പ്രിയന്‍ കമല്‍ ചിത്രത്തില്‍ നിന്ന് പിന്മാറി
പ്രിയന്‍ കമല്‍ ചിത്രത്തില്‍ നിന്ന് പിന്മാറി
പ്രതീക്ഷയോടെ കാത്തിരുന്ന കമലഹാസന്‍ ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യില്ല. ചിത്രത്തിന് പുതിയ സംവിധായകനെത്തുകയാണ്.
അന്‍പേ ശിവം എന്ന് പേരിട്ട തമിഴ് ചിത്രം ഒരുങ്ങുന്നുവെന്നത് പ്രിയദര്‍ശനും കമലഹാസനും ആദ്യമായി ഒന്നിക്കുന്നുവെന്നതിന്റെ പേരില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ലക്ഷ്മി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു.
ചിത്രത്തില്‍ നിന്ന് പ്രിയദര്‍ശന്‍ പിന്മാറിയതിന്റെ കാരണം വ്യക്തല്ല. പ്രിയദര്‍ശന്റെ കഥ മെച്ചമുള്ളതല്ല എന്നതിനാല്‍ കമല്‍ ആ കഥ ഒഴിവാക്കാന്‍ നിര്‍ദേശിച്ചിരുന്നുവെന്നാണ് കമല്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ താന്‍ പിന്മാറിയത് എന്തുകൊണ്ടാണ് പ്രിയദര്‍ശന്‍ വ്യക്തമാക്കിയിട്ടില്ല.
കമല്‍ ചിത്രത്തില്‍ നിന്ന് ഒരു സംവിധായകന്‍ പിന്മാറുന്നത് ആദ്യമായല്ല. സംവിധാനത്തില്‍ ഇടപെടുന്നുവെന്നതിന്റെ പേരില്‍ സംവിധായകര്‍ കമലിനോട് മുമ്പുമിടഞ്ഞിട്ടുണ്ട്. തുടങ്ങിയ ചിത്രം പൂര്‍ത്തിയാക്കാതെ സംവിധായകര്‍ പിണങ്ങിയിട്ടുമുണ്ട്.
ശിവാജി ഗണേശനും കമലും അഭിനയിച്ച തേവര്‍ മകന്റെ സംവിധായകന്‍ ഭരതനാണെങ്കിലും അത് പൂര്‍ത്തിയാക്കിയത് അദ്ദേഹമായിരുന്നില്ല. കമലിന്റെ ഇടപെടല്‍ മൂലം ചിത്രം പൂര്‍ത്തിയാക്കാതെ ഇടയ്ക്കുവെച്ച് വിട്ടുപോവുകയായിരുന്നു ഭരതന്‍. ഭരതന്‍ പിണങ്ങിപ്പോയതിന് ശേഷം ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയത് കമലഹാസന്‍ തന്നെയായിരുന്നു.
പ്രിയന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെങ്കിലും ചിത്രം ഉപേക്ഷിക്കാന്‍ കമലഹാസന്‍ ഒരുക്കമല്ല. ചിത്രത്തിന്റെ സംവിധാന ചുമതല സി. സുന്ദറെ ഏല്പിച്ചിരിക്കുകയാണ് കമല്‍.


Click it and Unblock the Notifications