തമിഴില്‍ മലയാളത്തിന് പ്രിയം
തമിഴില്‍ മലയാളത്തിന് പ്രിയം
എരിവും പുളിയും മസാലയുമൊക്കെ വേണ്ട വിധം ചേര്‍ത്ത് കച്ചവടം ചെയ്യാനുള്ള സിനിമ ഉണ്ടാക്കുന്നതില്‍ മലയാളത്തേക്കാള്‍ ഏറെ മുന്നിലാണ് തമിഴ്. ഹിറ്റുകളുണ്ടാക്കുന്നതിലും പുതിയ പരീക്ഷണം നടത്തുന്നതിലും തമിഴ് സിനിമ തന്നെ മുന്നില്‍. എന്നാല്‍ കഥ തേടി തമിഴ് സിനിമാ പ്രവര്‍ത്തകര്‍ മലയാളത്തിലേക്കെത്തുന്ന പ്രവണതയാണ് ഇപ്പോള്‍ കാണാനാവുന്നത്.
മലയാളത്തില്‍ വിജയിച്ച, അല്പം ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തമിഴിലും വിജയിപ്പിക്കാമെന്ന് തോന്നുന്ന പ്രമേയങ്ങളൊക്കെ ഇപ്പോള്‍ തമിഴിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയാണ്. പുതുനായകരെ അണിനിരത്തി പുതിയ പരീക്ഷണം നടത്തുന്നതില്‍ തമിഴ് സിനിമയെ നമ്മള്‍ അനുകരിക്കുമ്പോള്‍ വിജയിച്ച കഥകള്‍ മലയാളത്തില്‍ നിന്ന് തമിഴിലെത്തുന്നു.
ഈ വര്‍ഷം സൂപ്പര്‍ഹിറ്റായ മമ്മൂട്ടിയുടെ ക്രോണിക് ബാച്ചിലറിന്റെയും മോഹന്‍ലാലിന്റെ ബാലേട്ടന്റെയും തമിഴ് റീമേക്കിന്റെ ജോലികള്‍ നടന്നുവരികയാണ്. വിജയകാന്താണ് രണ്ട് റീമേക്കുകളിലും നായകനാവുന്നത്.
ജയറാം നായകനായ എന്റെ വീട് അപ്പൂന്റേം ആണ് തമിഴില്‍ റീമേക്ക് ചെയ്യപ്പെടുന്ന മറ്റൊരു ചിത്രം. പാര്‍ഥിപന്‍ ആണ് ഈ ചിത്രത്തില്‍ ജയറാമിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിനയന്റെ ദാദാസാഹിബും തമിഴിലെത്തുകയാണ്. ശരത്കുമാറാണ് ഈ ചിത്രത്തില്‍ നായകനാവുന്നത്. പല മലയാള ചിത്രങ്ങളും തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് മലയാള സംവിധായകര്‍ തന്നെയാണ്. ദാദാസാഹിബിന്റെതമിഴ് റീമേക്ക് ഒരുക്കുന്നത് വിനയന്‍ തന്നെയാണ്. വിനയന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്നീ ചിത്രങ്ങളും വിനയന്‍ തമിഴില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ കാളി എന്ന വിക്രം ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.
സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഫ്രണ്ട്സ്, തെങ്കാശിപ്പട്ടണം, ഈ പറക്കുംതളിക എന്നീ ചിത്രങ്ങള്‍ തമിഴിലേക്ക് റീമേക്ക് ചെയ്തത് മലയാള സംവിധായകര്‍ തന്നെയാണ്. സിദ്ദിക്ക് ഒരുക്കിയ ഫ്രണ്ട്സും താഹ ഒരുക്കിയ ഈ പറക്കുംതളികയുടെ റീമേക്ക് സുന്ദരാ ട്രാവല്‍സും വിജയമായപ്പോള്‍ റാഫി മെക്കാര്‍ട്ടിന്‍ തെങ്കാശിപ്പട്ടണം എന്ന പേരില്‍ തന്നെയൊരുക്കിയ തമിഴ് ചിത്രം വിജയിച്ചില്ല.


Click it and Unblock the Notifications