പറയുന്നത് മറ്റൊരു കഥ
കഥ പറയുമ്പോള്‍ കുചേലന്‍ എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ കഥ പറയുന്നത് എങ്ങനെയായിരിക്കണം? കഥ പറയുമ്പോഴില്‍ മമ്മൂട്ടി അവതരിപ്പിച്ചതു പോലൊരു അതിഥി വേഷത്തില്‍ ആ കഥാപാത്രം തമിഴില്‍ ചെയ്യുന്ന രജനീകാന്ത് പ്രത്യക്ഷപ്പെട്ടാല്‍ അത് മെഗാതാരത്തിന്റെ ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവുമോ? രജനി പത്ത് ഗുണ്ടകളെയെങ്കിലും അടിച്ചുപറത്തുകയും രണ്ട് ഗാനരംഗത്തിലെങ്കിലും താരസുന്ദരികള്‍ക്കൊപ്പം ആടുകയും ചെയ്തില്ലെങ്കില്‍ സിനിമ കാണാന്‍ ആരാധകരെത്തുമോ?
കുചേലനിലെ നായകന്‍ രജനീകാന്തും സംവിധായകന്‍ പി.വാസുവും തമ്മില്‍ ചിത്രം റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതു മുതല്‍ ഈ ചോദ്യങ്ങള്‍ക്ക് രണ്ടു തരത്തിലാണ് ഉത്തരം പറയുന്നത്. രണ്ടു പേര്‍ക്കു രണ്ടഭിപ്രായങ്ങള്‍. രജനി മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടണമെന്ന് പി.വാസു. ഒറിജിനലില്‍ നിന്നും യാതൊരു മാറ്റവും വരുത്താതെ മതി തമിഴ് റീമേക്കെന്ന് രജനി. അഭിപ്രായവ്യത്യാസങ്ങള്‍ ദിവസങ്ങളോളം തുടര്‍ന്നു.
ഒടുവില്‍ ഇരുവരും ഒരു തീരുമാനത്തിലെത്തി. എന്തുകൊണ്ട് രജനി മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടണമെന്ന തന്റെ അഭിപ്രായം കൃത്യമായ ഒരു വിശദീകരണത്തിലൂടെ രജനിയെ ബോധ്യപ്പെടുത്താന്‍ പി.വാസുവിന് കഴിഞ്ഞു. അങ്ങനെ മമ്മൂട്ടി മലയാളത്തില്‍ ചെയ്തതു തന്നെ തനിക്ക് തമിഴിലും ചെയ്താല്‍ മതിയെന്ന അഭിപ്രായത്തില്‍ രജനി മാറ്റം വരുത്തി.
സിനിമയില്‍ രണ്ടു സംഘട്ടനരംഗങ്ങളില്‍ ഗുണ്ടകളെ അടിച്ചുതകര്‍ക്കുന്ന വീരനായകനായി രജനി പ്രത്യക്ഷപ്പെടും. മലയാളത്തില്‍ മമ്മൂട്ടി ഒരു ഗാനരംഗത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ കുചേലനില്‍ രജനീകാന്ത് നാല് ഗാനരംഗങ്ങളിലാണ് ആടുക. അതില്‍ രണ്ട് ഗാനരംഗങ്ങളും നയന്‍താരയ്ക്കൊപ്പമാവും. ചന്ദ്രമുഖിയില്‍ നയന്‍താരയെ തന്റെ നായികയാക്കിയ രജനി ശിവാജിയില്‍ നയന്‍താരയ്ക്കൊപ്പമുള്ള ഒരു ഗാനരംഗം ഉള്‍പ്പെടുത്തിയിരുന്നു. മൊത്തം അഞ്ച് ഗാനരംഗങ്ങളാണ് കുചേലനിലുണ്ടാവുക.
കുചേലന്‍ കഥ പറയുമ്പോള്‍ എന്ന മലാള ചിത്രവുമായി വിദൂരമായ ബന്ധമേ ഉണ്ടാവൂവെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. കഥ പറയുമ്പോഴില്‍ മമ്മൂട്ടി ഏതാനും രംഗങ്ങളില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. മണിച്ചിത്രത്താഴിന്റെ റീമേക്കായ ചന്ദ്രമുഖിയിലും ഇതുപോലെ ഒറിജിനലില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications











