»   » എമ്പത് അര്‍ത്തവുമായി ബാബ വരുന്നു

എമ്പത് അര്‍ത്തവുമായി ബാബ വരുന്നു

By Staff
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  എമ്പത് അര്‍ത്തവുമായി ബാബ വരുന്നു

  രജനീ ചിത്രത്തിലെ ഡയലോഗുകള്‍ മലയാളിയ്ക്കും പ്രിയപ്പെട്ടതാണ്. രജനി സ്റൈല്‍ ഒരു കൗതുകമെന്ന നിലയില്‍ മലയാളികളും ആസ്വദിക്കാറുണ്ട്. നാന്‍ ഒരു തടവെ ശൊന്നാ നൂറു തടവെ ശൊന്ന മാതിരിയും ഏന്‍ വഴി തനീ വഴിയുമൊക്കെ കേരളവും പെരുത്ത് ആസ്വദിച്ചിട്ടുണ്ട്.

  പുതിയ ചിത്രത്തിലും രജനി ആരാധകരെ നിരാശരാക്കുന്നില്ല. സൂപ്പര്‍ഹിറ്റ് ഡയലോഗുകളുടെ പെരുമഴയാണ് ബാബ നിറയെ. പടയപ്പയെയും അരുണാചലത്തെയും ബാഷയെയും വെല്ലുന്ന തകര്‍പ്പന്‍ വാചകങ്ങള്‍.. ഇത്തവണ ഡയലോഗെഴുത്തും രജനി ചിത്രത്തിന്റെ പരസ്യമായി. ആരാധനയെ ഭംഗിയായി മുതലാക്കാനറിയാവുന്ന രജനി, ഡയലോഗ് എഴുതിത്തരാന്‍ ഏല്‍പ്പിച്ചത് തന്റെ ആരാധകരെയാണ്. രജനി ചിത്രത്തിലേയ്ക്ക് ഡയലോഗ് മത്സരം. തിരഞ്ഞെടുക്കുന്നവ ചിത്രത്തില്‍ ഉള്‍പ്പെടുത്തും. പ്രതിഫലവും.

  വന്‍ പ്രതികരണമായിരുന്നു മത്സരത്തിന്. തമിഴകമാകെ ഇളകി മറിഞ്ഞു. ഇപ്പോള്‍ സര്‍വം ബാബ മയമാണ്. ആരാധകര്‍ ആവേശത്തോടെ ബാബയ്ക്കായി കാത്തിരിക്കുന്നു. ചിത്രത്തില്‍ രാഷ്ട്രീയമുണ്ടെന്നും ഇല്ലെന്നും അഭ്യൂഹങ്ങള്‍. ജയലളിതയെ നിര്‍ത്തിപ്പൊരിക്കുന്ന വാചകങ്ങള്‍ എടുത്തു വീശുമെന്ന് ഒരു കൂട്ടര്‍. ബാബ വിജയമാകുന്നതോടെ രജനിപ്പാര്‍ട്ടി നിലവില്‍ വരുമെന്ന് വേറൊരു കൂട്ടര്‍...

  ഊഹാപോഹങ്ങള്‍ പെരുകുന്നതിനിടയില്‍ ബാബയിലെ ചില വാചകങ്ങള്‍ പുറത്തെത്തി. അവയില്‍ ചിലത് ഇതാ...

  1. നാം നിനൈച്ചെതെല്ലാം നടക്കാത്...നല്ലത് നിനച്ചാ നടക്കാമയും ഇരിക്കാത് (വിചാരിച്ചതെല്ലാം നടക്കില്ല. നല്ലത് വിചാരിച്ചാല്‍ നടക്കാതെയും ഇരിക്കില്ല...ജയലളിതയ്ക്ക് ഒരു കുത്തല്ലേ ഇത്)

  2. ബാബാവുക്ക് കാലൈ വീഴുവളെയും പിടിക്കാത്...കാലൈ വാര്‍വവളെയും പിടിക്കാത് (കാല് പിടിക്കുന്നവളെയും കാല് വാരുന്നവളെയും ബാബയ്ക്ക് പിടിക്കില്ല... പണ്ട് കേന്ദ്ര സര്‍ക്കാരിനെ കാലു വാരിയ ജയലളിതയാണോ ഉന്നം)

  3. നീ സമ്പാദിച്ചാ താന്‍ വരുമാനം. മത്തവന്‍ സമ്പാദിച്ച് കൊടുത്താ അപമാനം

  4. ബാബ ഒരു കണ്ടക്ടര്‍ താന്‍. ഉങ്കളെ വഴി നടത്തവന്ത കണ്ടക്ടര്‍. ഇവനക്ക് ശീട്ട് കൊടുക്കവും തെരിയും. ശീട്ടൈ കിഴിക്കവും തെരിയും. (ബാബ വഴി തെളിയ്ക്കുന്ന കണ്ടക്ടറാണ്. ഇവന് ചീട്ടു കൊടുക്കാനും അറിയാം. ചീട്ടു കീറാനും അറിയാം.... ബസ് കണ്ടക്ടറായ തന്റെ ഭൂതകാലം ഓര്‍മ്മിപ്പിച്ച് ജയലളിതയുടെ ചീട്ട് കീറുമെന്ന് മുന്നറിയിപ്പു നല്‍കുകയാണോ?)

  5. കോവില്‍ കട്ടുങ്ക, മസൃതി കട്ടുങ്കോ. ആനാ അപ്പാവി മക്കളുക്ക് സമാധി കട്ടാതീങ്ക ( ക്ഷേത്രം പണിഞ്ഞോ, മസ്ജിദ് പണിഞ്ഞോ. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് സമാധി പണിയരുത്...

  6. നാന്‍ ഒതുങ്കിനാ ഒമ്പത് അര്‍ത്തമിരുക്ക്..ഇറങ്കിനാ എമ്പത് അര്‍ത്തമിരുക്ക് (ഞാന്‍ ഒതുങ്ങിയാല്‍ ഒമ്പത് അര്‍ത്ഥം. ഇറങ്ങിയാല്‍ 80 അര്‍ത്ഥം....രണ്ടു വര്‍ഷം നിശബ്ദനായതും മൂന്നാം വര്‍ഷം ബാബയുമായി ഇറങ്ങുന്നതിനും അര്‍ത്ഥമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണോ സ്റൈല്‍ മന്നന്‍)

  എപ്പടിയിരുക്ക് ഡയലോഗുകള്‍... ആര്‍പ്പുവിളിക്കാന്‍ രസികര്‍ മണ്‍റങ്ങള്‍ കാത്തിരിക്കുന്നതില്‍ ഒരല്‍ഭുതവുമില്ല. ഇതില്‍ പല ഡയലോഗുകളും അവരുടെ സ്വന്തമാണ്.

  വിവാദങ്ങളും കൗതുകങ്ങളും ഒട്ടേറെ ഇനിയുമുണ്ട് ബാബയില്‍. ആരെയും വ്യക്തിപരമായി നോവിക്കാത്ത രാഷ്ട്രീയം ബാബയില്‍ ഉണ്ടാകുമെന്ന് രജനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കാലതാമസത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ലേറ്റാ വന്താലും ലേറ്റസ്റാ വരുമെന്ന മറ്റൊരു പഞ്ച് ഡയലോഗായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

  ആഗസ്റ് 15 ന് 200 കേന്ദ്രങ്ങളില്‍ ബാബ റിലീസ് ചെയ്യും. തെക്കേയിന്ത്യയില്‍ ആദ്യമായാണ് ഒരു ചിത്രം ഇത്രയധികം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുന്നത്. ജപ്പാനിലെ 15 കേന്ദ്രങ്ങളിലും ബാബ റിലീസ് ചെയ്യും. രജനി ചിത്രങ്ങള്‍ക്ക് ജപ്പാനില്‍ വന്‍മാര്‍ക്കറ്റുണ്ട്. ഇതു കണക്കാക്കി ഒരു ജപ്പാന്‍കാരിയ്ക്കും ബാബയില്‍ വേഷമുണ്ട്.

  ഇതുവരെ കിട്ടിയ കണക്കനുസരിച്ച് 37 കോടി രൂപയുടെ ബിസിനസ് നടന്നിട്ടുണ്ട്. ഓര്‍ക്കുക, ചിത്രത്തിന്റെ റിലീസിനു മുമ്പ് കിട്ടിയത് 37 കോടി. കേരളത്തില്‍ വിതരണാവകാശം ഒന്നേമുക്കാല്‍ കോടിയ്ക്കാണ് വിറ്റത്. കസെറ്റ് അഞ്ചു കോടിയ്ക്കും.

  പ്രതിനായകരായി അഭിനയിക്കാമെന്നേറ്റിരുന്ന രഘുവരനും പ്രകാശ് രാജും പിണങ്ങിപ്പിരിഞ്ഞതും ബാബയ്ക്ക് പരസ്യമായി. വന്‍വാര്‍ത്താ പ്രധാന്യമാണ് ഇവരുടെ പിന്മാറ്റത്തിന് കിട്ടിയത്.

  രജനിയെക്കാള്‍ നന്നായി അഭിനയിക്കേണ്ട എന്ന സംവിധാകന്റെ നിര്‍ദ്ദേശം കേട്ട രഘുവരന്‍ ആ നിമിഷം തന്നെ മേക്കപ്പഴിച്ച് സ്ഥലം വിട്ടു എന്നാണ് കേള്‍വി. സംവിധായകന്‍ പേരിനു മാത്രമാണെന്നും സര്‍വം രജനി മയം എന്നുമാണ് അണിയറ അടക്കം പറയുന്നത്. ആര് ഏത് ഡയലോഗ് എങ്ങനെ പറയണമെന്ന് രജനി തീരുമാനിക്കുമത്രേ.

  വില്ലനായ രഘുവരനും രജനിയും നേര്‍ക്കുനേര്‍ കോര്‍ക്കുന്ന രംഗമാണ് പ്രശ്നമുണ്ടാക്കിയത്. രജനി ഡയലോഗ് പറയുന്നതിനേക്കാള്‍ ചാരുത രഘുവരന്റെ പ്രകടനത്തിനുണ്ടോ എന്നൊരു സംശയം. കട്ട് പറയാന്‍ സംവിധായകന് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.

  നിങ്ങളുടെ അഭിനയം രജനി സാറിന്റെ അഭിനയത്തിനു മേലെ വേണ്ട എന്ന ഉപദേശവും സുരേഷ് കൃഷ്ണ നല്‍കി. അതോടെ തന്റെ സംവിധാനവും മതി എന്ന ഡയലോഗും കാച്ചി രഘുവരന്‍ പടിയിറങ്ങി.

  പിന്നെ പ്രകാശ് രാജിനായിരുന്നു ആ വേഷം. തമിഴിലും തെലുങ്കിലും ഓടി നടന്ന് അഭിനയിക്കുന്ന പ്രകാശ് രാജ് ദിവസങ്ങളോളം സെറ്റില്‍ കാത്തിരുന്നു. ചോദിക്കുമ്പോഴൊക്കെ കഥാപാത്രം ശരിയായില്ലെന്നായിരുന്നു മറുപടി. കഥാപാത്രം ശരിയാവുമ്പോള്‍ വേറെ ആളെ വച്ച് അഭിനയിപ്പിക്കൂ സാര്‍ എന്ന് രജനിയോട് നേരിട്ട് പറഞ്ഞ് പ്രകാശ് രാജും പിരിഞ്ഞു. നാസറാണ് ഇപ്പോള്‍ ഈ റോളില്‍ അഭിനയിക്കുന്നത്.

  എന്തായാലും ഇതെല്ലാം ഭംഗിയായി ദേശീയ ദിനപത്രങ്ങളില്‍ വരെ വാര്‍ത്തയായതിനാല്‍ ബാബ പരസ്യക്കുലി ഒരുപാട് ലാഭിച്ചു. ഇനി ആഗസ്റ് 15 ന് വിളവെടുപ്പിന് കാത്തിരിക്കുകയാണ് ബാബ.

  സ്റൈലുകള്‍ കൊണ്ട് വെളളിത്തിരയില്‍ മിന്നലാകുന്ന ബാബ. ഡയലോഗുകള്‍ വീശി തീയേറ്ററുകളില്‍ ഉത്സവാരവം സൃഷ്ടിയ്ക്കുന്ന ബാബ. വരണ്ടുണങ്ങിയ സിനിമാ വ്യവസായ ഭൂമിയില്‍ ഇടവപ്പാതിയായി തകര്‍ത്തു പെയ്യുന്ന ബാബ. തീയേറ്ററുകള്‍ കാത്തിരിക്കുകയാണ്. ഇടിമിന്നലുകളുയര്‍ത്തി ആര്‍ത്തു പെയ്യുന്ന ഈ മഴയില്‍ നനഞ്ഞ് കുതിരാന്‍.....

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more