കമല്‍ ചിത്രത്തില്‍ അസിനും വിദ്യയും
കമല്‍ ചിത്രത്തില്‍ അസിനും വിദ്യയും
തമിഴില്‍ മലയാളി നായികമാരുടെ ആധിപത്യത്തിന്റെ കാലമാണ് ഇപ്പോള്‍. കമലഹാസന്‍ നായകനാവുന്ന ദശാവതാരം എന്ന ചിത്രത്തില്‍ രണ്ട് മലയാളി താരങ്ങളാണ് നായികമാരാകുന്നത്.
കമലഹാസന്‍ പത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്ന സവിശേഷതയാല്‍ ഇതിനകം വാര്‍ത്താപ്രാധാന്യം നേടിയ ചിത്രത്തില്‍ മലയാളികളായ അസിനും വിദ്യാബാലനുമാണ് നായികമാരാകുന്നത്. മലയാള സിനിമയില്‍ തിരസ്കരിക്കപ്പെട്ട നടികളായ ഇരുവരും കമലിനൊപ്പം അഭിനയിക്കുന്നത് ആദ്യമായാണ്.
കമലഹാസന്‍ പത്ത് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ പത്ത് നായികമാരുമുണ്ട്. ഇവരില്‍ രണ്ട് നായികാകഥാപാത്രങ്ങളെയാണ് വിദ്യാബാലനും അസിനും അവതരിപ്പിക്കുന്നത്.
കെ.എസ്.രവികുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ വിദ്യാബാലന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. പരിണിത എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപ്പറ്റിയ വിദ്യാബാലന് കൈയില്‍ ഇപ്പോള്‍ ഒരു പിടി ഹിന്ദിചിത്രങ്ങളാണുള്ളത്. ഹിന്ദിയിലെ തിരക്കിനിടയിലാണ് തമിഴില്‍ കമലഹാസന്റെ നായികയാവാന്‍ വിദ്യയെത്തുന്നത്.
നേരത്തെ റണ്‍ എന്ന തമിഴ് ചിത്രത്തില്‍ നായികയാവാന്‍ വിദ്യയെ പരിഗണിച്ചിരുന്നു. അന്ന് വിദ്യക്ക് നഷ്ടപ്പെട്ട അവസരം മീരാ ജാസ്മിന് തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ വഴിയൊരുക്കി. ഇപ്പോള്‍ ബോളിവുഡ് തിളക്കവുമായി കൂടുതല്‍ മികച്ച അരങ്ങേറ്റത്തിനായി വിദ്യ തമിഴിലെത്തുകയാണ്.
നേരത്തെ തെന്നാലി എന്ന ചിത്രത്തില്‍ കമലഹാസനൊപ്പം അഭിനയിച്ച ജയറാമും ദശാവതാരത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications