twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴില്‍ മലയാളത്തിന്റെ ഗ്ലാമര്‍

    By Staff
    |

    തമിഴില്‍ മലയാളത്തിന്റെ ഗ്ലാമര്‍

    മലയാളത്തിലെ പ്രമുഖ നടിമാരില്‍ പലരും തമിഴില്‍ മുമ്പും അഭിനയിക്കാറുണ്ടെങ്കിലും ഏറിയാല്‍ നാലോ അഞ്ചോ ചിത്രങ്ങള്‍ കൊണ്ട് തമിഴിലെ അവരുടെ സാന്നിധ്യം അവസാനിക്കുകയായിരുന്നു പതിവ്. സംയുക്താ വര്‍മയ്ക്കോ അഭിരാമിക്കോ ദിവ്യാ ഉണ്ണിക്കോ തമിഴരുടെ പ്രിയനടിയായി പേരെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആ പതിവിന് അപവാദം സൃഷ്ടിക്കപ്പെടുന്നത് മീരാ ജാസ്മിന്റെ തമിഴിലേക്കുള്ള പ്രവേശനത്തോടെയാണ്.

    റണ്‍ എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി തമിഴില്‍ അരങ്ങേറ്റം കുറിച്ച മീരാ ജാസ്മിന്‍ വളരെ പെട്ടെന്നാണ് തമിഴിലെ ഒന്നാം നിര നായികയായി വളരുന്നത്. അതുവരെ ഒരു മലയാളനടിക്കും തമിഴില്‍ നേടാനാവാത്ത അംഗീകാരമാണ് മീരക്കു ലഭിച്ചത്. മാധവന്‍, അജിത്, വിജയ് തുടങ്ങിയ യുവസൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ച മീര തമിഴിന്റെ നടിയായി പേരെടുക്കുന്ന ആദ്യത്തെ മലയാള നടിയായി മാറുകയായിരുന്നു.

    മീരയുടെ തമിഴ് പ്രവേശം ഒരു നിമിത്തമായി മാറുകയായിരുന്നു. മലയാളത്തിലെ മുന്‍നിര നായികമാര്‍ തമിഴില്‍ അംഗീകരിക്കപ്പെടുന്നതും മലയാളത്തോടൊപ്പം തമിഴിലും അവര്‍ക്ക് തിരക്കേറുന്നതുമാണ് പിന്നീട് കണ്ടത്. അക്കൂട്ടത്തില്‍ നയന്‍താരയെയും അസിനെയും പോലുള്ള നടിമാര്‍ തമിഴിലെ ഒന്നാം നിര നടിമാരായി പേരെടുക്കുകയും ചെയ്തു.

    മീര നേടിയ തമിഴിലെ വിജയം അസിനും നയന്‍താരയും ആവര്‍ത്തിച്ചപ്പോള്‍ ഗോപികയ്ക്കും നവ്യാനായര്‍ക്കുമൊക്കെ തമിഴില്‍ തിരക്കേറി. രണ്ടോ മൂന്നോ ചിത്രങ്ങള്‍ കൊണ്ടുതന്നെ മലയാളം തിരസ്കരിച്ച രേണുകാ മേനോനെയും നന്ദനയെയും പോലുള്ള നടിമാരെയും തമിഴ് സ്വീകരിച്ചു. അല്പം കഴിഞ്ഞാണെങ്കിലും ഭാവനയും തമിഴിലെത്തുകയാണ്. കാതല്‍ എന്ന ചിത്രത്തിലൂടെ തമിഴിന്റെ പ്രിയം നേടിയ മലയാളിയായ സന്ധ്യയ്ക്കും അവിടെ കൈ നിറയെ ചിത്രങ്ങളുണ്ട്.

    അയ്യ എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ നയന്‍താര രജനീകാന്തിന്റെ ചന്ദ്രമുഖിക്കു ശേഷം ഒരു പിടി ചിത്രങ്ങളിലാണ് അഭിനയിക്കുന്നത്. കമലഹാസന്റെയും ചിമ്പുവിന്റെയും എസ്. ജെ. സൂര്യയുടെയും നായികയായി നയന്‍താര അഭിനയിക്കുമ്പോള്‍ വിജയ്, സൂര്യ, വിക്രം, അജിത് തുടങ്ങിയ യുവസൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലാണ് അസിന്‍ നായികയാവുന്നത്.

    ഓട്ടോഗ്രാഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ തമിഴിലെത്തിയ ഗോപികയ്ക്കും തമിഴില്‍ തിരക്കേറുകയാണ്. കനാ കണ്ടേന്‍ എന്ന ചിത്രത്തില്‍ നായികയായ ഗോപിക ഓട്ടോഗ്രാഫിന്റെ രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്.

    ദാസ് എന്ന ചിത്രത്തിലെ നായികയായി തമിഴിലെത്തിയ രേണുകാമേനോന്റെ പുതിയ ചിത്രമാണ് ഫിബ്രവരി 14. അഴകിയ തീയേ, അമൃതം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നവ്യാനായര്‍ പുതിയ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍.

    മലയാളത്തില്‍ അവസരങ്ങളൊന്നുമില്ലാത്ത നന്ദനക്ക് തമിഴില്‍ ഏതാനും ചിത്രങ്ങള്‍ ഉണ്ട്. ആദ്യതമിഴ് ചിത്രം ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെ ഭാവനയും തമിഴിലെത്തുകയാണ്.

    മലയാളത്തില്‍ നിന്ന് തമിഴിലെത്തുന്ന ഈ നടിമാരില്‍ പലര്‍ക്കും ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ വിമുഖതയില്ലെന്ന പ്രത്യേകത കൂടിയുണ്ട്. ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറല്ലെന്ന നിബന്ധനയോടെയാണ് മീരാ ജാസ്മിന്‍ ഇപ്പോഴും തമിഴില്‍ സജീവമായി നില്‍ക്കുന്നതെങ്കില്‍ അസിന്‍, നയന്‍താര, ഗോപിക തുടങ്ങിയ നടിമാര്‍ ഒരു പരിധി വരെ ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറാണ്. ആദ്യചിത്രമായ അയ്യയില്‍ തന്നെ നയം വ്യക്തമാക്കിയ നയന്‍താരയെ പോലുള്ള നടിമാര്‍ക്ക് തമിഴില്‍ തിരക്കേറിവരുന്നതും ഗ്ലാമറിനോടുള്ള ഈ ഉദാര സമീപനം കൊണ്ടുതന്നെ.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X