നയന്‍താരയും സൂര്യയും ഒന്നിയ്‌ക്കുന്നു
തെന്നിന്ത്യയുടെ താരറാണി നയന്‍താര നടന്‍ സൂര്യയുടെ നായികയാവുന്നു. ഇതാദ്യമാണ് നയന്‍താരയും സൂര്യയും നായികാനായകന്മാരാകുന്നത്.
സൂര്യയും നയന്‍താരയും ഇതിന് മുമ്പ് ഗജിനി എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം വന്‍വിജയമായപ്പോള്‍ അതിന്റെ പേര്‌മുഴുവന്‍ സ്വന്തമാക്കിയത് അസിനാണ്.
ഒരു പ്രധാനറോളിലാണ് അഭിനയിച്ചതെങ്കിലും ഗജിനി യഥാര്‍ത്ഥത്തില്‍ നയന്‍താരയ്‌ക്ക് ഒരു ഗുണവും ചെയ്‌തില്ല. സൂര്യ-അസിന്‍ ജോഡിയുടെ വിജയമായാണ് ഗജിനി പരിഗണിക്കപ്പെട്ടത്.
കുരുവിയ്‌ക്കുശേഷം ഉദയനിധിയുടെ റെഡ് ജയിന്റ് ബാനറിന്റെ പുതിയ സംരംഭത്തിലാണ് നയന്‍താരയും സൂര്യയും ഒന്നിക്കുന്നത്. കെ.എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എആര്‍ റഹ്മനായിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുകയെന്നാണ് സൂചന.
തമിഴിലെ മുതിര്‍ന്ന മുന്‍നിര നടന്മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച നയന്‍താരയ്‌ക്ക് വളരെ വൈകിയാണ് യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം ഒത്തുവന്നത്.
സൂര്യ ഇപ്പോള്‍ വാരണം ആയിരം, അയന്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് . നയന്‍താരയാകട്ടെ വില്ല്, ഏകന്‍ എന്നീ ചിത്രങ്ങളുടെ ജോലിയിലുമാണ്. രവികുമാറിനാണെങ്കില്‍ ശരത്‌കുമാര്‍ നായകനാകുന്ന ജഗ്ഗു ഭായിയുടെ ജോലികള്‍ പൂര്‍ത്തിയാക്കാനുണ്ട്.
മൂന്നുപേരുടെയും തിരക്കുകളൊക്കെ ഒഴിഞ്ഞ് വളരെ സാവധാനത്തില്‍ മാത്രമേ പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുകയുള്ളു. 2009ലെ വേനല്‍ക്കാലത്ത് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications