പ്രിയന്‍ ചിത്രത്തില്‍ കമലിന് പകരം മോഹന്‍ലാല്‍
പ്രിയന്‍ ചിത്രത്തില്‍ കമലിന് പകരം മോഹന്‍ലാല്‍
അന്‍പേ ശിവം പ്രിയദര്‍ശന്‍ തന്നെ സംവിധാനം ചെയ്യും. നായകനാവുന്നത് കമലഹാസനായിരിക്കില്ല, മോഹന്‍ലാലായിരിക്കും.
ലക്ഷ്മി മൂവി മേക്കേഴ്സിനു വേണ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് കമലഹാസനുമായുള്ള ഉടക്കി നെ തുടര്‍ന്ന് പ്രിയദര്‍ശന്‍ പിന്മാറിയെന്നായിരുന്നു ആദ്യം വാര്‍ത്തയെങ്കിലും ചിത്രം താന്‍ തന്നെ സംവിധാനം ചെയ്യാമെന്ന് പ്രിയദര്‍ശന്‍ തീരുമാനിച്ചിരിക്കുകയാണ്. മറ്റൊരു കമ്പനിയ്ക്കു വേണ്ടിയായിരിക്കും പ്രിയദര്‍ശന്‍ ചിത്രം ഒരുക്കുന്നത്. കമലഹാസന്‍ ചെയ്യാമെന്ന് ഉദ്ദേശിച്ചിരുന്ന വേഷം ചെയ്യുന്നത് പ്രിയദര്‍ശന്റെ മലയാള ചിത്രങ്ങളിലെ സ്ഥിരം നായകന്‍ മോഹന്‍ലാലും.
മോഹന്‍ലാല്‍ അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാവും അന്‍പേ ശിവം. മണിരത്നത്തിന്റെ ഇരുവര്‍, നാസറിന്റെ പോപ്കോണ്‍ എന്നിവയാണ് മോഹന്‍ലാല്‍ അഭിനയിച്ച തമിഴ് ചിത്രങ്ങള്‍. പോപ്കോണ്‍ റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂ.
കഥയെ ചൊല്ലി പ്രിയദര്‍ശനും കമലഹാസനും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതകളാണ് കമലഹാസനെ വെച്ച് ചിത്രം ചെയ്യേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമായത്. തന്റെ പതിവ് രീതിയില്‍ പ്രിയദര്‍ശന്റെ കഥയിലും കമലഹാസന്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നത്രെ. ഇത് പ്രിയന് ഇഷ്ടമാവാഞ്ഞതു മൂലമാണ് കമലഹാസന്‍ അഭിനയിക്കുന്ന ആദ്യ പ്രിയന്‍ ചിത്രം അലസിപ്പോയ സങ്കല്പമായത്.
കമലഹാസന്റെ ഇടപെടല്‍ മൂലം ചിത്രത്തില്‍ നിന്ന് ഒരു സംവിധായകന്‍ പിന്മാറുന്നത് ആദ്യമായല്ല. സംവിധാനത്തില്‍ ഇടപെടുന്നുവെന്നതിന്റെ പേരില്‍ സംവിധായകര്‍ കമലിനോട് മുമ്പുമിടഞ്ഞിട്ടുണ്ട്. തുടങ്ങിയ ചിത്രം പൂര്‍ത്തിയാക്കാതെ സംവിധായകര്‍ പിണങ്ങിയിട്ടുമുണ്ട്.ശിവാജി ഗണേശനും കമലും അഭിനയിച്ച തേവര്‍ മകന്റെ സംവിധായകന്‍ ഭരതന്‍ പലവട്ടം ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ പിണങ്ങിപ്പോയിരുന്നു. ശിവാജി ഗണേശന്റെ മാധ്യസ്ഥ പ്രകാരമാണ് ഭരതന്‍ ചിത്രം പൂര്‍ത്തിയാക്കിയത്.
തേവര്‍ മകന്‍ ആദ്യം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് സിബി മലയിലായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതിന് മുമ്പു തന്നെ സിബി ചിത്രത്തില്‍ നിന്ന് പിന്മാറി.


Click it and Unblock the Notifications