തമിഴ് താരങ്ങളുടെ നോട്ടം മലയാളത്തില്‍
തമിഴ് താരങ്ങളുടെ നോട്ടം മലയാളത്തില്‍
തമിഴിലെ സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ താരമൂല്യം വര്‍ധിപ്പിക്കാന്‍ നോട്ടമിടുന്നത് മലയാള ചിത്രങ്ങളേയാണോ? മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ റീമേക്ക് സാധ്യതകളും തമിഴ് താരങ്ങളുടെ താരപ്രൗഢിയും തമ്മിലുള്ള പുതിയ സമവാക്യം തന്നെ തമിഴ് സിനിമാ ലോകത്തെ നിയന്ത്രിക്കുകയാണോ?
രജനീകാന്തിന്റെ ചന്ദ്രമുഖി റെക്കോഡ് വിജയത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ സൂപ്പര്‍ഹിറ്റുകളുടെ കൂട്ടത്തിലാണ് സ്ഥാനം പിടിച്ചത്. മലയാളചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖി തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമാണ്.
തന്റെ സൂപ്പര്‍താരപ്രഭാവം തിരിച്ചുപിടിക്കാന്‍ ചന്ദ്രമുഖിയെന്ന റീമേക്ക് ചിത്രത്തെ ആശ്രയിച്ച രജനീകാന്തിന്റെ പാതയില്‍ തന്നെയാണ് വിക്രമും. ചന്ദ്രമുഖിയുടെ വിജയത്തെ വെല്ലാന്‍ പോന്ന ബോക്സോഫീസ് പ്രകടനം തുടരുന്ന അന്യന്റെ വിജയം ആവര്‍ത്തിക്കാനായി വിക്രം അഭിനയിക്കുന്ന പുതിയ ചിത്രമായ മജയും റീമേക്കാണ്.
മോഹന്‍ലാല്‍ നായകനായ മണിച്ചിത്രത്താഴ് ആണ് ചന്ദ്രമുഖി ആയതെങ്കില്‍ മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രം തൊമ്മനും മക്കളും ആണ് തമിഴിലെ മജ ആകുന്നത്. മജക്കു ശേഷം വിക്രം അഭിനയിക്കുന്നത് മറ്റൊരു മലയാള ചിത്രത്തിന്റെ റീമേക്കിലാണ്. ബ്ലെസ്സിയുടെ കാഴ്ച എന്ന ചിത്രമാണ് വിക്രത്തെ നായനാക്കി തമിഴില്‍ റീമേക്ക് ചെയ്യുന്നത്.
മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയിലൂടെ രജനീകാന്ത് ഒരു തമിഴില്‍ തിരിച്ചുവരവ് നടത്തിയതെങ്കില്‍ മലയാള ചിത്രങ്ങളുടെ റീമേക്കുകളിലൂടെ തന്റെ താരപ്രൗഢി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് വിക്രം. വന്‍വിജയങ്ങളിലൂടെ താരമൂല്യം വര്‍ധിപ്പിക്കാന്‍ മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങളുടെ റീമേക്കുകളെ ഇരുവരും ആശ്രയിക്കുന്നത് ആദ്യമല്ല.
രജനീകാന്തിന്റെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റുകളിലൊണാണ് വള്ളി. താരങ്ങളുടെ താരമായി ഉയരാന്‍ ഈ ചിത്രത്തിന്റെ വന്‍വിജയം രജനീകാന്തിനെ ഒട്ടൊന്നുമല്ല സഹായിച്ചത്. ഇപ്പോള്‍ ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെ തമിഴിന് ആവശ്യമായ ഭേദഗതികളോടെ പുനരവതരിപ്പിച്ച് തിരിച്ചുവരവ് നടത്തിയ രജനീകാന്തിന്റെ വള്ളിയും മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന്റെ റീമേക്കായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം തേന്മാവിന്‍ കൊമ്പത്ത് ആണ് തമിഴിലെ വള്ളി ആയത്.
ആക്ഷന്‍ ഹീറോ ആയി തിളങ്ങിനില്‍ക്കുന്ന വേളയില്‍ നടനെന്ന നിലയിലുള്ള തന്റെ അഭിനയ മികവ് പ്രകടിപ്പിക്കാനും അതു വഴി താരമൂല്യം ഉയരങ്ങളിലെത്തിക്കാനും വിക്രത്തിന് കാശിയിലൂടെ കഴിഞ്ഞു. ഒരു അന്ധഗായകനായി വിക്രം വേഷമിട്ട ഈ ചിത്രം വന്‍വിജയമാണ് നേടിയത്. ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക അവാര്‍ഡിന് കലാഭവന്‍ മണിയെ അര്‍ഹനാക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു കാശി.
രജനിക്കും വിക്രത്തിനും മാത്രമല്ല മലയാളച്ചിത്രങ്ങളോട് ഇത്തരത്തില്‍ കടപ്പാടുള്ളത്. താരവിജയം നിലനിര്‍ത്താന്‍ മലയാള ചിത്രങ്ങളുടെ റീമേക്കുകളെ തമിഴിലെ മറ്റ് പ്രഗത്ഭ നടന്‍മാര്‍ക്കും ആശ്രയിക്കേണ്ടിവന്നിട്ടുണ്ട്. കരിയറില്‍ ഒരു തിരിച്ചടി നേരിടേണ്ടിവന്ന സമയത്ത് മോഹന്‍ലാല്‍ ചിത്രം രാജാവിന്റെ മകന്റെ റീമേക്കിലൂടെയാണ് സത്യരാജ് അതിജീവിച്ചത്. സത്യരാജ് അഭിനയിച്ച ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, ചിത്രം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ റീമേക്കുകളും വന്‍വിജയമായിരുന്നു.
മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് വിജയകാന്ത് നായകനായ എങ്കള്‍ അണ്ണ. മലയാള ചിത്രം ഒരുക്കിയ സിദ്ദിക്ക് തന്നെ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച വിജയമാണ് നേടിയത്. സിദ്ദിക്കിന്റെ ഫ്രന്റ്സ് അതേ പേരില്‍ തമിഴിലെത്തിയപ്പോള്‍ നായകന്‍മാരായത് വിജയും സൂര്യയുമാണ്. ഇരുവര്‍ക്കും ഏറെ ഗുണം ചെയ്ത ചിത്രമാണ് ഫ്രന്റ്സ്.
ഒരു മോഹന്‍ലാല്‍ ചിത്രം കൂടി അടുത്തു തന്ന തമിഴില്‍ റീമേക്ക് ചെയ്യപ്പെടും. ഈ വര്‍ഷത്തെ മെഗാഹിറ്റ് ചിത്രമായ ഉദയനാണ് താരം തമിഴിലെത്തുമ്പോള്‍ സൂര്യയാണ് നായകന്‍. സൂര്യക്ക് ഒരു ഹിറ്റ് ആവശ്യമായിരിക്കുന്ന ഘട്ടത്തിലാണ് മലയാള ചിത്രത്തിന്റ റീമേക്ക് ഒരുക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications