സിമ്രാന്‍ രജനിയുടെ നായിക
സിമ്രാന്‍ രജനിയുടെ നായിക
വിവാഹത്തിന് ശേഷം സിനിമാഭിനയം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സിമ്രാന്‍ രജനീകാന്തിന്റെ നായികയായി ഒരു തിരിച്ചുവരവ് നടത്തുന്നു. ബാബക്കു ശേഷം രജനീകാന്ത് നായകനാവുന്ന ചന്ദ്രമുഖി എന്ന ചിത്രത്തിലാണ് സിമ്രാന്‍ നായികയാവുന്നത്.
രജനി ചിത്രത്തിനായി സിമ്രാന്‍ കോള്‍ഷീറ്റ് ഒപ്പിട്ടുവെന്നാണ് അറിയുന്നത്. മുംബൈയില്‍ നിന്നും സിമ്രാന്‍ ചെന്നൈയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്നും വിട്ടുനിന്ന സിമ്രാന്‍ രജനി ചിത്രത്തിലൂടെ ഗംഭീരമായ തിരിച്ചുവരവിനാണ് ഒരുങ്ങുന്നത്.
ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. രണ്ടാമത്തെ നായികയായി അഭിനയിക്കാനുള്ള നടിയെ ബോളിവുഡിലാണ് തേടുന്നത്. നായികമാരിലൊരാളായി ഐശ്വര്യാറായിയെ പരിഗണിച്ചിരുന്നുവെങ്കിലും ചിത്രത്തില്‍ അഭിനയിക്കുന്നതിന് അവര്‍ സമ്മതം മൂളിയതായി റിപ്പോര്‍ട്ടൊന്നുമില്ല. ചിത്രത്തിലെ രണ്ടാമത്തെ നായിക ആരാണെന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ലെന്നാണ് അറിയുന്നത്.
സൂപ്പര്‍ഹിറ്റ് മലയാളച്ചിത്രമായ മണിച്ചിത്രത്താഴിന്റെ റീമേക്കാണ് പി. വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി. മണിച്ചിത്രത്താഴില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായാണ് രജനീകാന്ത് ചന്ദ്രമുഖിയില്‍ അഭിനയിക്കുന്നത്. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കായ അപ്തമിത്ര സൂപ്പര്‍ഹിറ്റായിരുന്നു. മലയാളത്തില്‍ സുരേഷ്ഗോപി അവതരിപ്പിച്ച കഥാപാത്രമായി വേഷമിടുന്നത് പ്രഭുവാണ്.
ശിവാജി ഗണേശന്‍ കുടുംബത്തിന്റെ ശിവാജി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. തന്റെ ചിത്രങ്ങള്‍ സ്വയം നിര്‍മിക്കുന്ന പതിവ് തെറ്റിച്ചാണ് രജനി ശിവാജ് പ്രൊഡക്ഷന്‍സിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications