twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷങ്കര്‍ വീണു; പിന്നാലെ വിവാദവും

    By Staff
    |

    ഷങ്കര്‍ വീണു; പിന്നാലെ വിവാദവും

    തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനാണ് തമിഴിലെ ഷങ്കര്‍. തമിഴ് സിനിമയില്‍ ഈ യുവസംവിധായകന് പ്രത്യേകമൊരു സ്ഥാനമുണ്ട്. എടുത്ത ചിത്രങ്ങളെല്ലാം വന്‍വിജയങ്ങള്‍. അതിശയിപ്പിക്കുന്ന സാങ്കേതികപൂര്‍ണതയാണ് ഷങ്കര്‍ ചിത്രങ്ങള്‍ക്ക്. തമിഴ് സംവിധായകരില്‍ ഷങ്കര്‍ വേറിട്ടൊരു സ്ഥാനമുറപ്പിച്ചത് അങ്ങനെയാണ്.

    മുതല്‍വന് ശേഷം നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഷങ്കറിന്റെ പുതിയ ചിത്രമായ ബോയ്സ് പുറത്തിറങ്ങിയത്. ഏറെ അവകാശവാദങ്ങളോടെ കൊട്ടിഘോഷിച്ചെത്തിയ ചിത്രം പക്ഷേ എല്ലാ പ്രതീക്ഷകളെയും തകര്‍ത്തു. ചിത്രം ബോക്സോഫീസില്‍ മൂക്കുംകുത്തി വീണു. അഞ്ച് നായകന്‍മാരും ഒരു നായികയും അണിനിരക്കുന്ന ചിത്രം തമിഴില്‍ പുതിയ തരംഗമുണര്‍ത്തുമെന്ന ഷങ്കറിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇതിന് പിറകെയാണ് ചിത്രം വിവാദച്ചുഴിയില്‍ വീണത്. ചിത്രത്തിനെതിരെ മനുഷ്യാവകാശകമ്മിഷന്‍ വരെ രംഗത്തെത്തിയിരിക്കുന്നു.

    അപ്രതീക്ഷിതമായ പരാജയം ഏറ്റുവാങ്ങിയ ചിത്രത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം യുവജനങ്ങളെ വഴിതെറ്റിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടെന്നാണ്. അശ്ലീലപ്രയോഗങ്ങളും ദ്വയാര്‍ഥ സംഭാഷണങ്ങളും കുത്തിനിറച്ചിരിക്കുകയാണത്രെ ചിത്രത്തില്‍. അധ്യാപകരെ ചിത്രത്തില്‍ അപഹസിച്ചിരിക്കുന്നുവെന്നും ആരോപണമുണ്ട്. സിനിമ കണ്ടാല്‍ യുവജനങ്ങള്‍ വഴിതെറ്റിപോവുമെന്ന് ചില അധ്യാപക സംഘടനകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടത്.

    കമലഹാസന്റെ ചിത്രത്തിനെതിരെ കലാപക്കൊടിയുയര്‍ത്തിയ പുതിയ തമിഴകം എന്ന സംഘടനയും ബോയ്സിനെതിരെ രംഗത്തുണ്ട്. കമലഹാസന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തുകയും ചിത്രീകരണം തുടരണമെങ്കില്‍ ചിത്രത്തിന്റെ പേര് മാറ്റേണ്ട സ്ഥിതിയിലെത്തിക്കുകയും ചെയ്തവരാണ് പുതിയ തമിഴകം പ്രവര്‍ത്തകര്‍. അവരാണ് ബോയ്സിനെതിരെ എത്തിയിരിക്കുന്നത്.

    ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബോയ്സിലെ ചില രംഗങ്ങള്‍ മുറിച്ചുമാറ്റാന്‍ ഷങ്കര്‍ നിര്‍ബന്ധിതനായി. എന്നാല്‍ തമിഴ്നാട്ടിലെ എല്ലാ തിയേറ്ററുകളിലെയും പ്രിന്റുകളില്‍ മുറിച്ചുമാറ്റല്‍ നടത്തിയിട്ടില്ല എന്നാണ് പുതിയ തമിഴകം ആരോപിക്കുന്നത്. തമിഴ്നാടിലെ എല്ലാ തിയേറ്ററുകളിലും ഇതുസംബന്ധിച്ച് പരിശോധന നടത്താന്‍ പുതിയ തമിഴകം ഒരു സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.

    കേരളത്തിലും സൂപ്പര്‍ ഹിറ്റായി ഓടിയവയാണ് ഷങ്കറിന്റെ മുന്‍ചിത്രങ്ങള്‍. എന്നാല്‍ കേരളത്തില്‍ ചിത്രം വിതരണത്തിനെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ ബോക്സോഫീസ് ദുരന്തത്തില്‍ നിന്ന് കരകയറാന്‍ പുതിയ വിവാദമെങ്കിലും സഹായകരമാവുമോ എന്ന് ഉറ്റുനോക്കുകയാണ് ഷങ്കര്‍. ആരും ശ്രദ്ധിക്കാതെ പോവുമായിരുന്ന ചിത്രങ്ങളെ വിവാദങ്ങള്‍ സിനിമാവിപണിയില്‍ കരയറ്റിയ അനുഭവങ്ങളുണ്ടല്ലോ...

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X