കമലഹാസന്‍ ചിത്രം മുംബൈ എക്സ്പ്രസ്
കമലഹാസന്‍ ചിത്രം മുംബൈ എക്സ്പ്രസ്
വസൂല്‍രാജ എംബിബിഎസിനു ശേഷം കമലഹാസന്‍ നായകനാവുന്ന പുതിയ ചിത്രമാണ് മുംബൈ എക്സ്പ്രസ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പത്ത് ദിവസത്തിനുള്ളില്‍ തുടങ്ങും.
തന്റെ 51-ാം പിറന്നാള്‍ ആഘോഷവേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമലഹാസന്‍ പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ശിങ്കിതം ശ്രീനിവാസറാവു സംവിധാനം ചെയ്യുന്ന ചിത്രം തമിഴിനൊപ്പം ഹിന്ദിയിലും ഒരുക്കുന്നുണ്ട്.
വസൂല്‍രാജ എംബിബിഎസ് പോലെ ഒരു മുഴുനീള വിനോദചിത്രമെന്ന നിലയിലാണ് മുംബൈ എക്സ്പ്രസ് ഒരുക്കുന്നത്. തമിഴ് ചിത്രത്തില്‍ കമലിനോടൊപ്പം നാസര്‍, പശുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിന്ദിയില്‍ ഓംപുരി, മഹേഷ് മഞ്ജരേക്കര്‍, സൗരഭ് ശുക്ല എന്നിവരും അഭിനയിക്കും. അവിനാഷി എന്നാണ് ചിത്രത്തില്‍ കമലഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. അടുത്ത ചിത്രത്തില്‍ നായികയാവുന്നതിനായി കമല്‍ മാധുരീ ദീക്ഷിത്, ശ്രീദേവി, തബു എന്നീ നടിമാരെ സമീപിച്ചിരുന്നെങ്കിലും ഇവരാരും അഭിനയിക്കാന്‍ തയ്യാറായില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
താന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം അടുത്ത വര്‍ഷമുണ്ടാവുമെന്ന് കമല്‍ പറഞ്ഞു. വിരുമാണ്ടിയാണ് കമല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
കമലിന്റെ കഴിഞ്ഞ ചില ചിത്രങ്ങളുടെ പേരുകള്‍ വിവാദം സൃഷ്ടിച്ചിരുന്നു. ചണ്ഡിയാര്‍ എന്ന പേര് വിവാദമായതിനെ തുടര്‍ന്ന് കമല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പേര് വിരുമാണ്ടി എന്നാക്കിയത്. വസൂല്‍രാജ എംബിബിഎസ് എന്ന പേരും വിവാദമുണ്ടാക്കിയിരുന്നു. മുംബൈ എക്സ്പ്രസ് എന്ന പേര് തമിഴ് ചിത്രങ്ങള്‍ക്ക് തമിഴ് പേരുകള്‍ മതി എന്ന് വാദിക്കുന്ന ചില തമിഴ് രാഷ്ട്രീയ പാര്‍ട്ടികളെ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാവണം ചില ഇംഗ്ലീഷ് വാക്കുകള്‍ വളരെയേറെ പ്രാദേശികമാണെന്നും അതുകൊണ്ടു തന്നെ ഈ പേരില്‍ കുഴപ്പമൊന്നുമില്ലെന്നും കമല്‍ വ്യക്തമാക്കി.


Click it and Unblock the Notifications