കമല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
കമല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു
കമലഹാസന്റെ വിവാദ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും തുടങ്ങി. ചിത്രത്തിന്റെ പേര് മാറ്റിയെന്ന് കമലഹാസന്‍ അറിയിച്ചിട്ടുണ്ടെങ്കിലും പുതിയ പേര് പുറത്തുവിട്ടിട്ടില്ല.
ചെന്നൈയിലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ ഷൂട്ടിംഗ് തുടരുകയാണ്. കമലഹാസനും നെപ്പോളിയനും നാസറും ഉള്‍പ്പെട്ട രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.
ചിത്രം വിവാദമായ വേളയില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും പേരുമാറ്റി ചിത്രീകരണം പുനരാരംഭിച്ചപ്പോള്‍ എതിര്‍പ്പുണ്ടായില്ല. സണ്ടിയാര്‍ എന്ന പേരാണ് വിവാദത്തിന് കാരണമെന്നും അതിനാല്‍ പേര് മാറ്റുകയാണെന്നുമാണ് കമല്‍ പ്രഖ്യാപിച്ചത്.
പുതിയ തമിഴകം പാര്‍ട്ടി ഡോ. കൃഷ്ണസ്വാമി സണ്ടിയാറിനെതിരെ തിരിഞ്ഞതിനെ തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവയ്ക്കേണ്ടിവന്നത്. ചിത്രം ദളിത് വിരുദ്ധമാണെന്നും തമിഴ്നാട്ടില്‍ അരിവാള്‍ സംസ്കാരം തിരിച്ചുകൊണ്ടുവരുമെന്നും വര്‍ഗീയ കലാപം സൃഷ്ടിക്കുമെന്നും ആരോപിച്ചാണ് പുതിയ തമിഴകം പാര്‍ട്ടി കമല്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.
ചിത്രത്തിന്റെ കഥ ആര്‍ക്കുമറിയില്ലെന്നും പേരാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്നും പറഞ്ഞ കമലഹാസന്‍ പേര് മാറ്റി ചിത്രീകരണം മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള തടസമില്ലാതാക്കുകയായിരുന്നു. കഥ പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ കഥ ചൂണ്ടിക്കാട്ടി ചിത്രത്തിനെതിരെ തിരിയാനാവില്ല എന്നതിനാലാണ് കമല്‍ ഈ തന്ത്രം പ്രയോഗിച്ചത്. പുതിയ തമിഴകം പാര്‍ട്ടിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രത്തിനെതിരെ വിമര്‍ശനമുയര്‍ത്താനാവില്ല.


Click it and Unblock the Notifications