കല്യാണം വേറെ, ഗ്ലാമര്‍ വേറെ
കല്യാണം കഴിഞ്ഞവരുടെ ഗ്ലാമര്‍ കാണാന്‍ കൊളളാത്തതാണോയെന്ന് ചോദിക്കുന്നു, യുവതാരം ജ്യോതിര്‍മയി.
പെരിയാര്‍ എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനം നിരൂപകശ്രദ്ധ നേടിയതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനിടെയാണ് ജ്യോതിയുടെ കൊളളിവെച്ച ചോദ്യം. തന്റെ ബാല്യകാല സുഹൃത്ത് നിഷാന്തിനെ 2004ല്‍ വിവാഹം കഴിച്ച ശേഷമാണ് ജ്യോതിയുടെ കരിയര്‍ കുതിച്ചു കയറിയത്. മികച്ച വേഷങ്ങളെല്ലാം വിവാഹ ശേഷമാണ് ജ്യോതിര്‍മയിയെ തേടിയെത്തിയത്. ഗ്ലാമര്‍ പ്രകടനങ്ങളിലും ഒട്ടും പിന്നോട്ടു പോയില്ല ജ്യോതി.
ഇനിയും താന്‍ ഗ്ലാമര്‍ റോളില്‍ അഭിനയിക്കുമെന്ന് തറപ്പിച്ചു പറയുകയാണ് ജ്യോതി.
"അതെ, ഞാന്‍ വിവാഹിതയാണ്. സന്തോഷപ്രദമായ ദാമ്പത്യമാണ് എന്റേത്. എന്നുവെച്ച് ഞാന്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്യരുതെന്ന് നിര്‍ബന്ധിക്കാന്‍ ആര്‍ക്കാണ് അവകാശം. ഇനിയും ഗ്ലാമര്‍ കാണിക്കാന്‍ തന്നെയാണ് തീരുമാനം. ഏറ്റവും ഒടുവില്‍ അഭിനയിക്കുന്ന ബന്ധു ബളാഗ എന്ന കന്നഡ ചിത്രത്തിലും നന്നായി ഗ്ലാമര്‍ കാണിച്ചിട്ടുണ്ട്. കുറ്റകൃത്യമൊന്നുമല്ലല്ലോ ഞാന്‍ ചെയ്യുന്നത്. അഭിനയിക്കുകയല്ലേ"... രോഷത്തോടെ ജ്യോതി ചോദിക്കുന്നു.
അല്‍പം വില്ലന്‍ ടച്ചുളള വേഷമാണ് ജ്യോതിര്‍മയി കന്നഡ ചിത്രത്തില്‍ ചെയ്തത്. ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു ജ്യോതിയുടെ റോള്‍. കിട്ടുന്ന വേഷങ്ങളിലൊക്കെ അഭിനയിക്കുമെന്നും അത് ഗ്ലാമറാണോ അല്ലയോ എന്നൊന്നും നോക്കില്ലെന്നുമാണ് ജ്യോതിര്‍മയിയുടെ നിലപാട്.
"വിവാഹശേഷമാണ് തമിഴ് സിനിമാ ലോകം എന്നെ അംഗീകരിച്ചത്. ദാ ഇപ്പോള്‍ കന്നഡയും. വിവാഹം കഴിഞ്ഞുവെന്നത് ഒരു വലിയ കുറ്റമായെന്നൊന്നും ആര്‍ക്കും തോന്നുന്നില്ല. കഴിവുണ്ടെങ്കില്‍ അഭിനയിക്കാം. തൊഴിലെടുത്ത് ജീവിക്കുന്ന ഏതൊരു സ്ത്രീയെയും പോലെയാണ് നടിയും. ജോലിയുളളവര്‍ വിവാഹശേഷം അത് ഉപേക്ഷിക്കുന്നില്ലല്ലോ. പിന്നെ നടിമാരോട് മാത്രം എന്തിനീ വിവേചനം"... അമര്‍ഷം തീരുന്നില്ല ജ്യോതിക്ക്..
മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം എന്നിങ്ങനെയുളള മുന്‍നിര താരങ്ങളോടെല്ലാം അഭിനയിച്ചിട്ടുണ്ട് ജ്യോതി. അഭിനയ ശേഷിയുളള നടിയെന്ന അംഗീകാരമുളള അപൂര്‍വം യുവനായികമാരില്‍ ഒരാളാണ് ജ്യോതി. ആര്‍ട്ട് ചിത്രങ്ങളിലും പക്കാ കൊമേഴ്സ്യല്‍ ചിത്രങ്ങളിലും ഒരേസമയം അഭിനയിക്കുന്നുവെന്ന അപൂര്‍വതയും ജ്യോതിക്ക് മാത്രം സ്വന്തം.
"ഇദയത്തിരുടന്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. വിവാഹം കഴിഞ്ഞ നടി ഐറ്റം നമ്പര്‍ ചെയ്താല്‍ ജനം സ്വീകരിക്കുമോ എന്നായിരുന്നു സംശയം. എന്നാല്‍ ആ രംഗവും പാട്ടും സൂപ്പര്‍ഹിറ്റായി".
"ആദ്യതമിഴ് ചിത്രമായ തലൈ രാഗം, ഒടുവില്‍ റിലീസ് ചെയ്ത നാന്‍ അവനില്ലൈ മുതലായ ചിത്രങ്ങളെല്ലാം ഹിറ്റുകളാണ്. വ്യക്തിജീവിതവും അഭിനയ ജീവിതവും രണ്ടാണെന്ന് ഇന്നത്തെ പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. തമിഴ് സിനിമ എന്നെ സ്വീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. കന്നഡയും എന്നെ സ്വീകരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്", ജ്യോതിര്‍മയി പറയുന്നു.
തന്റെ സിനിമാ കാര്യങ്ങളില്‍ ഭര്‍ത്താവ് തീര്‍ത്തും ഇടപെടാറില്ലെന്നും ജ്യോതി സത്യം ചെയ്യുന്നു. "അക്കാര്യത്തില്‍ നിശാന്ത് വിശാലഹൃദയനാണ്. സിനിമാ ലോകം എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന് നിശ്ചയമുണ്ട്. അതിനാല്‍ അത്തരം കാര്യങ്ങളിലൊന്നും ഇടപെടാറില്ല. ഏത് വേഷം ചെയ്യണം, ഏത് വേണ്ടെന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്".


Click it and Unblock the Notifications