പ്രിയനന്ദനന്റെ ചിത്രത്തില്‍ വിക്രം
പ്രിയനന്ദനന്റെ ചിത്രത്തില്‍ വിക്രം
താരമൂല്യത്തില്‍ ഒരു പക്ഷേ ആരേക്കാളും മുന്നിലാണ് വിക്രം തമിഴില്‍ ഇപ്പോള്‍. സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി സൂപ്പര്‍ഹിറ്റാക്കുന്ന ഈ നടന്റെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്ന കാഴ്ചയാണ് തമിഴ് സിനിമാരംഗത്ത്.
സ്ക്രിപ്റ്റ് പരിശോധിച്ചും കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ കണക്കിലെടുത്തും മാത്രം സിനിമകള്‍ തിരഞ്ഞെടുക്കുന്ന വിക്രം മലയാളത്തില്‍ നിന്നൊരു സംവിധായകന് ഡേറ്റ് നല്‍കിയിരിക്കുന്നു. അതും സമാന്തര സിനിമാ വിഭാഗത്തില്‍ പെടുന്ന, ഒരു സിനിമ മാത്രം സംവിധാനം ചെയ്തിട്ടുള്ള പ്രിയനന്ദനന്.
നെയ്ത്തുകാരന്‍ എന്ന ആദ്യചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രിയനന്ദനന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം നായകനായി അഭിനയിക്കാമെന്ന് ഏറ്റിരിക്കുന്നത്. പ്രിയനന്ദനന്‍ മലയാളത്തില്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന ചിത്രമാണ് തമിഴില്‍ വിക്രമിനെ വച്ച് ചെയ്യാന്‍ പോവുന്നത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍ എന്ന നീണ്ടകഥയെ ആസ്പദമാക്കിയുള്ളതാണ് പ്രിയനന്ദനന്‍ ഈ ചിത്രം. മലയാളത്തില്‍ ചെയ്യാനുദ്ദേശിച്ച ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കാമെന്നേറ്റിരുന്നതാണെങ്കിലും അദ്ദേഹം പിന്നീട് പിന്‍മാറി. തുടര്‍ന്നാണ് ചിത്രം തമിഴില്‍ ചെയ്യാന്‍ പ്രിയനന്ദനന്‍ ഒരുങ്ങുന്നത്. വിക്രം തന്നെയായിരിക്കും ചിത്രം നിര്‍മിക്കുന്നത്.
പിതാമഹന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് നേടിയ വിക്രമിന് വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് താത്പര്യം. തമിഴ് സംവിധായകരുടെ നീണ്ട ക്യൂവിനെ അവഗണിച്ച് പ്രിയനന്ദനന്റെ ചിത്രത്തിന് ഡേറ്റ് കൊടുക്കാനും അത് നിര്‍മിക്കാനും വിക്രം തയ്യാറായതും വ്യത്യസ്തത അന്വേഷിക്കുന്ന ഈ നടനെ കൂടുതല്‍ വ്യത്യസ്തനാക്കുന്നു.


Click it and Unblock the Notifications