ലാല്‍ വീണ്ടും തമിഴ് പേശുന്നു
ലാല്‍ വീണ്ടും തമിഴ് പേശുന്നു
ഇരുവര്‍, പോപ്കോണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തമിഴിലെത്തുന്നു. നേരത്തെ തമിഴ് സംവിധായകരുടെ ചിത്രങ്ങളിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ ഇത്തവണ മലയാളി സംവിധായകന്റെ ചിത്രത്തിലാണ് മോഹന്‍ലാല്‍ തമിഴ് പേശുന്നതെന്ന പ്രത്യേകതയുണ്ട്.
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ ടി. കെ. രാജീവ്കുമാറിന്റെ പട്ടാംപൂച്ചി എന്ന തമിഴ് ചിത്രത്തിലാണ് മോഹന്‍ലാല്‍ നായകനാവുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം നടക്കും.
മണിരത്നത്തിന്റെ ഇരുവര്‍ ആണ് മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം. ഈ ചിത്രത്തില്‍ എംജിആറായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ഏറെ പ്രകീര്‍ത്തിക്കപ്പെട്ട അഭിനയമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ കാഴ്ചവച്ചത്. ലോകസുന്ദരി ഐശ്വര്യാറായിയുടെ ആദ്യചിത്രം കൂടിയായായിരുന്നു ഇരുവര്‍.
നടന്‍ നാസര്‍ സംവിധാനം ചെയ്ത പോപ്കോണ്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ രണ്ടാമത് തമിഴിലെത്തുന്നത്. ഒരു ഗായകനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ചത്. സിമ്രാനായിരുന്നു നായിക. പ്രഗത്ഭരായ സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാല്‍ തമിഴിലെത്തിയതെങ്കിലും ഈ രണ്ട് ചിത്രങ്ങളും സാമ്പത്തികവിജയമായിരുന്നില്ല.
പൊതുവെ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിമുഖത പ്രകടിപ്പിക്കാറുണ്ടായിരുന്ന മോഹന്‍ലാല്‍ ഈയിടെയായി ഇതരഭാഷാചിത്രങ്ങളോട് താത്പര്യം കാണിക്കുന്നുണ്ട്. ഈ വര്‍ഷം ലൗവ് എന്ന കന്നഡ ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചു. രാംഗോപാല്‍വര്‍മയുടെ കമ്പനി എന്ന ഹിന്ദി ചിത്രത്തില്‍ ഐപിഎസ് ഓഫീസറുടെ വേഷത്തിലുളള മോഹന്‍ലാലിന്റെ പ്രകടനം പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ടി. കെ. രാജീവ്കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ്ചിത്രമാണ് പട്ടാംപൂച്ചി. പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നിവയാണ് മോഹന്‍ലാല്‍ നായകനായ ടി. കെ. രാജീവ്കുമാറിന്റെ ചിത്രങ്ങള്‍.


Click it and Unblock the Notifications