നയന്‍താരക്കു പകരം ജ്യോതിര്‍മയി
നയന്‍താരക്കു പകരം ജ്യോതിര്‍മയി
സിനിമയിലേക്കുള്ള തിരിച്ചുവരവ് ജ്യോതിര്‍മയി ആഘോഷിക്കുകയാണ്. തമിഴില്‍ ഖുശ്ബുവിനെയും നയന്‍താരയെയും പോലുള്ള ഒന്നാം നിര നടിമാര്‍ക്കായി കരുതിവച്ചിരുന്ന കഥാപാത്രങ്ങളാണ് ഇപ്പോള്‍ ജ്യോതിര്‍മയിയെ തേടിയെത്തുന്നത്.
തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കര്‍ത്താവ് ഇ.വി.ആര്‍.പെരിയാറിനെ കുറിച്ചുള്ള ചിത്രത്തില്‍ പെരിയാറിന്റെ ഭാര്യയായി ഖുശ്ബുവിനെയാണ് ആദ്യം പരിഗണിച്ചിരുന്നതെങ്കിലും ആ കഥാപാത്രം പിന്നീട് ജ്യോതിര്‍മയിക്ക് ലഭിച്ചു. ഖുശ്ബു പെരിയാറിന്റെ ഭാര്യ വേഷം ചെയ്യുന്നതിനെതിരെ എതിര്‍പ്പുയര്‍ന്നതാണ് ജ്യോതിര്‍മയിക്ക് അവസരമൊരുക്കിക്കൊടുത്തത്. ഏതായാലും ഖുശ്ബുവിനെ പോലെ ഒരു കാലത്തെ തമിഴ് പ്രേക്ഷകരുടെ ഹരമായിരുന്ന നടിക്കായി കരുതിവച്ച വേഷമാണ് തനിക്ക് ലഭിച്ചതെന്ന കാര്യത്തില്‍ ജ്യോതിര്‍മയിക്ക് അഭിമാനിക്കാം.
ഇതിനു പിന്നാലെയാണ് തമിഴ് സിനിമയിലെ ഹോട്ട് പ്രോപ്പര്‍ട്ടിയും ഒന്നാം നിര താരവുമായ നയന്‍താരയെ നായികയായി പരിഗണിച്ചിരുന്ന സിനിമയില്‍ പകരം ജ്യോതിര്‍മയിയെത്തുന്നത്. വിജയകാന്ത് നായകനാവുന്ന ശബരി എന്ന ചിത്രത്തില്‍ നയന്‍താരയെ നായികാവേഷം ചെയ്യാന്‍ ക്ഷണിച്ചുവെങ്കിലും രാഷ്ട്രീയബന്ധമുള്ള നടന്‍മാരുടെ ചിത്രങ്ങളില്‍ അഭിനയിക്കാനില്ലെന്ന് പറഞ്ഞ് നയന്‍താര ആ ക്ഷണം നിരസിച്ചു. നയന്‍താരക്കു പകരമാര് എന്ന ചോദ്യത്തിന് വിജയകാന്ത് കണ്ടെത്തിയ പേര് ജ്യോതിര്‍മയിയുടേതാണ്.
മലയാളത്തില്‍ നിന്നുള്ള പല നടിമാരും തമിഴില്‍ പല നിബന്ധനകളും വയ്ക്കാറുണ്ടെങ്കിലും ഗ്ലാമര്‍ പ്രദര്‍ശനത്തിനൊന്നും ജ്യോതിര്‍മയി വിലക്ക് കല്പിക്കുന്നില്ല. അതുകൊണ്ടുതന്നെ കിട്ടുന്ന അവസരങ്ങള്‍ മിക്കതും പ്രയോജനപ്പെടുത്താനും ജ്യോതിക്ക് സാധിക്കും.


Click it and Unblock the Notifications