ശരത്കുമാര്‍ തമിഴിലെ രാജമാണിക്യം
ശരത്കുമാര്‍ തമിഴിലെ രാജമാണിക്യം
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ തൊമ്മനും മക്കളും തമിഴില്‍ റീമേക്ക് ചെയ്തത് വന്‍വിജയമായിരുന്നു. തൊമ്മനും മക്കളും വിക്രം ചിത്രമായി മജ എന്ന പേരിലാണ് തമിഴില്‍ പുറത്തിറങ്ങിയത്. ഇതിനു പിന്നാലെ മമ്മൂട്ടിക്ക് റെക്കോഡ് വിജയം നേടിക്കൊടുത്ത രാജമാണിക്യവും തമിഴില്‍ റീമേക്ക് ചെയ്യുന്നു.
മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് ശരത്കുമാറാണ്. ശരത്കുമാറിന്റെ അടുത്ത ചിത്രം ഇതായിരിക്കും. തമിഴ് പ്രേക്ഷകരെയും ആകര്‍ഷിക്കാനിടയുള്ള കഥയാണ് ചിത്രത്തിന്റേത് എന്നതാണ് റീമേക്കിന് ശരത്കുമാറിനെ പ്രേരിപ്പിച്ചത്.
മലയാളത്തില്‍ നിന്നും റീമേക്ക് ചെയ്യുന്ന ചിത്രത്തില്‍ ഇതാദ്യമായല്ല ശരത്കുമാര്‍ അഭിനയിക്കുന്നത്. നേരത്തെ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ തെങ്കാശിപ്പട്ടണം അതേ പേരില്‍ റാഫി മെക്കാര്‍ട്ടിന്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകനായത് ശരത്കുമാറാണ്. മലയാളത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ച വേഷമാണ് ശരത്തിനു അന്നു ലഭിച്ചതെങ്കില്‍ ഇത്തവണ മമ്മൂട്ടി അവതരിപ്പിച്ച വേഷം.


Click it and Unblock the Notifications











