തെനാലി സോമനും ഡോക്ടര്‍ കൈലാസും
തെനാലി സോമനും ഡോക്ടര്‍ കൈലാസും
ശ്രീലങ്കന്‍ യുദ്ധത്തിന്റെ ഭീകരത മുഴുവന്‍ നെഞ്ചിലേറ്റു വാങ്ങിയവനാണ് തെനാലി സോമന്‍. യുദ്ധത്തിന്റെ ഭീകരതയുടെ മറവില്‍ തന്റെ അമ്മയെ കുറെ ആഭാസന്മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുന്നതും അച്ഛനെ കലാപകാരികള്‍ കൊല ചെയ്യുന്നതും കണ്ടു നിന്ന തെനാലിയുടെ മനോനില തെറ്റി.
മനോരോഗിയായ തെനാലിയെയും കൊണ്ട് ബന്ധുക്കള്‍ ചികിത്സക്കായി എത്തിയത് ഇന്ത്യയിലാണ്. പ്രശസ്തനായ മനോരോഗ വിദഗ്ധനെ തന്നെ കാണിക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് തെനാലിയുടെ രോഗം ചികിത്സിച്ചു മാറ്റാനാവില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം മറ്റൊരു വിദഗ്ധ ഡോക്ടറുടെ അടുത്തേക്ക് തെനാലിയെ അയച്ചു.
അങ്ങനെയാണ് തെനാലി ഡോക്ടര്‍ കൈലാസിന്റെ അടുത്തെത്തുന്നത്. മനോരോഗത്തിന്റെ ഏതു മേഖലകളിലേക്കും ഇറങ്ങിച്ചെന്ന് രോഗിയെ മുക്തനാക്കുന്നതില്‍ കൈലാസ് വിദഗ്ധനാണ്. രോഗികളെ കുടുംബാംഗങ്ങളെപ്പോലെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന കൈലാസിന്റെ കുടുംബത്തില്‍ തെനാലി ഒരംഗമായതില്‍ ആര്‍ക്കും അത്ഭുതമുണ്ടായില്ല.
ഒരിക്കല്‍ ഒരു വിനോദ യാത്രയ്ക്കിടയില്‍ തെനാലി ഡോക്ടര്‍ കൈലാസിന്റെ സഹോദരിയെ ചില അക്രമികളില്‍ നിന്നും യാദൃച്ഛികമായി രക്ഷിക്കുന്നു. ചുണ്ടെലിയെക്കണ്ട് വിറച്ച തെനാലി ഗുണ്ടകളുടെ മേലേക്ക് വീണപ്പോഴാണ് കൈലാസിന്റെ സഹോദരി രക്ഷിക്കപ്പെട്ടത്. ഇതോടെ തെനാലി അവളുടെ മനസ്സിലെ വീരനായകനായി.
സഹോദരിയും തെനാലിയും തമ്മിലുള്ള ബന്ധം അറിഞ്ഞ ഡോക്ടര്‍ ആകെ വിവശനായി. ഇവരെ തമ്മില്‍ പിണക്കണമെന്നുറച്ച അദ്ദേഹം ഒരുപാട് തന്ത്രങ്ങള്‍ ഇറക്കി. എല്ലാ തന്ത്രങ്ങളും ബുമറാങ് പോലെ തന്നിലേക്കു തന്നെ വന്നുപതിക്കുന്ന അവസ്ഥയാണ് പിന്നീട് ഡോക്ടര്‍ക്കുണ്ടായത്.
ഹാസ്യവും സെന്റിമെന്റ്സും എല്ലാം ചേര്‍ത്ത് കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തെനാലിയിലെ തെനാലി സോമന്‍ കമലഹാസനാണ്. ഡോക്ടര്‍ കൈലാസ് ജയറാമും. ഡോക്ടറുടെ സഹോദരിയായി എത്തുന്നത് തമിഴ് രംഗത്തെ പുതിയ താരോദയം ജ്യോതികയാണ്. ഡോക്ടറുടെ ഭാര്യയായി ദേവയാനിയും വേഷമിടുന്നു. മീന ചിത്രത്തില്‍ മീനയായിത്തന്നെ വരുന്നു. എ.ആര്‍. റഹ്മാന്റേതാണ് സംഗീതം.
തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായ ജ്യോതിക ഈ ചിത്രത്തില്‍ പ്രതിഫലം കുറച്ചു വാങ്ങിയാണ് അഭിനയിച്ചിട്ടുള്ളത്. കമലിനോടൊപ്പം അഭിനയിക്കാന്‍ കിട്ടിയ അവസരമായതിനാലാണ് ഇത് എന്ന് ജ്യോതിക തന്നെ പറയുന്നു. യുവാക്കളെ രസിപ്പിക്കാന്‍ ഒട്ടേറെ ചേരുവകളുള്ള ഈ ചിത്രത്തില്‍ ജ്യോതികയും കമലും തമ്മിലുള്ള ചുംബനരംഗവുമുണ്ട്.


Click it and Unblock the Notifications