കുചേലിനിലെ ഗാനരംഗത്ത് രജനി 20 വേഷത്തില്‍
>പുറത്തിറങ്ങാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന കുചേലനെന്ന ചിത്രത്തെയും രജനീകാന്തിനെക്കുറിച്ചുമുള്ള വാര്‍ത്തകളാണ് എങ്ങും. മലയാളത്തില്‍ വിജയം നേടിയ കഥ പറയുമ്പോള്‍ എന്ന ചിത്രം തമിഴിലെടുക്കാന്‍ സംവിധായകന്‍ പി വാസു തീരുമാനിച്ചതുമുതല്‍ പതിവായി കുചേലനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തിറങ്ങിക്കൊണ്ടിരുന്നു.
കുചേലനിലെ ഒരു ഗാനരംഗത്തെപ്പറ്റിയാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തിലെ ഒരു ഗാനരംഗത്ത് രജനി 20 വ്യത്യസ്‌ത വേഷങ്ങളിലാണത്രേ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ ആകെ അഞ്ചുഗാനങ്ങളാണുള്ളത്. എല്ലാ ഗാനങ്ങളുടെയും സംഗീതസംവിധാനം നിര്‍വ്വഹിച്ചത് യുവ സംഗീതസംവിധായകനായ ജിവി പ്രകാശ് കുമാറാണ്. ഇതില്‍ മൂന്നുഗാനങ്ങള്‍ ഇതിനകം ചിത്രീകരിച്ചുകഴിഞ്ഞു.
സാരിരേ സരേ സരേ......പോക്കിരി രാജാ..രാജാ..... പൊല്ലാത്തവന്‍ നീതാ നീതാന്‍ എന്നു തുടങ്ങുന്ന ദലേര്‍ മെഹന്ദി, സാധന സര്‍ഹം, ചിത്ര എന്നിവര്‍ ചേര്‍ന്നുപാടുന്ന ഗാനരംഗത്താണത്രേ രജനി 20 ഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.
രജനിയുടെ ഇഷ്ടഗാനരചയിതാക്കളില് ഒരാളായ വള്ളിയാണ് ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രജനി മുമ്പ് അഭിനയിച്ച ജനപ്രിയ ചിത്രങ്ങളുടെ പേരുകളാണ് ഈ പാട്ടിന്റെ വരികളില്‍ വരുന്നത്. മുമ്പ് ബാഷയെന്ന ചിത്രത്തിലെ അഴകു...അഴകു.... എന്നുതുടങ്ങുന്ന ഗാനരംഗത്ത് രജനി ഒന്‍പത് വ്യത്യസ്ഥ രീതികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഗാനം അന്ന് വലിയ ഹിറ്റായിത്തീരുകയും ചെയ്‌തിരുന്നു.
നേരത്തേ ചിത്രത്തില്‍ രജനിയ്‌ക്ക് ഒരു അതിഥിതാരത്തിന് സമാനമായ റോളാണുള്ളതെന്നായിരുന്നു സൂചിപ്പിക്കപ്പെട്ടിരുന്നത്. അതായത് കഥപറയുമ്പോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി കൈകാര്യം ചെയ്‌ത റോളിന് സമാനമായ റോള്‍. എന്നാല്‍ രജനിയുടെ താരമൂല്യത്തെ പരമാവധി ഉപയോഗിക്കാനായി വാസു രജനിയുടെ കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യം കൂട്ടുകയും കുചേലന്‍ ഒരു രജനി ചിത്രമാക്കി മാറ്റുകയുമായിരുന്നു.


Click it and Unblock the Notifications