോര്‍ ദി പീപ്പിളില്‍ ശ്രദ്ധേയമായ പൊലീസ് കഥാപാത്രവും അച്ചുവിന്റെ അമ്മയില്‍ നായകവേഷവും സുനില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ആക്ഷന്‍ ഹീറോയായി അഭിനയിക്കുന്നത്. മലയാളത്തിലെ വളര്‍ന്നുവരുന്ന താരമായ സുനിലിന് സ്വന്തം ഭാഷയില്‍ കിട്ടാത്ത ഭാഗ്യമാണ് ആദ്യതമിഴ് ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത്.
അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ അധോലോക നായകന്റെ സഹായിയായ തിരു എന്ന കഥാപാത്രത്തെയാണ് സുനില്‍ അവതരിപ്പിക്കുന്നത്. കാതല്‍ ദണ്ഡപാണിയാണ് അധോലോകനായകന്റെ വേഷത്തില്‍. സുനിലിന്റെ കാമുകിയുടെ വേഷത്തില്‍ ഭാവനയെത്തുന്നു.
നവാഗത സംവിധായകനായ മിഷ്കിന്‍ ആണ് ചിത്രം ഒരുക്കുന്നത്. ഒട്ടേറെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള രാജയാണ് പുതിയ പേരുമായി സ്വതന്ത്ര സംവിധായകന്റെ വേഷമണിയുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം മഹേഷ് മുത്തുസ്വാമി. സംഗീതം സുന്ദര്‍ബാബു. ചെന്നൈ, ഗോവ, മംഗലാപുരം എന്നിവിടങ്ങളിലായി ചിത്രീകരണം നടക്കും.


Click it and Unblock the Notifications